രാജേഷ് തില്ലങ്കേരി

ബ്രണ്ണൻ കലാപത്തിന് ശേഷം സി പി എമ്മിന്  ശനിദശയാണെന്നാണ് ചിലരുടെ അടക്കം പറച്ചിൽ. വെറും ശനിയല്ലെന്ന്, കണ്ഠകശനിയാണത്രേ…. കണ്ഠകശനി കൊണ്ടേ പോവൂ എന്നൊരു വിശ്വാസവും നാട്ടിലുണ്ട്.

രാഷ്ട്രീയ എതിരാളികളെ ഉൻമൂലനം ചെയ്യുകയെന്ന ജോലിയായിരുന്നു കണ്ണൂരിലെ പാർട്ടി ഗുണ്ടകൾക്കുണ്ടായിരുന്നത്. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ്ചാലോട് സ്വദേശി ഷുഹൈബിന്റെ കൊലയോടെ സി പി എം പരിപാടി അവസാനിപ്പിച്ചു. പിന്നീട് കണ്ണൂരിൽ ഒരു രാഷ്ട്രീയ കൊല നടക്കുന്നത് 2021 ഏപ്രിൽ 6 നാണ്.  ഏതാണ്ട് രണ്ടര വർഷമായി കൊലപാതങ്ങളൊന്നുമില്ലാതെ വലിയ ടെൻഷനിലായിരുന്നു ക്രിമനൽ സംഘം. ഇടയ്ക്കിടെ ബോംബുണ്ടാക്കുക, അത് പൊട്ടിക്കുക, ഭീകരാന്തരീക്ഷം സൃഷ്ടിക്കുക…. ഇതിലൂടെ രാഷ്ട്രീയ പ്രതിയോഗികളെ ഭയപ്പെടുത്തി നിർത്തുക.

ഇതാണ് കണ്ണൂരിലെ പാർട്ടി ലൈൻ. എന്നാൽ പാർട്ടി കൊലപാതക രാഷ്ട്രീയത്തിന് ഇടവേള നൽൽകിയതോടെ  ആയുധങ്ങൾ ചോരകണ്ടിട്ട് കാലം കുറേയായി. ഫെയിസ് ബുക്കിൽ ഗുണ്ടായിസമുണ്ട്, പക്ഷേ,  അത് നേരിട്ടുള്ള പരിപാടിയല്ലല്ലോ. ഗുണ്ടകൾക്ക് എന്നും ചോരകാണണം, ചോരയുടെ മണമാണ് ഒരു ഗുണ്ടയെ ഗുണ്ടയായി നിലനിർത്താൻ പ്രേരിപ്പിക്കുന്ന ഘടകം. സൈബർ ഗുണ്ടായിസം ആർക്കും ചെയ്യാവുന്നതാണ്, ആയുധമെടുത്ത പോരാളിക്ക് അത് എന്നും കൊണ്ടുനടക്കാൻ പറ്റില്ലല്ലോ. പാർട്ടി ഗുണ്ടകൾ പിന്നീട് പ്രൊഷണൽ ഗുണ്ടകളായി മാറുന്നതും, ക്വട്ടേഷൻ സംഘമായി മാറുന്നതും പുതിയ സംഭവമല്ല.



കണ്ണൂരിലെ ക്വട്ടേഷൻ സംഘം, വടകരയിലെ ബലാൽസംഗം, വനിതാക്കമ്മീഷന്റെ രാജി ഇങ്ങനെ പോവുന്നു ആ പട്ടിക. പാർട്ടി പറഞ്ഞാൽ തല്ലും, കൊല്ലും…ചങ്ക് പറിച്ചുനൽകും… ഇതാണ് കണ്ണൂരിലെ പാർട്ടി ഗുണ്ടകളുടെ രീതി. യൗവനത്തിൽ തന്നെ ഗുണ്ടകളായി മാറുന്നവരാണ് ഇവർ. ആക്ഷനിൽ പങ്കെടുത്തുകഴിയുന്നതോടെ ഇവർ പ്രഖ്യാപിത പാർട്ടിഗുണ്ടകളായി മാറിക്കഴിയും. കാലം പിന്നെയും മുന്നോട്ട് പോവുമ്പോൾ ഈ ഗുണ്ടകൾ അനഭിമതരായി മാറും. ഇതോടെ പണത്തിനുവേണ്ടി ഇവർ വലിയ ക്രിമിനൽ സംഘമായി മാറും. അതെ,  പ്രൊഷഷണൽ  ക്വട്ടേഷൻ സംഘമായി പരിണമിക്കുന്ന പാർട്ടിഗുണ്ടകൾ….
 കണ്ണൂരിലെ സി പി എം കടുത്ത പ്രതിരോധത്തിലാണ്. സ്വർണക്കടത്തുമായി പാർട്ടി ഗുണ്ടകൾക്ക് ബന്ധമുണ്ടെന്ന ആരോപണമാണ് പാർട്ടിയെ വിവിാദങ്ങളിലേക്ക് നയിച്ചിരിക്കുന്നത്. അർജുൻ ആയങ്കി, ആകാശ് തുടങ്ങിയവരുടെ അധോലോക ബന്ധമാണ് പാർട്ടിയെ പിടിച്ചുലയ്ക്കുന്നത്.  


 കോഴിക്കോട് എയർപോർട്ടിലും, കണ്ണൂർ എയർപോർട്ടിലുമായി എത്തുന്ന കള്ളക്കടത്തിനും, കടത്തു സംഘത്തെ കൊള്ളയടിക്കുന്ന സംഘത്തിനുമൊക്കെ നേതൃത്വം നൽകുന്നത് കണ്ണൂർ സഖാക്കളായ ചില ക്വട്ടേഷൻ സംഘമാണത്രേ…. രാമനാട്ടുകരയിൽ ഒരു സംഘം വാഹനാപകത്തിൽ പെടുന്നതും, അഞ്ചുപേർ മരണമടയുന്നതും. സ്വർണക്കടത്ത് സംഘത്തിൽ നിന്നും സ്വർണം തട്ടുന്ന സംഘമാണ് മരിച്ചതെന്നും, ഇതൊരു വലിയ ഗുണ്ടാസംഘമാണെന്നും വാർത്തകൾ വന്നു. ഈ വാർത്തകളൊക്കെ പുറത്തുവരുമ്പോഴും കണ്ണൂരിലെ സി പി എം നേതൃത്വം പ്രതിരോധത്തിലാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
 
കോഴിക്കോട്  സ്വർണക്കടത്ത് കേസിൽ വന്ന് വന്ന് സി പി എമ്മിന്റെ സ്വന്തക്കാരാണിപ്പോൾ പ്രതിസ്ഥാനത്ത്. കണ്ണൂരിലെ പാർട്ടി ഗുണ്ടകൾ ക്രിമിനൽ സംഘമായി മാറിയതൊന്നും ബ്രണ്ണൻ സഖാവോ, ഇ പി, പി ജെ, എം വി ജെ തുടങ്ങിയ മഹാന്മാരൊന്നും അറിഞ്ഞിരുന്നില്ലത്രേ…. സ്വന്തമായി പൊലീസും, കോടതിയുമുള്ള പാർട്ടിയായിട്ടും ക്വട്ടേഷൻ സംഘം പാർട്ടിക്കാരാണെന്ന് അറിഞ്ഞില്ലത്രേ… അതോ അറിഞ്ഞിട്ടും മൗനം പാലിച്ചതോ…? 
 
പാർട്ടിയുടുടെ പേരിൽ ക്രിമനലുകൾ സ്വർണം കടത്തുന്നവിവരം കഴിഞ്ഞദിവസമാണത്രേ നേതാക്കൾ അറിഞ്ഞത്. അർജുന വേഷത്തിലും ദിഗംബര വേഷത്തിലും ഒക്കെ വന്നിരിക്കുന്ന കള്ളക്കടത്ത്, ക്രിമനൽ സംഘം  എല്ലാം ഒരുകാലത്ത് പാർട്ടിക്ക് വേണ്ടി ആയുധമെടുത്തവരായിരുന്നു. പാർട്ടിയിൽ ഇപ്പോകുറച്ചുകാലമായി ഗുണ്ടാപണിയൊക്കെ കുറഞ്ഞു. ഇതോടെ തൊഴിൽ രഹിതരായവരാണ് സ്വർണംക്കടത്ത് തുടങ്ങിയ ക്വട്ടേഷൻ പരിപാടിയുമായി വഴിമാറിയത്. പാർട്ടിക്ക് ബന്ധമില്ല എന്ന സ്ഥിരം പരിപാടിയുമായി നേതാക്കൾ രംഗത്തുണ്ട്. സി പി എമ്മിന് ബന്ധമില്ല, പാർട്ടിയിൽ നിന്നും പുറത്താക്കി, ക്രിമിനൽ പശ്ചാത്തലം പാർട്ടിക്ക് അറിയില്ലായിരുന്നു, തുടങ്ങിയ ന്യായങ്ങളുമായി സി പി എം, ഡി വൈ എഫ് ഐ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ക്രിമിനൽ സംഘത്തിന് സി പി എമ്മുമായി ഉണ്ടായിരുന്ന ബന്ധം നാട്ടുകാർക്കെല്ലാം അറിയാമെന്നിരിക്കെ, ക്വട്ടേഷൻ സംഘത്തിന് പാർട്ടിക്ക് ബന്ധമില്ലെന്നുള്ള നേതാക്കളുടെ പതിവ് കലാപരിപാടികൾക്ക് എത്രത്തോളം സ്വീകാര്യത കിട്ടുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക.

കുഞ്ഞൂഞ്ഞിന്റെ കുഞ്ഞു കുഞ്ഞു പരാതികൾ

നിരവധി വിവാദങ്ങളാണ് ഒന്നാം പിണറായി സർക്കാർ നേരിട്ടിരുന്നത്. ജയരാജൻ ചിറ്റപ്പന്റെ സ്വജനപക്ഷപാതം, വണ്ടിമന്ത്രിയായിരുന്ന ശശിമാമന്റെ  തേൻകെണി, കായൽ രാജാവായിരുന്ന തോമ്‌സ ചാണ്ടിയുടെ റിസോർട്ടിനുവേണ്ടി നടത്തിയ ഭൂമികയ്യേറ്റം…. തുടങ്ങി നിരവധി ആരോപണങ്ങൾ കേരളത്തിൽ എന്നിവയെ തുടർന്ന് മൂന്ന് മന്ത്രിമാരുടെ രാജി, കോവിഡ് വ്യാപനത്തെതുടർന്നുണ്ടായ  സ്വർണക്കടത്ത് കേസ്.  സ്പീക്കർക്കും, മന്ത്രി കെ ടി ജലീലിനും നേരെയുണ്ടായ ആരോപണം,  സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ അറസ്റ്റു ചെയ്ത സംഭവം തുടങ്ങി നിരവധി സംഭവങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കോൺഗ്രസിന് അധികാരത്തിൽ തിരികെയത്താനുള്ള എല്ലാ മാർഗവും ഒത്തുവന്നതാണ്. എന്നാൽ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ടാണ് കോവിഡിന്റെ വരവ്,  ഇതോടെ എല്ലാം തകിടം മറിഞ്ഞു.

കോവിഡ് കാലത്താണ് സ്വർണക്കടത്ത് വിവാദവും, ഇ ഡിയും, കസ്റ്റംസും, എൻ ഐ എയും മറ്റും കേരളത്തിൽ വട്ടമിട്ടു പറന്നു. ഇവിടെ പലതും നടക്കുമെന്ന് മാധ്യമങ്ങൾ പറഞ്ഞു.
 

എന്നാൽ ഇതൊന്നും കോവിഡ് വ്യാപനത്തെതുടർന്ന് വോട്ടർമാർ ചർച്ച ചെയ്തില്ല. അരി, പലവ്യഞ്‌നം അടക്കമുള്ള കിറ്റ് കിട്ടി.  കാക്കയയ്ക്കയ്ക്കും പൂച്ചയ്ക്കും, എന്തിനേറെ അലഞ്ഞു തിരിയുന്ന പട്ടിക്ക് പോലും ആഹാരം കൊടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തതോടെ കേരളീയർ വിവാദങ്ങളെല്ലാം  മറന്ന് ഏകസ്വരത്തിൽ പറഞ്ഞു, ഹോ എന്തൊരു കരുതലാണീ മനുഷ്യനെന്ന്. ഇതാണ്  പിണറായി വിജയനെ വീണ്ടും അധികാരത്തിലേറ്റിയത്.

ഇതൊന്നും നമ്മുടെയാരെങ്കിലുടെയെങ്കിലും കണ്ടെത്തലല്ല, മുൻമുഖ്യമന്ത്രിയും കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം  രാഹുൽ ഗാന്ധിയോട് പറഞ്ഞ കാര്യമാണ്. സംഘടനാപരമായ പ്രശ്‌നമായിരുന്നില്ല കോൺഗ്രസിന്റെ പരാജയം,  എല്ലാം കോവിഡ് വരുത്തിയ ദുരന്തമാണ്. അതിന് കോൺഗ്രസ് നേതാക്കളെ കൂട്ടത്തോടെ മാറ്റിനിർത്തുന്നത് ശരിയല്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തൽ.

കോവിഡ് ബാധിച്ചവരെ മാറ്റിനിർത്തുന്നത് പോലെ കോൺഗ്രസിലെ പല ഉന്നതരെയും മാറ്റി നിർത്തുകയാണ് ഹൈക്കമാന്റെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആരോപണം. ഒരു തരത്തിലുള്ള കൂടിയാലോചനകളും നടത്താതെയാണ് നേതൃമാറ്റം നടപ്പാക്കിയതെന്നാണ് രാഹുൽ ഗാന്ധിയോട് ഉമ്മൻ ചാണ്ടി വെളിപ്പെടുത്തിയത്. ഇതോടെ കേരളത്തിലെ പ്രതിപക്ഷനേതാവ്, കെ പി സി സി അധ്യക്ഷൻ എന്നിവരുടെ നിയമനത്തിൽ തനിക്കൊരു പങ്കുമില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരിക്കയാണ്. ഇനി രാഹുൽ ഗാന്ധി തീരുമാനിക്കട്ടെ. കെ സുധാകരനും, വി ഡി സതീശനും നടത്തുന്ന പരിഷ്‌ക്കാരങ്ങളിൽ ഗവേഷണം നടത്തിയാൽ ചിലപ്പോൾ ഡോക്ടറേറ്റ് വരെ കിട്ടിയെന്നും വരും.

കസേര തെറിച്ച ജോസഫൈനും, സ്വയം ഡോക്ടറായ കമ്മീഷൻ അംഗവും.

രാജ്യത്തെ സ്ത്രീകളെ സുരക്ഷയും ആത്മാഭിമാനത്തോടെ അവർക്ക് ജീവിക്കാനുള്ള അവസരവും ഒരുക്കുകയായിരുന്നു വനിതാ കമ്മീഷന്റെ രൂപീകരണത്തിൽ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. കേരള സംസ്ഥാനത്ത് വനിതാ കമ്മീഷൻ രൂപീകരിച്ചിട്ട് കാൽ നൂറ്റാണ്ടു പിന്നിടുകയാണ്. മലയാള നാട് കണ്ട ഏറ്റവും പ്രഗല്ഭയായ കവിയും സാമൂഹ്യ പ്രവർത്തകയുമായ സുഗത കുമാരി ടീച്ചറായിരുന്നു ആദ്യം അധ്യക്ഷ. സർക്കാർ മാറിയപ്പോഴും സുഗത കുമാരി ടീച്ചർ അധ്യക്ഷസ്ഥാനത്ത് തുടർന്നു. രണ്ട് തവണ ജസ്റ്റിസ് ശ്രീദേവിയും കമ്മീഷൻ അധ്യക്ഷയായിരുന്നു.

പിണറായി സർക്കാർ വനിതാ കമ്മീഷൻ അധ്യക്ഷയായി കണ്ടെത്തിയത് തലമുതിർന്ന പാർട്ടി നേതാവ് എം സി ജോസഫൈനെയായിരുന്നു. പാർട്ടി കേന്ദ്രകമ്മിറ്റി അംഗമാണെങ്കിലും പാർലമെന്ററി രംഗത്ത് എത്താനോ, മന്ത്രിയാവാനോ ഒന്നും  എം സി ജോസഫൈന് ഇതുവരെയും ഭാഗ്യമുണ്ടായിട്ടില്ല. പാർട്ടി അവസരം നൽകിയിട്ടില്ലെന്നു പറയുന്നതാണ് ശരി. മൽസരിച്ചപ്പോഴെല്ലാം തോറ്റുപോയി. സുരക്ഷിതമായ മണ്ഡലങ്ങളിൽ നിർത്തി വിജയിപ്പിക്കാൻ പാർട്ടിക്കും താല്പര്യമുണ്ടായിരുന്നില്ല.
 


വി എസ് പക്ഷക്കാരിയായിരുന്നതിനാൽ ജോസഫൈൻ എന്നും അവഗണിക്കപ്പെട്ടു. ഒടുവിൽ കിട്ടിയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ കസേരയാണെങ്കിൽ തലമുതിർന്ന നേതാവ് അത്രയങ്ങോട്ട് സഹിക്കാൻ പറ്റുന്നതായിരുന്നില്ല. ഇന്നലെ വന്നവർപോലും മന്ത്രിമാരായി വിലസുമ്പോൾ ഒരു വനിതാ കമ്മീഷൻ അധ്യക്ഷയായി ഒതുങ്ങേണ്ടിവന്നതിന്റെ വേദനയിലായിരുന്നു ജോസഫൈൻ.  

എന്തായാലും പരാതിയുമായി ആർക്കും അങ്ങോട്ട് കടന്നു ചെല്ലാൻ പറ്റാത്ത പരുവത്തിലാക്കി വനിതാ കമ്മീഷനെ മാറ്റിയെടുത്തതിന്റെ ക്രഡിറ്റ് ജോസഫൈനുതന്നെ. പലതവണ പരാതി വന്നപ്പോഴും മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് , അസൂയയാണ് എന്നായിരുന്നു. ശരിയാണ് സാർ ആരും അസൂയപ്പെട്ടുപോവും. കമ്മീഷൻ അധ്യക്ഷയുടെ കാര്യത്തിൽ മാത്രമല്ല, കമ്മീഷൻ അംഗമായി എത്തിയ നവ കമ്യൂണിസ്റ്റായ ഷാഹിദ കമാലിന്റെ കാര്യത്തിലും അസൂയയുണ്ട് സാർ.

വിദ്യാർത്ഥി രാഷ്ട്രീയപ്രവർത്തനം തലയ്ക്ക് പിടിച്ചതിന്റെ പേരിൽ പഠനം മുടങ്ങിപ്പോയ ഷാഹിദാ കമാൽ മാഡം ഇപ്പോഴിതാ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിരിക്കുന്നു. അതു മാത്രമോ ഡോക്ടറേറ്റും കൈവശപ്പെടുത്തിയിരിക്കുന്നു. ഇത്തരം നേട്ടങ്ങളിൽ  ശരിക്കും ഷാഹിദാ മാഡത്തിനെ അഭിനന്ദിക്കണം, ആനന്ദിപ്പിൻ സഖാക്കളെ.

വെറും ഡിഗ്രി ഡ്രപ്പൗട്ടായിരുന്ന ഷാഹിദ മാഡം സി പി എമ്മിലെത്തിയതോടെ ആകെ മാറിയില്ലേ, വനിതാ കമ്മീഷൻ അംഗമായി, ഫെലോ ആയി…. അസൂയക്കാർ പലതും പറയും, ഏതോ ഡ്യൂപ്ലിക്കേറ്റ് സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയെന്നൊക്കെ അപമാനിക്കും. മാഡം അതൊന്നും കേട്ട് ക്ഷുഭിതയാവരുത്. വനിതാ കമ്മീഷൻ അംഗമാണെന്ന് ഓർമ്മ വേണം.

 പടിയിറങ്ങുന്ന ലോക് നാഥ് ബഹറ

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹറ സ്ഥാനമൊഴിയുകയാണ്. നിരവധി വിവാദങ്ങളാണ് ബഹറയുടെ കാലത്ത് പൊലീസിനെതിരെ ഉണ്ടായത്. രണ്ട് മാവോയിസ്റ്റ് വേട്ട മുതൽ രാഷ്ട്രീയ ആരോപണങ്ങൾവരെ ബഹറയ്ക്ക് നേരെ ഉയർന്നു. ബി ജെി പി യുമായുള്ള പാലമാണ് ബഹറയെന്നുവരെ ആരോപണമുയർന്നു. എന്നാൽ ആരോപണങ്ങളൊന്നും ശരിയല്ലെന്നാണ് ബഹറയുടെ വെളിപ്പെടുത്തൽ.
 
 
 
അദ്ദഹേ മറ്റൊരു വെളിപ്പെടുത്തലും നടത്തി,  കേരളത്തിൽ ഭീകര സംഘടകളുടെ റിക്രൂട്ടിംഗ് നടക്കുന്നുണ്ടെന്ന്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഭീകരസംഘടനകളിൽ ആകൃഷ്ടരാവുന്നവർ ഉണ്ടെന്നുള്ളത് ബഹറയ്ക്കും അത്ഭുതമാണ്. പക്ഷേ, സംഗതി സത്യമാണത്രേ….


മരം വെട്ട്, റവന്യൂ വകുപ്പിനെ വെട്ടിലാക്കാൻ വനം വകുപ്പ്


പട്ടയ ഭൂമിയിലെ മരം വെട്ട് വിവാദത്തിൽ വനം വകുപ്പ്, റവന്യൂ ഡിപ്പാർട്ട് മെന്റിനെതിരെ റിപ്പോർട്ട് നൽകിയത് സി പി ഐയെ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കയാണ്. വനം വകുപ്പും, റവന്യൂ വകുപ്പും അറിയാതെ പട്ടയഭൂമിയിലെ ഈട്ടിയും തേക്കുമൊന്നും വെട്ടാൻ കഴിയില്ലെന്നായിരുന്നു ആരോപണം.
 
 
 വനം വകുപ്പിന് വീഴ്ചയില്ലെന്ന് നേരത്തെ വനം മന്ത്രി വ്യക്തമാക്കിയതാണ്. റവന്യൂ വകുപ്പിനാണ് എല്ലാ കാര്യങ്ങളും അറിയാവുന്നതെന്ന് വനം മന്ത്രി ശശീന്ദ്രൻ അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയതാണ്.
ഒന്നാം പിണറായി സർക്കാറിൽ വനം വകുപ്പും, റവന്യൂ വകുപ്പും സി പി ഐയുടെ പക്കലായിരുന്നു. ഇപ്പോൾ വനം വകുപ്പ് എൻ സി പിക്കാണ്.

എന്തായാലും ഉപ്പു തിന്നവർ വെള്ളം കുടിക്കും. റവന്യൂ വകുപ്പാണോ, അതോ വനം വകുപ്പാണോ ഉപ്പു തിന്നതെന്ന് ഉടൻ വ്യക്തമാവും. ആരെങ്കിലും വെള്ളം കുടിക്കുന്നുണ്ടോ എന്നറിയാൻ അഭ്യന്തര വകുപ്പ് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതിനാൽ ശ്രദ്ധിക്കുക്ക. വെള്ളം കുടിക്കുന്നത് രഹസ്യമായി ചെയ്യുക. പ്രത്യേകിച്ചും സി പി ഐ മുൻ മന്ത്രിമാർ ശ്രദ്ധിക്കുക.


വാൽകഷണം :


ക്രിമനൽ സംഘങ്ങളെ സംരക്ഷിക്കുന്നത് പാർട്ടിയുടെ നയമല്ലെന്നാണല്ലോ ആക്ടിംഗ് സഖാവ് പറയുന്നത്. പെരിയ ഇരട്ടക്കൊലയിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി കൊടുത്ത് മാതൃകയായ പാർട്ടിയാണ് ഇതെന്ന് എ വിജയരാഘവൻ എന്നാണാവോ പറയുക.
തെറ്റായ പ്രവവണതകൾ വേണ്ടെന്നാണ് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ പ്രഖ്യാപനം. ഈ ആക്റ്റിംഗ് തന്നെ തെറ്റായ പ്രവണതയല്ലേ സഖാവേ….

LEAVE A REPLY

Please enter your comment!
Please enter your name here