ബേപ്പൂർ : വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയേഴാം ചരമ വാർഷിക ദിനമായ ജൂലൈ അഞ്ചിന് രാവിലെ ഏഴു മണിക്ക് ‘നമ്മൾ ബേപ്പൂർ’ പദ്ധതിയുടെ ഭാഗമായി ബഷീർ അനുസ്മരണം സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
മന്ത്രിയുടെയും കോഴിക്കോട് ജില്ലാ കലക്ടറുടെയും ഫേസ്ബുക്ക് പേജിൽ ഓൺലൈനായാണ് പരിപാടി സംഘടിപ്പിക്കുക. മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും.
പ്രശസ്ത കവി സച്ചിദാനന്ദൻ മുഖ്യപ്രഭാഷണവും എഴുത്തുകാരനും പ്രാസംഗികനുമായ എം.എൻ.കാരശ്ശേരി ബഷീർ അനുസ്മരണ പ്രഭാഷണവും നടത്തും. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയുടെയും മഞ്ജു വാര്യരുടെയും ശബ്ദത്തിലൂടെ ബഷീറിന്റെ പുസ്തകത്തിലെ വരികൾ കേൾക്കാനും അവസരമുണ്ടാകും. ബഷീറിന്റെ മക്കളായ ഷാഹിനയും അനീസും ഓർമ്മകൾ പങ്കുവെക്കും.
ജില്ലാ കലക്ടർ സാംബശിവ റാവു, കെ.തോമസ്, കെ.ആർ.പ്രമോദ് എന്നിവർ പങ്കെടുക്കും.