രാജേഷ് തില്ലങ്കേരി

കുരങ്ങന് പൂമാല കിട്ടിയതുപോലെയാണ് ഐ എൻ എൽ നേതാവും മന്ത്രിയുമായ അഹമ്മദ് ദേവർകോവിലിന്റെ അവസ്ഥ. ഒരിക്കലും സ്ഥാനാർത്ഥിയാവുമെന്നോ, ജയിച്ചു കയറി എം എൽ എയും മന്ത്രിയുമാവുമെന്നോ സ്വപ്‌നത്തിൽ പോലും കരുതാത്തയാളായിരുന്നു അഹമ്മദ് ദേവർ കോവിൽ. ലീഗിന്റെ ശക്തി ദുർഗമായിരുന്ന കോഴിക്കോട്  സൗത്തിൽ ഇത്തവണ ലീഗ്സ്ഥാനാർത്ഥി ഒരു സ്ത്രീയായതോടെയാണ് അഹമ്മദ് ദേവർകോവിലിന്റെ ശുക്രദശ തുടങ്ങുന്നത്.


ഐ എൻ എൽ സംസ്ഥാന അധ്യക്ഷനായ  അബ്ദുൽ വഹാബിന് കോഴിക്കോട് സൗത്തിൽ മത്സരിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ കാസിം വി ഇരിക്കൂർ എന്ന ജന.സെക്രട്ടറി അബ്ദുൽ വഹാബിനെ മറ്റൊരിടത്തേക്ക് തട്ടി. ഒറ്റ അംഗങ്ങളുള്ള പാർട്ടികളെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ട എന്നായിരുന്നുവല്ലോ എൽ ഡി എഫ് തീരുമാനം. ആ തീരുമാനം മാറ്റിയത് കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാനായാണ്. ആദ്യഘട്ടത്തിൽ കെ ബി ഗണേഷ് കുമാറിനെയും കടന്നപ്പള്ളിയെയും മന്ത്രിമാരാക്കാൻ നീക്കം നടത്തിയെങ്കിലും കാസിം ഇരിക്കൂർ ഇടപെട്ട് മന്ത്രി സ്ഥാനം ആദ്യ ഘട്ടത്തിലേക്ക് മാറ്റി.
 
 ഭരണത്തിന്റെ സൗകര്യങ്ങൾ എല്ലാം ഉടൻ നേടിയെടുക്കുകയെന്നതായിരുന്നു ഐ എൻ എൽ നേതാക്കളുടെ നീക്കം. മന്ത്രി സ്ഥാനം കിട്ടിയതോടെ ലഭിക്കാനിരിക്കുന്ന ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾക്കായി പാർട്ടിയിൽ പോരാട്ടം തുടങ്ങി. അങ്ങിനെയാണ് പി എസ് സി അംഗത്വം 40 കോടിക്ക് വിറ്റത്. ഇതിലും വലിയ കച്ചവടങ്ങൾക്കാണ് നേതാക്കൾ പദ്ധതികൾ തയ്യറാക്കിയത്. 
 
കാസിം ഇരിക്കൂറും മന്ത്രിയും മാത്രമായി ചില പദ്ധതികൾ തയ്യാറാക്കിയതോടെ മറ്റു നേതാക്കൾക്ക് വിദ്വേഷമായി. ഇതാണ് ഐ എൻ എൽ തെരുവിൽ ഏറ്റുമുട്ടുന്നതിലേക്ക് എത്തിച്ചത്. ഒടുവിൽ ഞായറാഴ്ച ഐ എൻ എൽ ചരിത്രപരമായ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചു. പിളർന്നുമാറി. ജനറൽ സെക്രട്ടറി കാസി ഇരിക്കൂറിനെ വഹാബും, സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നും വഹാബിനെ കാസിം ഇരിക്കൂറും പുറത്താക്കിയിരിക്കുന്നു.
 

മന്ത്രിയെയും അബ്ദുൽ വഹാബ് പുറത്താക്കി. തങ്ങൾ ഇടത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് എൽ ഡി എഫിൽ തന്നെ തുടരുമെന്നും പ്രഖ്യാപിച്ചിരിക്കയാണ്. ഐ എൻ എൽ എന്നത് ഒരു പാർട്ടിയായി പൂർണമായും രൂപാന്തരം പ്രാപിക്കാത്ത അരപ്പാർട്ടിയാണ് എന്ന് സി പി എമ്മിന് അറിയാം. എന്നാലും തുടർച്ചയായി ഭരണ മില്ലാത്തതിന്റെ മാനസിക സംഘർഷം അനുഭവിക്കുന്ന ലീഗ് പ്രവർത്തകരെ ഐ എൻ എല്ലിലേക്ക് ആകർഷിപ്പിക്കാനും ലീഗിനെ തകർക്കാനുമുള്ള എൽ ഡി എഫിന്റെ പദ്ധതിയായിരുന്നു അഹമ്മദ് ദേവർകോവിലിനെ മന്ത്രിയാക്കിയത്. 
 
 
എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലാണ് സി പി എമ്മിപ്പോൾ. പരസ്യമായുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്ന് സി പി എം ഐ എൻ എല്ലിനോട് നേരത്തെ താക്കീത് ചെയ്തതാണ്. രണ്ടര വർഷത്തെ മന്ത്രി സ്ഥാനം രണ്ടര മാസം കൊണ്ടുതന്നെ തെറിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചതിനെ കുറിച്ച് ഒരു ലീഗ് നേതാവ് പറഞ്ഞത്, ഗ്രഹണി പിടിച്ചവൻ ചക്കരചോറ് കണ്ട അവസ്ഥയിലെന്നാണ്….

മന്ത്രികസേരയിൽ രണ്ടേകാൽ വർഷം ഇനിയുമുണ്ട്, അത്രയും കാലം  എങ്ങിനെ പിടിച്ചുനിൽക്കുമെന്നാണ് അഹമ്മദ് ദേവർകോവിൽ  ഇപ്പോൾ ആലോചിക്കുന്നത്. ഇടതുമുന്നണിയിൽ ഇടത് സ്വഭാവമുള്ള ആരെങ്കിലുമുണ്ടോ എന്ന് മുന്നണി കൺവീനർകൂടിയായ എ വിജയരാഘവൻ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

കരുവന്നൂരിലെ തട്ടിപ്പിൽ പാർട്ടിക്ക് ബന്ധമില്ല, ഉണ്ടായത് ജാഗ്രതക്കുറവ് മാത്രം….!!!


 കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും കോടികൾ വെട്ടിച്ചതിൽ സി പി എം പറയുന്നു, ജാഗ്രതക്കുറവുണ്ടായി എന്ന്. പാർട്ടി ഒന്നും അറിഞ്ഞിരുന്നില്ല, ചില നേതാക്കൾ അറിഞ്ഞു അവർ പറഞ്ഞതുമില്ല. ജാഗ്രതക്കുറവുണ്ടായത് ആർക്കൊക്കെയാണ് ?  പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന നേതാവിന്, അടുത്ത ജാഗ്രതക്കുറവുണ്ടായത് മുൻമന്ത്രിയും സി പി എമ്മിന്റെ സമുന്നതനായ നേതാവുമായ എ സി മൊയ്തീന്. കഴിഞ്ഞ നാലുവർഷമായി കരുവന്നൂർ ബാങ്കിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള വിവരം കിട്ടിയിട്ടും ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോൺ, എ സി മൊയ്തീൻ തുടങ്ങിയ നേതാക്കൾ മൗനം പാലിച്ചു. 
 
 
 
ഇരിഞ്ഞാലക്കുട ഏരിയാ കമ്മിറ്റി ഭാരവാഹികളും മൗനം പാലിച്ചു. എന്നിട്ടും തട്ടിപ്പ് സി പി എം നേതൃത്വം അറിഞ്ഞല്ല എന്നാണ് സഖാക്കൾ വ്യക്തമാക്കുന്നത്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന സ്ഥിരം പ്ലക്കാർഡുമായി മന്ത്രിമാരായ എം വി ഗോവിന്ദൻ, വി എൻ വാസവൻ തുടങ്ങിയ സിദ്ധാന്തികൾ രംഗത്തെത്തിയിട്ടുണ്ട്. സഹകരണ മേഖലയെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് സി പി എം നേതാക്കൾ നാഴികയ്ക്ക് നാല്പതുവട്ടം പറഞ്ഞുകൊണ്ടേയിരിക്കുന്നത്. സഹകരണ പ്രസ്ഥാനം നാടിന്റെ നട്ടെല്ലാണ്, അത് തകർന്നാണ് നാട് തകരും, ശരിയാണ്. പക്ഷേ, ആ ബോധം പാർട്ടിക്കാർക്കും ഉണ്ടാവേണ്ടേ സഖാക്കളേ… പാർട്ടിക്ക് ആധിപത്യമുള്ള സഹകരണ സംഘം, എതിരാളികളില്ലാത്ത സ്ഥാപനം. എന്തു കൊള്ളരുതായ്കകളും ചെയ്യാനുള്ള ലൈസൻസായി മാറുകയാണ് ഏകാധിപത്യം എന്നൊക്കെ തിരിച്ചറിയേണ്ടേ…
 
 

അല്ലാതെ കോടികൾ തട്ടിയതിന് ശേഷം ജാഗ്രതക്കുറവുണ്ടായി എന്നും മുഖം നോക്കാതെ നടപടിയെന്നുമൊക്കെ സ്ഥിരമായി എഴുതിയുണ്ടാക്കിയ ചർവ്വിത ചർവണമായ ചൊല്ലുമായി നടക്കാൻ നാണമാവില്ലേ…. നമ്മൾ കള്ളങ്ങൾക്ക് കൂട്ടുനിൽക്കുന്ന പാർട്ടിയെന്നാണോ നിങ്ങൾ കരുതിയത് എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. നിരവധി ആരോപണങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ പുറത്തുവരുന്നു, ഒരറ്റത്ത് പാർട്ടിക്കാരാണ് സ്ഥിരമായി കണ്ടുവരുന്നത്. അതെന്തുകൊണ്ടാണ്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ മാത്രം പാർട്ടി വിദ്യാഭ്യാസത്തിന്റെ കുറവുകാണുന്നു. അതുമാത്രമല്ല, സമൂഹം വല്ലാതെ മാറിയിരിക്കുന്നു. പാർട്ടി അംഗങ്ങളെയും അനുഭാവികളെയും വിദ്യാഭ്യാസവൽക്കരിക്കേണ്ട സമയം വല്ലാതെ കടന്നാക്രമിച്ചിരിക്കയാണ് സഖാക്കളേ…


കെ സുരേന്ദ്രനും കൊടകരമാഹാത്മ്യവും

ഒടുവിൽ കൊടകരയിലെ പണം ബി ജെ പിയുടേതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നു. കർണ്ണാടകയിൽ നിന്നും ബി ജെ പിക്കായി കൊണ്ടുവന്ന പണമാണ് കൊടകര ദേശീയപാതയിൽവച്ച് അക്രമിസംഘം തട്ടിയെടുത്തതെന്നും കെ സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരം കൊണ്ടുവന്നതാണ് കോടികളെന്നും പൊലീസ് കണ്ടെത്തി. വെറുതെ പറയുകയൊന്നുമല്ല, ഇരിഞ്ഞാലകോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച 600 പേജുള്ള കുറ്റപത്രത്തിൽ പറഞ്ഞതാണ്.
ബി ജെ പി ക്ക് പങ്കില്ലെന്നും, രാഷ്ട്രീയമായി തകർക്കാനുള്ള സി പി എമ്മിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് കുറ്റപത്രമെന്നും കെ സുരേന്ദ്രൻ അപ്പോതന്നെ പറഞ്ഞിട്ടുണ്ട്.
 
 
19 ബി ജെ പി നേതാക്കളെയാണ് പൊലീസ് ചോദ്യം ചെയ്തത്. അവരെല്ലാം കേസിൽ സാക്ഷികളുമാണ്. ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടില്ലെങ്കിലും സുരേന്ദ്രന്റെ മകനും സാക്ഷിയാണ്. കോടിക്കണക്കിന് ഹവാല പണം കേരളത്തിലേക്ക് വന്നിട്ടുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മൂന്നര കോടി തന്റേതാണെന്നും ബിസിനസ് ആവശ്യത്തിന് കൊണ്ടുവന്ന പണമാണെന്നും പറഞ്ഞ് കോടതിയിലെത്തിയ ധർമ്മ രാജൻ പറയുന്നു ആ പണം എന്റേതല്ല, ഞാൻ വെറും കൂലിക്കാരൻ മാത്രമെന്ന്.
ഡിജിറ്റൽ ഇന്ത്യ, കള്ളപ്പണരഹിത ഇന്ത്യ എന്നൊക്കെ പറഞ്ഞ് ആളെ പറ്റിച്ചതൊക്കെ വെറുതെ.

‘ഇപ്പ ശര്യക്കാന്ന് ‘ പറഞ്ഞെത്തിയ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എവിടെയാണാവോ …?


കെ സുധാകരന്റെ ഒരു ലാന്റിംഗ് കണ്ട് ശരിക്കും എതിരാളികൾപോലും ഞെട്ടിത്തരിച്ചുപോയിരുന്നു. കോൺഗ്രസിൽ അടിമുടി മാറ്റം…. ജംബോ കമ്മിറ്റികളെല്ലാം പിരിച്ചുവിടും, പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് കേവലം 51 അംഗ ഭാരവാഹികൾ  മാത്രം, എല്ലാ ജില്ലാ അധ്യക്ഷൻമാരെയും ഉടൻ മാറ്റും, പാർട്ടി ജ്ഞാനമില്ലാത്തവർക്ക് പാർട്ടി സ്‌കൂൾ, താഴേത്തട്ടിൽ തൊട്ട് പാർട്ടിയെ വളർത്താനായി ചെറുസമിതികൾ…. അങ്ങിനെ പോവുന്നു പരിഷ്‌കാരങ്ങൾ. 
 
ഗ്രൂപ്പില്ലാത്ത കിനാശ്ശേരിയാണ് തന്റെ സ്വപ്‌നമെന്നും, ഗ്രൂപ്പിന്റെ പേരിൽ എന്തെങ്കിലും ആവാമെന്ന് ആരും കരുതേണ്ടെന്നും പ്രഖ്യാപിച്ചുകളഞ്ഞു കണ്ണൂരിന്റെ പടക്കുതിര.
 
 

സത്യം പറയാലോ, പേടിച്ചാണ് പിന്നെ എല്ലാവരും കെ പി സി സി ആസ്ഥാനത്തേക്ക് കാലെടുത്തുവെച്ചിരുന്നതുതന്നെ, ഗ്രൂപ്പ് മാനേജർമാർ തൊഴിൽ രഹിതരാവുമെന്നുറപ്പാക്കിയ പ്രഖ്യാപനം. ഗ്രൂപ്പ് മാനേജർമാർക്ക് പെൻഷൻ പ്രഖ്യാപിക്കണമെന്നുവരെ ആവശ്യങ്ങളുയർന്നു. എന്നാൽ ഇതൊന്നും അത്ര എളുപ്പം നടക്കുന്ന പണിയല്ലെന്ന് കെ സുധാകരനും ബോധ്യപ്പെട്ടു.
 
 ഇവിടുത്തെ കോൺഗ്രസ് നേതാക്കളെ ഒതുക്കാൻ ബ്രണ്ണൻ പഠനം മാത്രം പോര എന്നും കെ സുധാകരന് ബോധ്യപ്പെട്ടിട്ടുണ്ട്. ഒരു കെ പി സി സി, ഡി സി സി  പട്ടികകളുമായി ഡൽഹിയിലൂടെ കറങ്ങിത്തിരിയുകയാണ് സുധാകരേട്ടൻ. ഇതിനിടയിൽ അവിടെ തൊഴിൽ രഹിതനാവാൻ പോവുന്ന കെ സി വേണുഗോപാലിനെ പോലും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആയിട്ടില്ലത്രേ… ചെന്നിത്തല ജീ ദേശീയ വൈസ് പ്രസിഡന്റായി വരുമെന്നാണ് കേൾക്കുന്നത്. എന്തൊക്കെ നടക്കുമെന്നോ, ആരോക്കെ ഭാരവാഹികളാവുമെന്നോ ഒരു നിശ്ചയവുമില്ലെന്നാണ് ഇപ്പോഴത്തെ കോൺഗ്രസിന്റെ അവസ്ഥ. കോൺഗ്രസല്ലേ, എന്തും സംഭവിക്കാം….

 ബാറുകളുടെ സമയം


കേരളത്തിലെ ബാറുകളുടെ സമയം രാവിലെ 9 മുതൽ ഏഴുവരെയാക്കിയ സർക്കാരിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, ഇത്രയും ദീർഘവീക്ഷണമുള്ളൊരു സർക്കാർ കേരളത്തിലുണ്ടായിട്ടേയില്ല. ബിവറജസ് ഔട്ട്‌ലറ്റുകളുടെമുന്നിലുള്ള അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് ബാറുകളുടെ സമയം നീട്ടിയതെന്നാണ് വകുപ്പ് മന്ത്രി സഖാവ് ഗോവിന്ദൻ പറയുന്നത്. ബാറുകൾ അടച്ചിടുകയും കമ്മീഷൻ വ്യവസ്ഥകൾ ന്യായമായ രീതിയിലേക്ക് മാറ്റണമെന്നാവശ്യമുയർത്തുകയും ചെയ്ത സന്ദർഭത്തിലാണ് മദ്യവിൽപ്പന ശാലകൾക്ക് മുന്നിൽ തിരക്കുണ്ടായത്.
 
 
കൺസ്യൂമർ ഫെഡും സമരത്തിലായിരുന്നു. സമരം പിൻവലിക്കുകയും ബാറുകളും, കൺസ്യൂമർ ഫെഡും തുറന്നതോടെ തിരക്കുമില്ല, ആളുമില്ലാത്ത അവസ്ഥയായിരുന്നു. കോടതി നിർദ്ദേശം പാലിക്കാനാണ് പുതിയ നിയമ മെന്നാണ് മന്ത്രി പറയുന്നത്. കോടതി കുറേ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഔട്ട് ലറ്റുകൾ ആളുകൾക്ക് നിൽക്കാനുള്ള സൗകര്യമുള്ളിടത്തേക്ക് മാറ്റണം, അൽപ്പം വൃത്തിയും വെടിപ്പുമുള്ളിടത്തായിരിക്കണം വിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിക്കേണ്ടത്, എണ്ണം കൂട്ടണം എന്നൊക്കെ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മദ്യപാനികളുടെ പണം വേണം, മദ്യപാനികളോട് പുച്ഛം ഇതാണ് ഭരണാധികാരികളുടെ നിലപാട്. ബാറുകളിൽ കച്ചവടം വർധിപ്പിക്കാനുള്ള സൗകര്യമാണ് സർക്കാർ ചെയ്തുകൊടുത്തതെന്ന് ആരോപണം വന്നപ്പോഴാണ് മന്ത്രി കോടതിയുടെ നിർദ്ദേശമാണ് എന്നുപറഞ്ഞ് കയ്യൊഴിയുന്നത്.

വാൽകഷണം:
കൊടകരപണം ബി ജെ പി നേതാക്കളുടെ നിർദ്ദേശ പ്രകാരം കൊണ്ടുവന്നതെന്ന് ധർമ്മരാജൻ. ലോറിയിലും ചാക്കിലുമായി കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് പണം കൊണ്ടുപോയതായും ധർമ്മരാജൻ വെളിപ്പെടുത്തിയിരിക്കുന്നു, പേര് കൊള്ളാം….ധർമ്മരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here