രാജേഷ് തില്ലങ്കേരി

കേരളത്തിന്റെ ശാപമാണ് ചില പോഴന്മാർ മന്ത്രിമാരായിരിക്കുന്നത്. എന്ത് പുരോഗമന ആശയങ്ങൾ ഉയർത്തിയാലും വിവരമില്ലാത്തവർ ഭരണാധികാരികളാവുന്നത് ആർക്കും ന്യായീകരിക്കാനാവില്ല. ഒരിക്കൽ വളരെ മോശം കാര്യത്തിൽ അധികാരം വിട്ടൊഴിയേണ്ടിവന്ന മന്ത്രിയാണ് എ കെ ശശീന്ദ്രൻ. പിന്നീട് ആരുടെയൊക്കയോ കയ്യും കാലും പിടിച്ച് കേസിൽ നിന്നും രക്ഷപ്പെട്ട് വീണ്ടും മന്ത്രിയായി. ഇപ്പോഴിതാ സ്ത്രീ പീഡനകേസിൽ മന്ത്രി വീണ്ടും കുടുങ്ങിയിരിക്കയാണ്. കൊല്ലം കുണ്ടറയിൽ ഒരു പാർട്ടി പ്രവർത്തകൻ യുവതിയോട്  അപമര്യാദയായി പെരുമാറിയ കേസിലാണ് മന്ത്രി ഇടപെട്ടത്. നല്ല രീതിയിൽ ഒത്തുതീർക്കണമെന്നാണ് മന്ത്രി ശശീന്റെ ആവശ്യം. മന്ത്രി പിന്നീട് പറഞ്ഞത് പാർട്ടിയിലെ പ്രശ്‌നത്തിൽ ഇടപെട്ടുവെന്നാണാണ്.

സ്ത്രീസുരക്ഷയെകുറിച്ചും മറ്റും വലിയ വാക്കിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ഇടതുമുന്നണിയിലെ പ്രമുഖനേതാവുകൂടിയായ  മന്ത്രി എ കെ ശശീന്ദ്രൻ  വെട്ടിലാണ് വീണിരിക്കുന്നത്. പാർട്ടി നേതാവായി ഒരു മന്ത്രിക്ക് ഇത്തരം കേസുകളിൽ ഇടപെടാൻ പറ്റില്ല. പൊലീസ് കേസെടുക്കാൻപോലും തയ്യറായത് സംഭവം മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ്.

സത്യപ്രതിജ്ഞാ ലംഘടനം നടത്തിയ മന്ത്രി എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഇതിനിടയിൽ കുട്ടനാട് എം എൽ എയായ തോമസ് കെ തോമസ് ശശീന്ദ്രന്റെ രക്ഷയ്ക്കായി ഇറങ്ങിത്തിരിച്ചിരിക്കയാണ്. ഒന്നാം പിണറായി സർക്കാരിൽ ഉണ്ടായ എൻ സി പി മന്ത്രിമാരായിരുന്ന തോമസ് ചാണ്ടിയും ശശീന്ദ്രനും ഉണ്ടാക്കിയ പൊല്ലാപ്പുകൾ നിരവധിയായിരുന്നു. തേൻ കെണിയിൽ പെട്ടതോടെ എ കെ ശശീന്ദ്രന് മന്ത്രിസ്ഥാനം  രാജിവെക്കേണ്ടിവന്നതും,  പിന്നീട് മന്ത്രിയായ തോമസ് ചാണ്ടി കായൽകയ്യേറ്റത്തിൽ അകപ്പെട്ട് രാജിവെക്കേണ്ടിവന്നതുമൊക്കെ അത്രപെട്ടെന്നൊന്നും ആരും മറന്നുകാണില്ല.
 

രണ്ടാം പിണറായി സർക്കാർ രണ്ട് മാസം പൂർത്തിയാക്കുമ്പോഴിതാ, എ കെ ശശീന്ദ്രൻ മന്ത്രി വീണ്ടും വിവാദങ്ങളിൽ പെട്ടിരിക്കയാണ്. ഒരു എൻ സി പി നേതാവ് ഉൾപ്പെട്ട പീഡന പരാതി ഒതുക്കാനായി ഇടപെട്ടതോടെയാണ് മന്ത്രി വിവാദത്തിലായത്. മന്ത്രി രാജിവെക്കണമെന്നാണ് ഉയരുന്ന ആവശ്യം.  പ്രതിപക്ഷം നിയമസഭയിലും പുറത്തും ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങുകയാണ്. സി പി എമ്മും, മുഖ്യമന്ത്രിയും ശശീന്ദ്രൻ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. സംഭവം കൂടുതൽ വിവാദമായാൽ എ കെ ശശീന്ദ്രന് രാജിവെക്കേണ്ടിവരികയും ചെയ്യും. കാടിന്റെ മന്ത്രി കാട്ടുനിയമം നടപ്പാക്കാൻ ശ്രമിച്ചുവെന്നും, സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുന്നുവെന്നുമാണ് ശശീന്ദ്രനെതിരെയുള്ള ആരോപണം.
മന്ത്രി രാജിവെക്കാനുള്ള സാധ്യത എൻ സി പി നേതൃത്വം തള്ളിയിരിക്കയാണ്. കേസ് കൈകാര്യം ചെയ്തതിൽ ശശീന്ദ്രന് ജാഗ്രക്കുറവുണ്ടാക്കിയിരിക്കയാണ്.  മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ശശീന്ദ്രൻ കാര്യങ്ങൾ വിശദീകരിച്ചുവെന്നാണ് ചാക്കോസാർ പറയുന്നത്.
ആരോപണം കനക്കട്ടെ, വിക്കറ്റുകൾ വീഴട്ടെ….. കണ്ടാലും കൊണ്ടാലും പഠിക്കാത്ത വോട്ടർമാർ ഇനിയെങ്കിലും കണ്ണുതുറക്കട്ടെ….


വ്യാജ വക്കീലന്മാർ ആലപ്പുഴയിൽ മാത്രമോ…?

ആലപ്പുഴയിൽ നിന്നുള്ള ഒരുതട്ടിപ്പ്  വാർത്ത കോടതിയെ തന്നെ ഞെട്ടിച്ചിരിക്കയാണ്,  വ്യാജന്മാർ കോടതിയെയും ഞെട്ടിച്ചു. ഒരു യോഗ്യതയുമില്ലാത്ത ഒരു സ്ത്രീ ഒരു സുപ്രഭാതത്തിൽ ആലപ്പുഴ ബാറിൽ അഭിഭാഷകയായി എത്തി. ഒരു ഔദ്യോഗിക രേഖയുമില്ലാതെ ആ സ്ത്രീയെ അഭിഭാഷകയായി ബാർ കൗൺസിൽ അംഗീകരിച്ചു.
 
 
നിയമപരമായി ഹാജരാക്കേണ്ട ഒരു രേഖയും സർട്ടിഫിക്കറ്റും ഹാജരാക്കാതെ സിസി സേവ്യർ എന്നുപേരുകാരി ആലപ്പുഴ ബാറിൽ അറിയപ്പെടുന്ന വക്കീലുമായി. രാമങ്കരി സ്വദേശിയായ സിസി സേവ്യർ എൽ എൽ ബി പാസായതായി ആർക്കും അറിവില്ലായിരുന്നു.
ആലപ്പുഴ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സിസി സേവ്യർ മത്സരിച്ചു, വൻഭൂരിപക്ഷത്തോടെ വിജയിച്ചതുമൊക്കെ വളരെ കുറഞ്ഞകാലത്തിനിടയിൽ. സിസി വളരെപെട്ടെന്ന് ആലപ്പുഴയിൽ അറിയപ്പെടുന്ന വക്കീലായിമാറി. ആലപ്പുഴ ബാറിൽ ലൈബ്രറിയുടെ ചുമതലയും സിസിക്കായിരുന്നു.  ഒടുവിലിതാ…,  ഏകവരുടെയും പ്രിയങ്കരിയായ  വക്കീൽ, വ്യാജവക്കീലാണന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് അഭിഭാഷകരും ജഡ്ജിമാരും.

 ഈ വ്യാജവക്കീൽ കോടതിയിലും ലീഗൽ സർവ്വീസ് അതോറിറ്റിയിലും പ്രവർത്തിച്ചു, ചില നിയമപരമായ തീരുമാനങ്ങളും കൈക്കൊണ്ടിരുന്നു. ഇതെല്ലാം ചോദ്യം ചെയ്യപ്പെടുന്നതോടെ വലിയ തിരിച്ചടിയാണ് ഉണ്ടാവുക. ആലപ്പുഴ ബാറിലെ കോടതി നടപടിയടക്കം സംശയത്തിന്റെ നിഴലിലായിരിക്കയുമാണ്. 
 
അഡ്വക്കേറ്റായി എൻട്രോൾ ചെയ്യാത്ത ഒരാൾ എങ്ങിനെയാണ് വക്കീലായി രണ്ടര വർഷത്തോളം ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തതെന്നാണ് ഉയരുന്ന ചോദ്യം. സിസിയുടെ പിന്നിൽ ഉന്നത നേതാക്കളുണ്ടായിരുന്നുവെന്നാണ്  ഉയരുന്ന ആരോപണം. ഒരു ഉന്നത നേതാവിന്റെ സംരക്ഷണയിലാണ് സിസി ഒളിവിൽ കഴിയുന്നതെന്നാണ് അഭിഭാഷകർ തന്നെ ഉയർത്തുന്ന ആരോപണം.

വ്യാജവക്കീലാണെന്ന് അറിഞ്ഞുകൊണ്ട് ഉന്നത ഗൂഢാലോചന നടന്നുവോ എന്നാണ് ഉയരുന്ന സംശയങ്ങൾ… ബാർ കൗൺസിലിലേക്ക് സിസിയെ മത്സരിപ്പിച്ച ചില കോൺഗ്രസ് അനുകൂല അഭിഭാഷകരും സംശയത്തിന്റെ നിഴലിലാണ്.



ഇളവുനൽകിയുള്ള ചില ‘കളികൾ’ വേണ്ടെന്ന് സുപ്രിംകോടതിയുടെ മുന്നറിയിപ്പ്



കോവിഡ് ഭീഷണിയിൽ നിന്നും മിക്കവാറും എല്ലാ സംസ്ഥാനങ്ങളും മോചനം നേടിക്കഴിഞ്ഞിരിക്കയാണ്. എന്നാൽ കേരളം ഇപ്പോഴും കോവിഡിന്റെ പിടിയിൽ തന്നെയാണ്.  രാജ്യത്തുള്ള മൊത്തം കോവിഡ് രോഗികളിൽ നേർപകുതിയും കേരളത്തിലായതും ആശങ്കവർദ്ധിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിച്ചിരിക്കുന്നയിടങ്ങളിൽ കർശനമായ നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ലോക് ഡൗൺ തുടരുകയാണ്. ചില കടകൾ തുറക്കാൻ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് അനുമതി. ഇത്തരം നടപടികൾ വലിയ തിരക്കാണ് ഉണ്ടാക്കിയത്.
 


ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യം ആദ്യം പരിഗണിക്കാൻ സർക്കാരിന് താല്പര്യമുണ്ടായിരുന്നില്ല. കടകൾ അനുമതിയുണ്ടായാലും ഇല്ലെങ്കിലും ശനിയാഴ്ച മുതൽ തുറക്കുമെന്നായിരുന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനം. ആ കളിവേണ്ടെന്ന് മുഖ്യമന്ത്രി താക്കീതും നൽകി. എന്നാൽ  സർക്കാർ ബക്രീദിന് ഇളവുകൾ പ്രഖ്യാപിച്ചു.  
ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കുന്ന സ്ഥലങ്ങളിൽ പോലും ഇളവുകൾ നൽകാൻ സർക്കിരിനുമേൽ സമ്മർദ്ധമുണ്ടായി.  

എന്നാൽ കേരള സർക്കാരിന്റെ തീരുമാനത്തെ സുപ്രിംകോടതി പോലും വിമർശിച്ചിരിക്കയാണ്. വിമർശനങ്ങൾ എന്തുവന്നാലും കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ തീരുമാനം എന്താവുമെന്ന് ആർക്കും നിശ്ചയമില്ല. എത്രകാലം അടച്ചിടാൻ പറ്റുമെന്നാണ് മുഖ്യമന്ത്രിപോലും സംശയം പ്രകടിപ്പിച്ചത്. അടച്ചിടുകയാണ് സുരക്ഷിതം, അല്ല നിയന്ത്രണങ്ങോടെ തുറക്കുന്നതാണ് സുരക്ഷിതം എന്നൊക്കെ വിവിധ തരം അഭിപ്രായങ്ങളാണ് ഉയരുന്നത്.

മരം മുറി വിവാദവും ഗുഡ് സർവ്വീസ് എൻട്രിയും

രണ്ടാം പിണറായി സർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ വിവാദമായിരുന്നു മുട്ടിൽ മരം മുറി കേസ്. പട്ടയഭൂമിയിൽ നിന്നും ഈട്ടി, തേക്ക് തുടങ്ങിയ രാജപദവിയുള്ള മരങ്ങൾ വെട്ടിക്കടത്തിയ കേസ് ഏറെ വിവാദങ്ങൾക്ക് വഴിയായി. മുൻവനം, റവന്യൂ മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിലായതും സർക്കാരിന് വലിയ തലവേദനയായി മാറി.
 
 
മരം മുറികേസിൽ നിന്നും സ്വയം രക്ഷപ്പെടാനുള്ള മാർഗമാണ് ഇപ്പോൾ ഇടതുമുന്നണി തേടുന്നത്. ഉപ്പുതിന്നുകയും വെള്ളം കുടിക്കുകയും ചെയ്തുകൊണ്ടിരിക്കയാണ് ചിലർ. വിവരാവകാശ നിയമപ്രകാരം മരംമുറിക്കാനായി ഇറക്കിയ ഉത്തരവിന്റെ രേഖകൾ നൽകിയതിന് ഒരു ഉന്നത ഉദ്യോഗസ്ഥ രക്തസാക്ഷിയായി.

ഗുഡ് സർവ്വീസ് എൻട്രി ലഭിച്ച ഉദ്യോഗസ്ഥയെ മാനസികമായി തകർക്കുകയാണിപ്പോൾ റവന്യൂ സെക്രട്ടറി. ഗുഡ് സർവ്വീസ് എൻട്രി തിരികെവിളിച്ചും, അവർക്കെതിരെ കുറ്റപത്രം നൽകിയുമാണ് മരം മുറി കേസിൽ ട്വിസ്റ്റുണ്ടാക്കിയത്.


ലോക് താന്തിക്കിൽ ശ്രേയാംസ് കുമാറിനെതിരെ വിമത നീക്കം

പിളർന്നു പിളർന്ന് ശക്തി ക്ഷയിച്ചുപോയ സോഷ്യലിസ്റ്റ് പാർട്ടിയാണ് ജനതാദൾ. നിരവധി പിളർപ്പുകൾ കണ്ടും, അനുഭവിച്ചും നിസ്സഹായരായ നേതാക്കൾ ഇന്നും വിവിധ ജനതാദൾ പാർട്ടികളിൽ തുടരുന്നുണ്ട്. സോഷ്യലിസം മുറുകെ പിടിച്ച് ബി ജെ പിയുമായി സഖ്യമുണ്ടാക്കി ഭരണത്തിന്റെ സുഖം അനുഭവിക്കുന്നവരമുണ്ട്. 
 
കേരളത്തിൽ ഇരു ചേരികളിലായിരുന്ന സോഷ്യലിസ്റ്റ് ജനതാദളും, ലോക് താന്തിക്ക് ജനതാദളും ഇടതുമുന്നണിയിലേക്ക് വന്നത് സോഷ്യലിസം യാഥാർത്ഥ്യമാവുമെന്ന സ്വപ്‌നത്തിന്റെ പേരിലൊന്നുമായിരുന്നില്ല. ഭരണത്തിൽ പങ്കാളിയാവുക എന്ന ഒറ്റ ലക്ഷ്യത്തിലാണ്.

കൂത്തുപറമ്പ്, വടകര, കൽപ്പറ്റ സീറ്റുകൾ സി പി എമ്മിനോട് അവർ ചോദിച്ചുവാങ്ങിയതും വലിയ സ്വപ്‌നങ്ങൾ മുന്നിൽ കണ്ടാണ്. എന്നാൽ സോഷ്യലിസ്റ്റ് ജനതയുമായി ലയിച്ചുവരാനായിരുന്നു സി പി എമ്മിന്റെ നിർദ്ദേശം, അന്ന് വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന എൽ ജെ ഡിയും, ജെ ഡി എസും ഒന്നാവണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായിവിജയന്റെ നിർദ്ദേശമെങ്കിലും ദേശീയതലത്തിൽ രണ്ടു പാർട്ടിയായതിനാൽ അതിന് ഇരുവിഭാഗവും താല്പര്യം കാണിച്ചില്ല. 
 
 
വീരേന്ദ്ര കുമാറിന്റെ മരണത്തോടെ പാർട്ടി അധ്യക്ഷനും, രാജ്യസഭാ എം പിയുമായി തീർന്ന ശ്രേയാംസ് കുമാറിനു മുന്നിലും സി പി എം ലയനസിദ്ധാന്തം അവതരിപ്പിച്ചിരുന്നു. അമിതമായ ആത്മവിശ്വാസമുണ്ടായിരുന്ന എൽ ജെ ഡി അതൊന്നും ചെവിക്കൊണ്ടില്ല. ഒടുവിൽ സംഭവിച്ചതാണ് ദുരന്തം, കൂത്തുപറമ്പിൽ മാത്രമെ പാർട്ടി സ്ഥാനാർത്ഥിക്ക് ജയിച്ചു കയറാൻ കഴിഞ്ഞുള്ളൂ. കൽപ്പറ്റയും, നാളിതുവരെ സോഷ്യലിസ്റ്റ് കോട്ടയായി നിലനിന്നിരുന്ന വടകരയും തകർന്നു. 
 
കെ പി മോഹനൻ എന്ന ഏക എം എൽ എയെ സി പി എം മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ല. പോയി ലയിച്ചുവരൂ, എന്നിട്ട് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണോ എന്ന് ആലോചിക്കാമെന്നായിരുന്നു പിണറായി വിജയന്റെ ഉഗ്രശാസന. കൽപ്പറ്റയിൽ തോറ്റമ്പിയതോടെ ശ്രേയാംസ്‌കുമാറിനും പാർട്ടിക്ക് മന്ത്രിസ്ഥാനം വേണമെന്ന് തോന്നിയില്ല. അങ്ങിനെ കെ പി മോഹനന് മാത്രം ഒന്നും കിട്ടിയില്ല. മറ്റെല്ലാ ഘടകകക്ഷികൾക്കും മന്ത്രി സ്ഥാനം വീതം വച്ചു രണ്ടര വർഷത്തേക്ക് മന്ത്രി സ്ഥാനം നൽകി. 
 
ഇതെല്ലാം സംസ്ഥാന അധ്യക്ഷന്റെ പിടിപ്പുകേട് കൊണ്ട് സംഭവിച്ച ദുരന്തമാണെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്.
ശ്രേയാംസിനെ മാറ്റണമെന്ന ആവശ്യവുമായി ശരത് യാദവിനെ കാണാൻ ഡൽഹിയിലെത്തിയ നേതാക്കൾ ഉടൻ നേതൃത്വംമാറ്റം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രേയാംസ് കുമാർ നേതാക്കളുടെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ മിക്കവാറും ശ്രേയാംസിനെ പുറത്താക്കി പാർട്ടിയിൽ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് വിമതർ.

കെ പി മോഹനൻ എം എൽ എ, ഷെയ്ക് ഹാരിസ്, വർഗീസ് ജോർജ് തുടങ്ങിയ നേതാക്കളാണ് കലാപകൊടിയുർത്തിയിരിക്കുന്നത്. ലോക് താന്തിക് ജനതയുടെ ഭാവി എന്താവുമെന്ന് കണ്ടറിയുക തന്നെ വേണം.


ഫോൺ ചോർത്തലാണ് പുതിയ വിവാദം

രാജ്യത്തെ ഞെട്ടിച്ച സംഭവമാണ് ഫോൺ ചോർത്തൽ വിവാദം. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ നിരവധി പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണമാണ് ദേശീയ തലത്തിലുള്ള വിവാദം. ബി ജെ പിയുടെ എം പിയായ സുബ്രഹ്മണ്യസ്വാമിയാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്. വിദേശ മാധ്യമങ്ങളടക്കം ഫോൺചോർത്തൽ വിവാദം വലിയ വാർത്തയാക്കി. പത്രപ്രവർത്തകർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം നിരവധി പേരുടെ ഫോൺസംഭാഷണങ്ങളാണ് ചോർത്തിയത്.

 
കേന്ദ്രസർക്കാരിന് സ്വന്തം മന്ത്രിമാരെ പോലം വിശ്വാസമില്ലെന്നുള്ള പ്രതികരണംവരെ വന്നപ്പോഴും സംഭവം സത്യമല്ലെന്നാണ് പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയും പറയുന്നത്. ഇസ്രായേലി സോഫ്റ്റ് വെയറായ പെഗാസസിന് കോടികൾ നൽകിയാണ് ഫോൺ ചോർത്തൽ നടത്തിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ ഫോൺ സംഭാഷണങ്ങളാണ് ചോർത്തിയത്. 
പാർലമെന്റിൽ പ്രതിപക്ഷ കക്ഷികൾ അതി ശക്തമായ പ്രതിഷേധമാണ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഉയർത്തിയത്.

വാൽകഷണം :

അച്ഛനെ കാണാനായി നാട്ടിലേക്ക് പോവണമെന്ന ബിനീഷ് കോടിയേരിയുടെ ആവശ്യം ബാംഗ്ലൂർ ഹൈക്കോടതി തള്ളി. മകൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതിനെ തുടർന്ന് അച്ഛൻ കോടിയേരിയുടെ പാർട്ടി സെക്രട്ടറി ജോലി തെറിച്ചിരുന്നു, നിലവിൽ ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്ററാണ് കോടിയേരി ബാലകൃഷ്ണൻ.

LEAVE A REPLY

Please enter your comment!
Please enter your name here