രാജേഷ് തില്ലങ്കേരി

കേരളത്തിലെ കോൺഗ്രസ് വിപ്ലവപാതയിലാണ്. വിപ്ലവമെന്ന പദം കേട്ട് ആരും ആശങ്കപ്പെടേണ്ട, മാറ്റത്തിന്റെ പാതയെന്നുമാത്രമേ അർത്ഥമുള്ളൂ. അടിമുടിയുള്ള മാറ്റമാണ് വരാൻ പോവുന്നത്. ഒന്നുകിൽ എല്ലാം മാറും, അല്ലെങ്കിൽ ഇതോടെ എല്ലാം തീരും. കെ സുധാകരൻ കെ പി സി സി അധ്യക്ഷനായതോടെ കോൺഗ്രസ് വലിയ പ്രതീക്ഷയിലാണ്. രണ്ടാം തവണയും ഭരണം നഷ്ടപ്പെട്ടതോടെ പലരും കോൺഗ്രസ് അവസാനിക്കുകയാണെന്നുപോലും കരുതിയവരുണ്ട്. 
എന്നാൽ സുധാകരന്റെ വരവ് വലിയ പ്രതീക്ഷയാണ് കോൺഗ്രസിന് നൽകിയിരിക്കുന്നത്.

ഗ്രൂപ്പുമാനേജർ മാരിൽ നിന്നും കോൺഗ്രസിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സുധാകരനത്രേ… അതിനായി ജംബോ കമ്മിറ്റികൾ പിരിച്ചുവിടുകയാണ്. ഗ്രൂപ്പടിസ്ഥാനത്തിൽ വാങ്ങിയെടുത്ത പദവികളെല്ലാം ഇല്ലാതാവും. താഴേത്തട്ടിലടക്കം മാറ്റങ്ങളുണ്ടാവുമെന്നും സുധാകരൻ അർത്ഥശങ്കയ്ക്കിടയില്ലാതെ പ്രവചിച്ചുകഴിഞ്ഞിരിക്കയാണ്.
 

ഇനി പൗഡറുമിട്ട് വൈകുന്നേരങ്ങളിൽ ചാനൽ ചർച്ചയിൽ പങ്കെടുത്ത് നേതാക്കളായി വാഴുക എളുപ്പമല്ലത്രേ, കാരണം കെ പി സി സി യാണ് ആരായിരിക്കണം ചാനൽ ചർച്ചയിൽ  പങ്കെടുക്കേണ്ടതെന്ന് തീരുമാനിക്കുക. വായിൽ തോന്നിയത് വിളിച്ചു പറയാനും പറ്റില്ല. നിലവിൽ സി പി എം എങ്ങിനെയാണോ ചാനൽ ചർച്ചയ്ക്ക് ആളുകളെ നിയോഗിക്കുന്നത് , അതേ രീതിയിലായിരിക്കും കാര്യങ്ങൾ. ഒരു മിനി ഏ കെ ജി സെന്റർ മോഡൽ നടപ്പാക്കുകയാണ് സുധാകരന്റെ ലക്ഷ്യം.

പാർട്ടി സ്‌കൂൾ ആണ് മറ്റൊരു പരിഷ്‌ക്കാരം. സ്ഥാനാർത്ഥിത്വം കിട്ടിയില്ലെങ്കിൽ കരയുന്നതും, ബി ജെ പിയിലേക്കും, സി പി എമ്മിലേക്കുമൊക്കെ പോവുന്നതും,  തലമൊട്ടയടിച്ച് വിമത സ്ഥാനാർത്ഥിയായി അവതരിക്കുന്നതുമെല്ലാം ഗാന്ധിയൻ തോട്ട്‌സ് വ്യക്തമായി പഠിക്കാത്തതിനാലാണ് എന്നും, നെഹ്രുവിന്റെ സോഷ്യലിസവും, ഇന്ദിരാഗാന്ധിയുടെ രാജ്യത്തിനോടുള്ള അർപ്പണവും വ്യക്തമാവാത്തതിനാലാണെന്നും സുധാകരന് വ്യക്തമായി അറിയാം. അതാണ് പാർട്ടി സ്‌കൂൾ എന്ന ആശയത്തിലേക്ക് എത്തിച്ചത്. പുതുതലമുറ മാത്രമല്ല, ചില പഴയതലമുറയനേതാക്കളും പാർട്ടി വിദ്യാഭ്യാസം തീരെയില്ലാത്ത പരിശകളാണെന്ന് സുധാകരന് മാത്രമല്ല, ചെന്നിത്തലയ്ക്ക് പോലും നിശ്ചയമുണ്ട്.

തോന്നിയതുപോലുള്ള പാർട്ടി പ്രവർത്തനം ഇനി നടക്കില്ലെന്നാണ് പുതിയ രീതികളിലൂടെ വ്യക്തമാക്കുന്നത്. അച്ചടക്കം ലംഘിച്ചുകൊണ്ട് പാർട്ടിയിൽ നിൽക്കാനാവില്ല. അച്ചടക്കമുള്ളവർക്കു മാത്രമേ കോൺഗ്രസിൽ സ്ഥാനമുണ്ടാവൂ…. കോൺഗ്രസിൽ വരുത്താനിരിക്കുന്ന പരിഷ്‌ക്കാരങ്ങൾ നടപ്പായാൽ അത് വലിയ മാറ്റങ്ങൾക്കുള്ള തുടക്കമായിരിക്കും. എന്തായാലും കേരളത്തിലെ പരീക്ഷണം വിജയിച്ചാൽ രാജ്യത്താകമാനം നടപ്പാക്കാവുന്ന പരിഷ്‌ക്കാരമാണ് കെ സുധാകരൻ പ്രഖ്യാപിച്ചിരിക്കുന്നത്. അടിത്തറ നഷ്ടപ്പെട്ട കോൺഗ്രസിന് അടിത്തറയുണ്ടാക്കാനുള്ള പദ്ധതിയാണ് കെ സുധാകരൻ പ്രഖ്യാപിച്ചിരിക്കുന്നത്. മമ്പറം ദിവാകരൻ മുതലുള്ള നേതാക്കൾ ജാഗ്രതൈ….


കറൻസി പൂജിക്കുന്ന കെ സുരേന്ദ്രൻ


ബി ജെ പി സംസ്ഥാന അധ്യക്ഷൻ പെട്ടിരിക്കുന്നത് വലിയ പൊല്ലാപ്പിലാണ്. ആദിവാസി-ദലിത് നേതാവായ സി കെ ജാനുവിന് മുന്നണിയിലേക്ക് വരാനായി കോഴ കൊടുത്തുവെന്നതാണ് സുരേന്ദ്രനെ വെട്ടിലാക്കിയിരിക്കുന്നത്. മഞ്ചേശ്വരത്ത് ഒരു സ്ഥാനാർത്ഥിയെ പത്രിക പിൻവലിപ്പിക്കാൻ കോഴകൊടുത്തത് വിവാദമായി തുടരവേയാണ് പ്രസീദ അഴീക്കോട് ചില വെളിപ്പെടുത്തലുകൾ നടത്തിയത്. അന്ന് 10 ലക്ഷം രൂപ തിരുവനന്തപുരത്തുവച്ച് നൽകിയെന്നായിരുന്നു ആരോപണം. എന്നാലിതാ ബത്തേരിയിൽ വച്ച് പൂജാ ദ്രവ്യങ്ങൾക്കൊപ്പം 25 ലക്ഷം വേറെ നൽകിയെന്ന വെളിപ്പെടുത്തലുമായി പ്രസീദ അഴീക്കോട് വീണ്ടും രംഗത്തെത്തിയിരിക്കയാണ്.
 

സുരേന്ദ്രൻ പതിവുപോലെ ആരോപണങ്ങൾ നിഷേധിച്ചുകഴിഞ്ഞു. എന്നാൽ ശബ്ദരേഖ തന്റേതല്ല എന്നൊന്നും സുരേന്ദ്രൻ പറഞ്ഞിട്ടില്ല.

കൊടകര കുഴൽപണകേസിൽ കെ സുരേന്ദ്രനുമേൽ ആരോപണം ഉണ്ടായതോടെയാണ് സുന്ദര കേസും, സി കെ ജാനു കോഴക്കേസും ഉടലെടുത്തത്. കൊടകര കേസന്വേഷണം എവിടെയുമെത്താതെ ശ്രദ്ധിക്കുകയാണ് ബി ജെ പി. എവിടെയെങ്കിലും പണമിടപാട് എന്ന വാർത്ത കേട്ടാൽ ചാടിയിറങ്ങുന്ന ഇ ഡി കൊടകരയിൽ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ്. 
 
പരാതിക്കാരന് എന്തെങ്കിലും രേഖകൾ ഉണ്ടാക്കാൻ പറ്റിയാലോ എന്ന ആലോചനയിലാണത്രേ, ഇ ഡി. മാത്രവുമല്ല, ഇന്ത്യയെ വഞ്ചിച്ച വിജയ് മല്യ, ചോക്‌സി, നീരവ് മോദി തുടങ്ങിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന തിരക്കിലായിരുന്ന ഇ ഡിയെ വെറും മൂന്നര കോടിയുടെ കുഴൽ പണകേസിൽ ബുദ്ധിമുട്ടിക്കുന്നത് ഒട്ടും ശരിയല്ലെന്ന് ആർക്കാണ് അറിയാത്തത്. 
 
രണ്ട് ലക്ഷത്തിൽ കൂടുതൽ കറൻസി കൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നത് നിയമപ്രകാരം തെറ്റാണെന്നിരിക്കേ, ഡിജിറ്റൽ ഇന്ത്യയുടെ വക്താവായ മോദി ശിഷ്യൻ കെ സുരേന്ദ്രന്റെ ഈ കറൻസി ഇടപാട് എന്തുകൊണ്ടാണ് രാജ്യവിരുദ്ധമാവാത്തതെന്ന് ? ബി ജെ പിയായതിനാൽ രാജ്യദ്രോഹി ആവില്ലല്ലോ…. ബി ജെ പി വലിയ രാജ്യസ്‌നേഹികളാണല്ലോ…ക്ഷേത്രങ്ങളിൽ പൂജിച്ച കറൻസി എത്രവേണമെങ്കിലും കൈമാറാമെന്ന നിയമവും ചിലപ്പോൾ കേന്ദ്രം പാസാക്കിയെന്നും വരും.

സ്ത്രീധന പീഢനം, പെൺകുട്ടികളുടെ മരണം: കണ്ണീരുണങ്ങാത്ത കേരളം

സ്ത്രീധനത്തിന്റെയും സ്വർണത്തിന്റേയും പേരിൽ കേരളത്തിൽ എത്രയെത്ര പെൺകുട്ടികളുടെ ജീവിതമാണ് പൊലിയുന്നത്.
വിസ്മയ, ഉത്തര, പ്രിയങ്ക, തുഷാര….സ്ത്രീധനത്തിന്റെ പേരിൽ കേരളത്തിൽ കുരുതികൊടുക്കപ്പെട്ട പെൺകുട്ടികളുടെ പേരുകൾ ഇതിങ്ങനെ നീളുകയാണ്.

കേരളീയരെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു ഉത്തരയെന്ന പെൺകുട്ടിയെ പാമ്പിനെ ഉപയോഗിച്ച് അപായപ്പെടുത്തിയത്. ഇനിയൊരു പെൺകുട്ടിക്കും ഇത്തരത്തിലൊരു ദാരുണാന്ത്യമുണ്ടാവില്ലന്ന് കരുതിയതാണ്, എന്നാലിതാ ഒന്നിലേറെ പെൺകുട്ടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ വിവിധയിടങ്ങളിലായി ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞത്.
 

സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നതിന്റെ ഉത്തരവാദികൾ നിലനിൽക്കുന്ന വ്യവസ്ഥിതിയാണ്. ജെന്റർ ഇക്വാളിറ്റിയെകുറിച്ചൊക്കെ വാതോരാതെ സംസാരിക്കുന്നവരുടെ എണ്ണം ഏറെയുള്ള സംസ്ഥാനമാണ് കേരളം. പുരോഗമന പ്രസ്ഥാനങ്ങൾ നാടുഴുന്നിടവുമാണിത്. എന്നിട്ടും സ്ത്രീധനം എന്ന ആചാരത്തിന് ഒരു മാറ്റവുമില്ല. അഭ്യസ്ഥവിദ്യരായ ജനതയാണ് ഇതിനൊക്കെ കൂട്ടുനിൽക്കുന്നത്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകി, അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കുന്നതിന് പകരം പണം നൽകി വിവാഹം ചെയ്തുവിടുകയാണ് രക്ഷിതാക്കൾ ചെയ്യുന്നത്.

ആധുനിക സമൂഹത്തിന് നാണക്കേടാണ് ഈ മരണങ്ങൾ. ഒട്ടേറെ സാമൂഹ്യ, യുവജന പുരോഗമന പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്ന നമ്മുടെ നാട്ടിൽ സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികളുടെ ജീവൻ ഹോമിക്കപ്പെടുന്നത് അപമാനകരമാണ്.


മരം വെട്ട് കേസിൽ ഉപ്പു തിന്നവരെ കിട്ടിയോ സാർ , കുറച്ചു വെള്ളം കൊടുക്കാനായിരുന്നു

പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങൾ വെട്ടിയ കേസ് ഓരോ ദിവസവും മാറിക്കൊണ്ടിരിക്കയാണ്. ഏറ്റവും ഒടുവിലായി വരുന്ന വാർത്ത വനം മന്ത്രിയുടെ ഓഫീസിൽ നിന്നും ചില ഉന്നതർ കേസിലെ പ്രതികളുമായി നടന്നെന്നു പറയുന്ന ഫോൺ വിളികളാണ്. ചില ഉദ്യോഗസ്ഥരെ മാറ്റാനായിരുന്നുവേ്രത ഈ ഇടപെടൽ.
 


മുട്ടൽ മരം മുറി കേസിൽ ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചു പറയുന്നത്. വനം വകുപ്പിന് ഒരു തെറ്റും ഉണ്ടായിട്ടില്ലെന്ന് വനം മന്ത്രിയും മുൻ വനം മന്ത്രിയും പറഞ്ഞിരിക്കുന്നു. റവന്യൂ വകുപ്പിനെയാണ് വനം വകുപ്പ് പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത്. 
 
കർഷകരെ സംരക്ഷിക്കാൻ പട്ടയ ഭൂമിയിൽ നിന്നും ഈട്ടിയടക്കമുള്ള സംരക്ഷിത മരങ്ങൾ വെട്ടിമാറ്റാനായി ഉത്തരവിറക്കിയത് ആരാണെന്ന് വ്യക്തമായ ഉത്തരം ആരും നൽകുന്നില്ല. മുഖ്യമന്ത്രി ഇടയ്ക്കിടെ, ചോദ്യങ്ങളുയരുമ്പോൾ ആവർത്തിക്കുന്ന ചൊല്ലാണ് ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്ന്, ആരെങ്കിലും മാധ്യമങ്ങളെ വെട്ടിച്ച് വെള്ളം കുടിച്ചു തുടങ്ങിയോ എന്നും പൊതുജനത്തിന് സംശയമുണ്ട്. ഉപ്പുതിന്നുകയും വെള്ളം കുടിക്കുകയും ചെയ്യുന്നത് സ്ഥിരം പ്രോഗ്രാമായി ഏതെങ്കിലും ടെലിവിഷൻ ചാനലിലൂടെ കാണിക്കാവുന്നതുമാണ്.

ബ്രണ്ണൻ പൂരത്തിന് തിരശീലവീണു

മുഖ്യമന്ത്രിയും പുതിയ കെ പി സി സി അധ്യക്ഷനും സംയുക്തമായി ആരംഭിച്ച ബ്രണ്ണൻ പൂരം പ്രതീക്ഷിച്ച ദിവസങ്ങളിലേക്ക് കടക്കാതെ പെട്ടെന്ന് അവസാനിപ്പിക്കേണ്ടിവന്നു. പൂരച്ചടങ്ങുകളെല്ലാം പെട്ടെന്ന് തീർത്താണ് പരിപാടിക്ക് അപ്രതീക്ഷിത അവസാനം കുറിച്ചത്.

പഴയകാല ക്യാമ്പസ് കഥകൾ നിരത്തി, വീരന്മാരായി മാറിയ കണ്ണൂർ പുലികൾ, സ്വയം അപഹാസ്യരാവുന്നു എന്നു കണ്ടാണ് വിവാദങ്ങൾ അവസാനിപ്പിച്ചത്. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ കുഴിച്ച കുഴിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണു എന്നും, അതല്ല കെ സുധാകരനാണ് നിലംപൊത്തിയതെന്നുമുള്ള വാദങ്ങൾ ഉയരുന്നതിനിടെയാണ് വെടിനിർത്തൽ പ്രഖ്യാപനുമുണ്ടായത്.
 

നാൽപ്പാടി വാസുവധം, സേവറി നാണുവധം തുടങ്ങിയ കേസുകൾ കുത്തിപ്പൊക്കാനുള്ള നീക്കങ്ങൾ ഒരു ഭാഗത്തുനിന്നും ആരംഭിച്ചു. മുഖ്യമന്ത്രിയുടെ മക്കളെ തട്ടികൊണ്ടുപോവാൻ നീക്കം നടത്തിയെന്ന കേസും വിവാദമായി. ഗൂഡാലോചന നടത്തിയെന്ന വിവരം കൈമാറിയ രാഷ്ട്രീയ നേതാവിന്റെ പേര് വെളിപ്പെടുത്താൻ ആവശ്യമുയർന്നു. മന്ത്രിപണി അവസാനിച്ചതോടെ തൊഴിൽ രഹിതനായ എ കെ ബാലൻ ബ്രണ്ണൻ വിവാദം ഏറ്റെടുത്തു. എന്നാൽ അപകടം മനസിലാക്കിയ മുഖ്യമന്ത്രി വിവാദം അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെ ചെറുപൂരങ്ങളുമായി വന്ന കമ്മിറ്റിക്കാരെല്ലാം ഏറെ നിരാശരായി.


കണ്ണൂരിലെ പോരാളികൾ ഇനിയും ഏറ്റുമുട്ടും. കാത്തിരിക്കാമെന്ന പ്രതീക്ഷയിൽ മാധ്യമങ്ങളും വിവാദം അവസാനിപ്പിക്കുകയാണ്. ആർക്കും ഗുണമില്ലാത്ത വിവാദമെന്നായിരുന്നു ബ്രണ്ണൻ വിവാദത്തെകുറിച്ച് ബുദ്ധിജീവികൾ പറഞ്ഞത്. എന്നാൽ ആർക്കും ഗുണമില്ലാത്തത് എന്നുപറയുന്നത് ശരിയല്ല,  ബ്രണ്ണൻ വിവാദം സുധാകരന് ഗുണകരമായി. കോൺഗ്രസുകാരെല്ലാം ആവേശത്തിലായി. മുഖ്യമന്ത്രി ഉൾപ്പെട്ട ചില കൊലകേസുകൾ പൊതുജനത്തിനു മുന്നിൽ അവതരിപ്പിക്കാനായി എന്ന ആശ്വാസത്തിലാണ് കോൺഗ്രസ്. ഗ്രൂപ്പുരഹിത കോൺഗ്രസിനു വേണ്ടിയുള്ള പോരാട്ടത്തിൽ കെ സുധാകരന് ശക്തി പകരുന്നതായി ബ്രണ്ണൻ വിവാദം പരിണമിച്ചു.

വാൽകഷണം :

കേരളത്തിൽ സ്വർണകടത്തുകാരും ഗുണ്ടകളും അഴിഞ്ഞാടുകയാണ്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കള്ളക്കടത്ത് മാഫിയ ശക്തിപ്രാപിച്ചിട്ടും സംസ്ഥാനത്തെ ഇന്റലിജൻസ് മൗനത്തിലാണ്. കോഴിക്കോട് രാമനാട്ട് വാഹനാപകടത്തിൽ 5 പേർ മരിച്ചതോടെയാണ് മാഫിയയെകുറിച്ച് പൊലീസ് അറിയുന്നത്.
സ്വർണമൊഴുകുന്ന കിനാശ്ശേരിയാണ് കേരളം സ്വപ്‌നം കാണുന്നത്.
 
 

LEAVE A REPLY

Please enter your comment!
Please enter your name here