സ്വന്തം ലേഖകന്‍

കൊച്ചി: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ഷൂട്ടിംഗ് തുടര്‍ന്ന മിന്നല്‍മുരളിയെ നാട്ടുകാര്‍ പൂട്ടി. ടൊവിനോ തോമസ് നായകനാവുന്ന മിന്നല്‍ മുരളിയെന്ന സിനിമയുടെ ഷൂട്ടിംഗാണ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നിര്‍ത്തിവെപ്പിച്ചത്. തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നത്. ഡി കാറ്റഗറിയില്‍ പെട്ട കുമാരമംഗലത്ത് ഷൂട്ടിംഗിനെതിരെ നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു.

ഇതോടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ സംഘര്‍ഷാവസ്ഥയുടലെടുത്തതോടെയാണ് പൊലീസ് ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചത്. സര്‍ക്കാര്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നിരിക്കെ സിനിമാ സംഘടനകളുണ്ടാക്കിയ നിയമാവലിയിലാണ് ഷൂട്ടിംഗ് നടന്നിരുന്നതെന്നാണ് ഉയരുന്ന ആരോപണം. കോവിഡ് അതിതീവ്രബാധയുള്ള സ്ഥലങ്ങളില്‍ ഷൂട്ടിംഗ് നടത്താനുള്ള അനുമതിയില്ലെന്നിരിക്കെ, ഫെഫ്കയുണ്ടാക്കിയ നിയമാവലിയെ മാത്രം വിശ്വസിച്ചിറങ്ങിയ സിനിമാ സംഘത്തിനാണ് തിരിച്ചടിയായത്.

30 നിയമങ്ങള്‍ പാലിച്ച് ഷൂട്ടിംഗ് നടത്താമെന്നായിരുന്നു സംഘടന ഇറക്കിയ നിയമാവലിയില്‍ പറഞ്ഞിരുന്നത്. ഫെഫ്ക, അമ്മ, ഫിലിംചേമ്പര്‍, ഫിലി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് നിയമാവലി പ്രസിദ്ധീകരിച്ചത്. ഷൂട്ടിംഗ് സംഘത്തില്‍ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതിയുള്ളൂ. ഷൂട്ടിംഗ് ലൊക്കേഷനില്‍ പാലിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളുമെല്ലാം പ്രഖ്യാപിച്ചപ്പോഴും ഡി ക്യാറ്റഗറിയില്‍ എന്ത് ചെയ്യുമെന്ന് ഈ ഷൂട്ടിംഗ് മാന്വവലിലും പറഞ്ഞിരുന്നില്ല.

കലക്ടറുടെ ഉത്തരവുണ്ടെന്ന് പറഞ്ഞ് ഷൂട്ടിംഗ് തുടര്‍ന്നുവെങ്കിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പൊലീസിന് മിന്നല്‍മുരളി കീഴടങ്ങുകയായിരുന്നു. ഒന്നര വര്‍ഷംമുന്‍പ് ആലവുയ്ക്കടുത്ത് ഇതേ സിനിമയ്ക്കായി നിര്‍മ്മിച്ച സെറ്റ് തകര്‍ത്തതും വിവാദമായിരുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലെതെ സെറ്റിട്ടതിനെതുടര്‍ന്ന് മിന്നല്‍മുരളിയുടെ സെറ്റുകള്‍ പൊളിച്ചുമാറ്റിയതും, ക്ഷേത്രസ്ഥലത്ത് സെറ്റിട്ടതിന്റെ പേരില്‍ അക്രമം നടന്നതും, സംഘ്പരിവാര്‍ അക്രമമെന്നപേരില്‍ ദേശീയതലത്തില്‍ തന്നെ വിവാദമായ സിനിമയായിരുന്നു ടൊവിനോയുടെ മിന്നല്‍ മുരളി.

കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഫെഫ്ക പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷൂട്ടിംഗ് നടത്തിയതെന്നാണ് അണിയറപ്രവര്‍ത്തകരുടെ ന്യായം. എന്നാല്‍ ഡി കാറ്റഗറിയില്‍ നിയന്ത്രണം ശക്തവാക്കുമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം സിനിമാ ഷൂട്ടിംഗിന് ബാധകമല്ലെന്ന നിലപാടാണ് സിനിമാ പ്രവര്‍ത്തകര്‍ സ്വീകരിച്ചതെന്നും, കടകള്‍പോലും തുറക്കാന്‍ സമ്മതിക്കാത്ത കര്‍ശന നിയമം നടപ്പാക്കുമ്പോഴും എങ്ങിനെയാണ് ഷൂട്ടിംഗിന് മാത്രം അനുമതിയെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം.

വിവിധ ഭാഷകളിലായി ചിത്രീകരിക്കുന്ന മിന്നല്‍മുരളി ഇത് രണ്ടാം തവണയാണ് വിവാദങ്ങളില്‍ പെടുന്നതും, ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടിയും വരുന്നത്. ബേസില്‍ സംവിധാനം ചെയ്യുന്ന മിന്നല്‍മുരളി സോഫിയാപോളാണ് നിര്‍മ്മിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here