രാജേഷ് തില്ലങ്കേരി

ഒരു ചെറിയ വേദനപോലും സഹിക്കാൻ പറ്റാത്ത ലോലഹൃദയനാണ് മുൻ മന്ത്രി ജി സുധാകരൻ. സഖാവ് സുധാകരൻ മറ്റ് നേതാക്കളെ പോലെയല്ല, എന്തും കവിതയായി മാത്രം കാണുന്ന മഹാമാനുഷി, മലയാളം ഇന്നേവരെ കണ്ടിട്ടില്ലാത്ത വഴികളിലൂടെ അക്ഷരങ്ങളുമായി യാത്ര ചെയ്യുന്ന മഹാകവി.  മനുഷ്യമനസിലെ ചെറിയ വേദനകളെപോലും കവിതയായി രാസമാറ്റം സംഭവിക്കുന്ന ഒരു ഹൃദയത്തിന്റെ ഉടമ.   അറിയയപ്പെടുന്ന രാഷ്ട്രീയ നേതാവും, മന്ത്രിയുമൊക്കെയാണെങ്കിലും വേദന കവിഹൃദയത്തെ പെട്ടെന്ന് തൊട്ടുണർത്തും. ….കവിഹൃദയം തേങ്ങും, വേദനകളിൽ…അവ കവിതയായി ഒഴുകും.

എന്നും അധികാരത്തിന്റെ സുഖങ്ങളിൽ അഭിരമിക്കാത്ത നേതാവായിരുന്നു ജി സുധാകരൻ. എന്നാൽ അധികാരം എന്നും കൂടെ വേണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഇത്തവണ പഴഞ്ചൻമാരെയെല്ലാം ഒഴിവാക്കുന്നതിനിടയിൽ കവി ശ്രേഷ്ഠനെയും ഒഴിവാക്കി. അങ്ങിനെ അമ്പലപ്പുഴയെന്ന സ്വന്തം ദേശത്ത് മറ്റൊരാൾ മത്സരിക്കാനെത്തി. അത് സ്വാഭാവികമായും കവിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

തെരഞ്ഞെടുപ്പിൽ സജീവമായില്ലെന്നും, സി പി എം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നും ജി സുധാകരനെതിരെ ഗുരുതരമായ ആരോപണം ഉയർന്നിരിക്കയാണ്. ആലപ്പുഴ ജില്ലാ കമ്മിറ്റിയോഗത്തിലാണ് ആരോപണം ഉയർത്തിക്കൊണ്ട് ചില നേതാക്കൾ മഹാകവിയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം തുടങ്ങിയത്. അമ്പലപ്പുഴയിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ വ്രണിത ഹൃദയനായിരുന്നു കവി ജി. ചിറകരിഞ്ഞ ഒരു പക്ഷിയെപ്പോലെയായി മാറിയ കവി, എല്ലാം മനസിലൊതുക്കി, ഒരുഖണ്ഡകാവ്യമൊരുക്കാനുള്ള മുന്നൊരുക്കത്തിലായിരുന്നു.

 ഇതിനിടയിലാണ് കവിയെ വീണ്ടും വേദനിപ്പിക്കാൻ ശ്രമം ആരംഭിച്ചത്.
ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ പങ്കെടുത്ത ആലപ്പുഴ ജില്ലാ കമ്മിറ്റിയോഗത്തിലാണ് കവിഭാവനയിൽ പറഞ്ഞാൽ  ആക്രമിക്കാൻ ഒരു സംഘം കാട്ടാളർ കൂട്ടം കൂടി എത്തിയത്.


പറയാനുള്ളതെല്ലാം നേരത്തെ പറഞ്ഞതാണ്, എന്നും ഇനിയും വേദനിപ്പിക്കരുതെന്നും ജി സുധാകരൻ പ്രതികരിച്ചു. മാധ്യമ വാർത്തകൾ മാത്രം വച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു ജി യുടെ ആദ്യ പ്രതികരണം. വേദനകൾ കുറേ അനുഭവിച്ചതാണ്, രക്തസാക്ഷികളുടെ കുടുംബത്തിൽ നിന്നും…..പാവം എങ്ങിനെയിരുന്നതാണ് കവി ജി….ആലപ്പുഴയെന്നാൽ ജി സുധാകരനും, പാർട്ടിയിൽ എതിരാളികളുമില്ലാതിരുന്ന ഒരു പൂർവ്വകാലം കവിക്കുണ്ടായിരുന്നു. ആ സുവർണകാലം ഇനിയൊരിക്കലും തിരികെ വരില്ലെന്ന്  വേദനയോടെ കവി ഓർക്കുന്നു.

കോൺഗ്രസിലെ പുനസംഘടനയും, കെ മുരളീധരന്റെ ചില ചിന്തകളും

പുനസംഘടനയ്ക്ക് ശേഷം വലിയ ആത്മരോഷത്തിലാണ് കെ മുരളീധരൻ. കേരളത്തിലെ കോൺഗ്രസിൽ അഴിച്ചുപണികൾ നടത്തിയപ്പോൾ തന്നോട് അഭിപ്രായങ്ങളൊന്നും ചോദിച്ചില്ലെന്ന മനോവിഷമത്തിലാണ് ആശാൻ. കോൺഗ്രസിൽ മുരളീധരൻ വന്നതും, അച്ഛൻ സാക്ഷാൽ ലീഡർ കെ കരുണാകരൻ പിന്നീട് മകന് വേണ്ടി  ഒരു സീറ്റ് സംഘടിപ്പിച്ചതുമെല്ലാം കോൺഗ്രസിലെ സുവർണകാല ഓർമ്മകളാണ്. 

കെ മുരളീധരനെ കിങ്ങിണികുട്ടനെന്നുവരെ വിളിച്ചവരുണ്ട്. എന്നാൽ വളരെ വേഗമാണ് മുരളീധരൻ രാഷ്ട്രീയത്തിൽ വളർന്നത്. കെ പി സി സി അധ്യക്ഷൻ വരെയായിരുന്നു ആ വളർച്ച. പക്ഷേ, വിധി എന്നേ പറയാൻ കഴിയൂ, പിന്നീടുണ്ടായ നീക്കങ്ങളിൽ മുരളി തകർന്നടിഞ്ഞു. മന്ത്രിയായി, ഉപതെരഞ്ഞെടുപ്പിൽ തോറ്റമ്പി, രാജിവച്ചു. ഇതോടെ മുരളീധരന് കോൺഗ്രസിൽ സ്ഥാനമില്ലാതായി. ഒടുവിൽ ഡി ഐ സിയെന്ന പാർട്ടിയുണ്ടാക്കി. 

 

പിന്നീട് ആ പാർട്ടി എൻ സി പിയിൽ ലയിച്ചു. എൻ സി പിയുടെ സംസ്ഥാന അധ്യക്ഷനായി. പുത്ര സ്‌നേഹത്താൽ മുരളിയുടെ എല്ലാ യാത്രകളിലും  അച്ഛൻ കൂടയുണ്ടായി. ലീഡർ കെ കരുണാകരൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ തള്ളിപ്പറഞ്ഞു. പിന്നീട്  കെ കരുണാരൻ കോൺഗ്രസിൽ എത്തിയപ്പോഴും മുരളീധരൻ കോൺഗ്രസ് ഭവനു മുന്നിൽ നിന്ന് കണ്ണീർ വാർത്തു. 

 

എനിക്കൊന്നും വേണ്ട, 2 രൂപയുടെ അംഗത്വം മാത്രം മതിയെന്ന് കെഞ്ചി. നമ്മൾ മസാല ദോശമാത്രമാണ് ഓർഡർ ചെയ്തതെന്നും, ഒപ്പം വട വേണ്ടെന്നും പറഞ്ഞ് മുരളീധനെ അധിക്ഷേപിച്ചു. അപ്പോഴും മുരളീധരൻ കോൺഗ്രസ് ഓഫീസ് പരിസരത്ത് എന്നും എത്തി. ഒടുവിൽ മുരളീധരനും അംഗ്വം നൽകി.

 

പിന്നീട് മുരളീധരൻ എം എൽ എയായി, വടകരയിൽ വെല്ലുവിളിയേറ്റെടുത്ത് മത്സരിക്കാനെത്തി. നേമത്ത് ബി ജെ പി സ്ഥാനാർത്ഥിയായ കുമ്മനത്തെ നേരിടാൻ ഒരു ശക്തനെ അന്വേഷിച്ചുനടന്ന കാലത്ത് ആ  വെല്ലുവിളിയും ഏറ്റെടുത്തു മുരളീധരൻ. ഇതോടെ  കെ പി സി സി അധ്യക്ഷനാവാനായി വീണ്ടും കുപ്പായം തയ്ച്ചു അദ്ദേഹം. കോൺഗ്രസിൽ പിന്നെയും മുരളീധര യുഗം വരുമെന്ന് പോലും പ്രവർത്തകർ വിശ്വസിച്ചു. അന്നത്തെ അധ്യക്ഷനായ മുല്ലപ്പള്ളിയെ പരസ്യമായി തള്ളിപ്പറഞ്ഞുകൊണ്ട് കോൺഗ്രസിൽ ശക്തമായ പ്രതിരോധം തീർക്കാനും മുരളീധരന് സാധിച്ചു.


എന്നാൽ കോൺഗ്രസ് പുനസംഘടനയിൽ കെ സുധാകരനാണ് നറുക്കുവീണത്. വട്ടിയൂർക്കാവിൽ എം എൽ എയായിരുന്ന കാലത്താണ് വടകരയ്ക്ക് വണ്ടി കയറിയത്. ദേശീയ രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന വലിയ സ്ഥാനങ്ങൾ മനസിൽ സ്വപ്‌നംകണ്ടാണ് വടകരയിൽ മത്സരിച്ചത്. എം പിയായെങ്കിലും ദേശീയതലത്തിൽ കോൺഗ്രസ് തകർന്നതോടെ തകർന്നത് മുരളീധരന്റെ സ്വപ്‌നം കൂടിയായിരുന്നു.


ഇന്ന് മുരളീധരൻ ആലോചിക്കുന്നത്, എടുത്ത തീരുമാനങ്ങളെല്ലാം തെറ്റായിരുന്നു. വീരപരിവേഷം മാത്രമേയുള്ളൂ, നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നില്ല എന്ന സത്യം തിരിച്ചറിയുന്നു. ഒടുവിൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ച യു ഡി എഫ് കൺവീനർ സ്ഥാനവും ഇല്ലെന്ന് തിരിച്ചറിയുന്നു. മുരളീധരൻ ചില തത്വങ്ങളാണ് നേതൃത്വത്തെ ഓർമ്മിപ്പിക്കുന്നത്. വീരന്മാരായിയിരിക്കുകയല്ല, ഭാഗ്യവാന്മാരായിരിക്കുകയാണ് നല്ല മാർഗമെന്ന്.

പാപമീ കൃഷ്ണ മൃഗത്തെ……

തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒരു സാത്വികനായ രാഷ്ട്രീയക്കാരനാണ്. ആരോടും വീരവാദം മുഴക്കാറില്ല, വെല്ലുവിളികളുമില്ല. ആകെയുള്ള കുഴപ്പം ചില വാക്കുകൾ തലതിരിഞ്ഞുപോവും, അതൊക്കെ നാക്കുപിഴയായി അങ്ങ് ക്ഷമിച്ചേക്കണമെന്നു മാത്രം.

 

മുൻ അഭ്യന്തര മന്ത്രി കൂടിയാണ് തിരുവഞ്ചൂർ. അഭ്യന്തര മന്ത്രിയായിരുന്നവരൊക്കെ പിന്നീട് വലിയ നിലയിലുമായിട്ടുണ്ട്. എന്നാൽ തിരുവഞ്ചൂരിനോട് രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കയാണ് ഒരു അജ്ഞാതൻ. ഭീഷണിക്കത്താണ് വിഷയം, രാജ്യം വിട്ടില്ലെങ്കിൽ കുടുബാംഗങ്ങളെയടക്കം കൊലപ്പെടുത്തുമെന്നും ഭീഷണിയുയർത്തിയിരിക്കയാണ്.


ടി പി കൊലക്കേസിൽ തിരുവഞ്ചൂർ ശക്തമായി ഇടപെട്ടതാണ് ഭീഷണിക്ക് കാരണമെന്നാണ് തിരുവഞ്ചൂർ സംശയിക്കുന്നത്. എന്നാൽ കണ്ണൂർ സ്വർണക്കടത്ത് വിവാദം വഴിതിരിച്ചുവിടാനായി ഒരു കേന്ദ്രം നടത്തുന്ന ശ്രമമാണ് തിരുവഞ്ചൂരിനെതിരെയുള്ള ഭീഷണികത്തെന്നാണ് പറയപ്പെടുന്നത്. മുൻ അഭ്യന്തരമന്ത്രിക്കെതിരെയുള്ള വധഭീഷണി അഭ്യന്തര വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

പാർട്ടിക്ക് ബന്ധമില്ല, അഥവാ അങ്ങിനെ തോന്നുവെങ്കിൽ യാഥ്യശ്ചികം മാത്രം

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം തട്ടാനായി എത്തിയ ഒരു സംഘം വാവനാപകടത്തിൽ കൊല്ലപ്പെട്ട സംഭവം സി പി എമ്മിനെ ആകെ കുഴപ്പത്തിലാക്കിയിരിക്കയാണ്. സി പി എമ്മുകാർ കള്ളക്കടത്ത് സംഘത്തിന്റെ നേതാക്കളാണെന്നുള്ള ആരോപണമാണ്  പാർട്ടിയെ പ്രതിരോധത്തിലാക്കിയത്. പാർട്ടി ഗുണ്ടകൾ ക്വട്ടേഷൻ സംഘമായി മാറിയതതോടെ നേതാക്കൾ അവരെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കയാണ്. ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട സംഭവത്തിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനി, ഷാഫി തുടങ്ങിയ സംഘത്തിന്റെ തണലിൽ വളർന്ന ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളാണ് അർജ്ജുനും, ആകാശും അടങ്ങുന്നവർ. 

ജയിലിൽ ഇരുന്ന് ക്വട്ടേഷൻ നടത്താവുന്ന സൗകര്യം ഇവർക്ക് ആരാണ് ചെയ്തു കൊടുക്കുന്നതെന്ന് അഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും മറുപടി പറയേണ്ടതാണ്. മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരൻ അടക്കം ഈ ‘ പൊട്ടിക്കൽ ‘ സംഘത്തിന്റെ ഭാഗമാണത്രേ…വിദേശത്തു നിന്നും വിമാന മാർഗം കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ വന്നിറങ്ങുന്ന കോടികൾ വിലവരുന്ന സ്വർണം, അധോലോക സംഘങ്ങൾ അത് കവർച്ച ചെയ്യുക, തുക വീതം വച്ച് എടുക്കുക.


വലിയ ക്രിമനൽ, ക്വട്ടേഷൻ സംഘങ്ങൾ കണ്ണൂരിൽ തഴച്ചുവളർന്നിരിക്കുന്നു. യുവാക്കളെ സമൂഹ്യരംഗത്ത് നേർവഴിക്ക് നയിക്കേണ്ട ഡി വൈ എഫ് ഐ പോലുള്ള സംഘടനയുടെ പിൻബലത്തിലാണ് ഈ ക്രിമിനൽ സംഘം തഴച്ചു വളർന്നത് എന്നത് ഞെട്ടലുണ്ടാക്കുന്നു. ഏതു വിധേനയും പണം ഉണ്ടാക്കുക, ആഢംബരത്തിൽ ജീവിക്കുക ഇതാണ് കൂടുതൽ യുവാക്കളെ ക്വട്ടേഷൻ സംഘത്തിലേക്ക് ആകർഷിക്കുന്നത്. ഭരണത്തിന്റെ തണലിൽ തഴച്ചു വളർന്ന ഈ സംഘങ്ങൾക്ക് ആരാണ് വളം വച്ചു കൊടുക്കുന്നതെന്ന് മാത്രമാണ് അറിയേണ്ടത്.

കോവിഡ് മരണം രേഖപ്പെടുത്തുന്നതിൽ ചില ഒളിച്ചുകളികൾ

കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാരിന് തെറ്റു പറ്റിയെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു. എന്നാൽ അതൊന്നും സർക്കാർ അംഗീകരിച്ചില്ല. കോവിഡ് ബാധിച്ച് മരിച്ചവരിൽ കുറേയധികം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ പരിഹരിക്കാമെന്നാണ് മന്ത്രി വീണാ ജോർജ് പറയുന്നത്.


കോവിഡ് ബാധിച്ച് മരിച്ചവർക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകുകയാണെങ്കിൽ പട്ടികയിൽ പെടാത്തതിന്റെ പേരിൽ ഒന്നും ലഭിക്കാതെ പോവാൻ സാധ്യയുള്ളവർ കേരളത്തിൽ ഏറെയാണ്.

ബി ജെ പി സംസ്ഥാന നേതൃത്വം അടിമുടി മാറേണ്ടിവരും

കേരളത്തിലെ തോൽവിയെക്കുറിച്ച് പഠിക്കാനായി പ്രധാനമന്ത്രി ചുമതപ്പെടുത്തിയ സമിതിയുടെ റിപ്പോർട്ട് നടപ്പാക്കാൻ നീക്കം നടക്കുന്നുവത്രേ…. ബി ജെ പിയുടെ നേതൃത്വം അടിമുടി മാറണമെന്നാണ് സമിതിയുടെ നിർദ്ദേശം. കെ സുരേന്ദ്രന്റെ നേതൃത്വം സംസ്ഥാനത്തെ ബി ജെ പിയുടെ തകർച്ചയ്ക്ക് പ്രധാന കാരണമായി എന്നാണ് ആനന്ദബോസ് സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ആരോപണം. കേന്ദ്ര മന്ത്രി വി മുരളീധരനും പരാജയമായിരുന്നു എന്നും റിപ്പോർട്ടിൽ പ്രത്യേകം പരാമർശമുണ്ട്.
അടിമുടി മാറ്റം ഉണ്ടായില്ലെങ്കിൽ കേരളത്തിൽ ബി ജെ പി ഒരിക്കലും പച്ചപിടിക്കില്ലെന്നാണ് ആനന്ദബോസ് നിർദ്ദേശിച്ചിരിക്കുന്നത്. വോട്ട് ചെയ്യാനും, വോട്ട് മറിക്കാനും, സ്ഥാനാർത്ഥിയാവാനും നോമിനേഷൻ പിൻവലിക്കാനും ഒക്കെ കോഴ നൽകിയതും, കൊടകരയിൽ കുഴൽപണം പിടിച്ചതും ബി ജെ പിക്ക് പൊതുജനങ്ങളിൽ അവമതിപ്പുണ്ടാക്കിയെന്നാണ് ഇ ശ്രീധരൻ നൽകിയിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്.


ഇതിനിടയിൽ ജാനുവിന് പണം കൈമാറിയതിനെകുറിച്ചും, സുന്ദരയ്ക്ക് പണം കൈമാറിയതിനെ കുറിച്ചുമുള്ള വിജിലൻസ് അന്വേഷണം അന്തിമ ഘട്ടത്തിലാണ്. കേരളം ആര് ഭരിക്കണമെന്ന് ബി ജെ പി എം എൽ എ മാർ തീരുമാനിക്കുമെന്നുപറഞ്ഞ കെ സുരേന്ദ്രൻ ഇപ്പോൾ ആരായിരിക്കും ആദ്യം അറസ്റ്റു ചെയ്യുകയെന്ന ഭയത്തിലാണ്.


കരിപ്പൂർ സ്വർണകേസ്, മുട്ടിൽ മരംമുറികേസ് തുടങ്ങിയവ വച്ച് ബി ജെ പി ചില നീക്കങ്ങൾ നടത്തുണ്ടെന്നാണ് അറിയുന്നത്. ഒരു ഒത്തുതീർപ്പ് നടന്നില്ലെങ്കിൽ ബി ജെ പിക്കും സി പി എമ്മിനും ഇനി കേസിന്റെ കാലമായിരിക്കും.

എന്നാൽ കഴിഞ്ഞ ജൂലായ് എട്ടിന് ഇ ഡിയും, കസ്റ്റംസും, എൻ ഐ എ എന്നിവർ വലിയ സന്നാഹവുമായി കേരളത്തിൽ എത്തിയ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസ് ഇപ്പോൾ എന്തായി എന്ന ചോദ്യവും ഉയരുന്നുണ്ട്. അന്വേഷണ സംഘം സ്വപ്‌ന, സന്ദീപ് ….എന്നു പിച്ചും പേയും  പറഞ്ഞ് നിൽക്കുകയാണ്. കേസ് ഇപ്പോഴും തിരുനക്കര തന്നെ നിൽക്കുകയാണ്.

കാപ്പന്റെ പാർട്ടി ചാപിള്ളയായി

മാണി സി കാപ്പൻ പാലായിൽ ഉയർത്തിയ പ്രതിരോധവും, ജോസ് കെ മാണിയെ മുട്ടുകുത്തിച്ചതും ഒക്കെ കണ്ടപ്പോൾ രാഷ്ട്രീയ കേരളം ഒന്നടങ്കം പറഞ്ഞു, കാപ്പൻ കൊളളാം, ഭാവിയുണ്ട് എന്ന്. എൻ സി പി യിൽ നിന്നും പുറത്തുപോയി കാപ്പൻ സ്വന്തമായി ഉണ്ടാക്കിയ എൻ സി കെ യു ഡി എഫിലെ ഒരു ഘടകകക്ഷിയുമായി.
എന്നാൽ ഭരണത്തിന്റെ തണലിൽ നിൽക്കാൻ കൊതിച്ച കാപ്പന്റെ എൻ സി കെയിലെ അണികൾ പലരും മൂന്നാം മാസം വിട്ടുപോയി.

എൻ സി കെ യ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരവും ലഭിച്ചില്ല. വെട്ടിക്കടത്തിയ മരങ്ങളെ കുറിച്ച് യു ഡി എഫ് സംഘം വയനാട്ടിലേക്ക് വിനോദ യാത്ര പോയപ്പോൾ ഒപ്പം കൊണ്ടു പോയില്ലെന്ന ഗുരുതരമായ ആരോപണവും മാണി സി കാപ്പൻ ഉന്നയിച്ചു.  യു ഡി എഫ് നേതാക്കൾക്കും കാപ്പനെ അത്രയങ്ങോട്ട് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് സാരം. കാപ്പന്റെ പാർട്ടി ഇപ്പോൾ പിരിച്ചുവിട്ടിരിക്കയാണ്, ഇനി പുതിയ പേര് കിട്ടിയിട്ടുവേണം  പാർട്ടിയെയൊന്ന് ശക്തിപ്പെടുത്തി പ്രതികാരം ചെയ്യാനെന്ന നിലപാടിലാണ് മാണി സി കാപ്പൻ.

വാൽക്കഷണം :

മുഖ്യമന്ത്രി പിണറായി വിജയൻ കള്ളക്കടത്ത് സംഘത്തിന്റെ ഗ്യാംങ്സ്റ്ററാണെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. പിണറായിയുടെ കൈകൊണ്ടുള്ള ആ പ്രത്യേക ആക്ഷന്റെ കാര്യം  മറന്നോ പ്രസിഡന്റേ…

 
 
വീട് ഒരു സ്വപ്നമാണ്. ആ സ്വപ്നം യാഥാർഥ്യമാകുമ്പോൾ ഒരു വലിയ കത്തവ്യം നിർവഹിക്കുന്നതുപോലെയാണ്. മരിയയെയും അലോ അളിയയനെയും സംബന്ധിച്ച് 
 

LEAVE A REPLY

Please enter your comment!
Please enter your name here