രാജേഷ് തില്ലങ്കേരി  

 പതിനൊന്ന് വർഷത്തിലധികം സഭയെ നയിച്ച ശേഷമാണ് ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ വിടപറഞ്ഞത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2010 നവംബർ ഒന്നാം തീയതിയാണ് പൗലോസ് മാർ മിലിത്തിയോസ് മെത്രാപ്പോലീത്താ ഓർത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷനാകുന്നത്.

സഭാ കേസിൽ ദീർഘനാളായി നിലനിന്നിരുന്ന വ്യവഹാരങ്ങൾക്ക് അന്ത്യംകുറിച്ച് 2017 ജൂലൈ മൂന്നിന് സുപ്രീം കോടതി നിർണായക അന്തിമ വിധി പ്രസ്താവിച്ചത് ഇദ്ദേഹത്തിന്റ ഭരണകാലത്താണ്. സുപ്രീം കോടതി വിധിയുടെയും സഭാഭരണഘടനയുടെയും അടിസ്ഥാനത്തിൽ സഭയിൽ ശാശ്വത സമാധാനം വേണമെന്ന് പരിശുദ്ധ ബാവ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. വ്യവഹാര രഹിതമായ മലങ്കരസഭ എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ആർദ്രതയും ദീനാനുകമ്പയും ലാളിത്യവും പ്രകൃതി സ്നേഹവും പരിശുദ്ധ ബാവായുടെ പ്രവർത്തനങ്ങൾക്ക് ശോഭ പകർന്നു. ആത്മീയ വെളിച്ചം പകരുന്ന അഞ്ച് ഈടുറ്റ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പള്ളിത്തർക്കങ്ങളിൽ സർക്കാരുകളെ വിമർശിക്കാനും നിലപാട് വ്യക്തമാക്കാനും ബാവ ഒരിക്കലും മടിച്ചില്ല.

തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ബിരുദവും, കോട്ടയം സിഎംഎസ് കോളജിൽ നിന്നും ബിരുദാനന്ത ബിരുദവും, കോട്ടയം പഴയ സെമിനാരിയിൽ നിന്ന് വൈദിക വിദ്യാഭ്യാസവും പൂർത്തിയാക്കിയ അദ്ദേഹം 1972 ൽ ശെമ്മാശനായി. 1973 ൽ വൈദികനായി. 1982 ഡിസംബർ 28 ന് തിരുവല്ലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയും1985 മെയ് 15 ന് പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ എപ്പിസ്‌കോപ്പയായി സ്ഥാനാഭിഷിക്തനാവുകയും ചെയ്തു. 1985 ഓഗസ്റ്റ് ഒന്നിന് കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായി. 2006 ഒക്ടോബർ 12ന് പരുമലയിൽ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മാർ മിലിത്തിയോസിനെ നിയുക്ത കാതോലിക്കയായി തിരഞ്ഞെടുത്തു.
കുന്നംകുളം മങ്ങാട്ട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ കൊള്ളന്നൂർ വീട്ടിൽ കെ.ഐ ഐപ്പിന്റെയും കുഞ്ഞീറ്റിയുടെയും മകനായി 1946 ഓഗസ്റ്റ് 30 ന് ജനിച്ച കെ ഐ പോളാണ് പിൽക്കാലത്ത് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ആയി ഉയർന്നത്. പരേതനായ ആയ കെ ഐ തമ്പിയാണ് ഏകസഹോദരൻ. എറണാകുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സഹ വികാരിയായും കോട്ടയം, തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് സ്റ്റുഡന്റ്സ് സെന്ററുകളിൽ അസിസ്റ്റന്റ് വാർഡനായും സ്റ്റുഡൻസ് ചാപ്ലയിനായും പ്രവർത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here