ന്യൂഡല്‍ഹി: നിയമസഭാ കൈയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, കെടി ജലീല്‍ എംഎല്‍എ എന്നിവരടക്കം കൈയ്യാങ്കളി കേസില്‍ പ്രതികളായ ആറ് എംഎല്‍എമാരും വിചാരണ നേരിടേണ്ടി വരും. നിയമസഭ പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്ന് വിധി പ്രസ്താവിച്ച് കൊണ്ട് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു. ജനപ്രതിനിധികള്‍ക്ക് എല്ലായിപ്പോഴും പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

കൈയ്യാങ്കളി കേസിനപ്പുറം നിയമസഭകളുടേയും പാര്‍ലമെന്റിന്റയും അതിലെ അംഗങ്ങളുടേയും സവിശേഷ അധികാരങ്ങള്‍ കൂടി പുനര്‍നിര്‍ണയിക്കുന്നതാണ് സുപ്രീംകോടതിയില്‍ നിന്നും വരുന്ന വിധി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്. കയ്യാങ്കളി കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. നിയമസഭയ്ക്കുള്ളില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് കേസില്‍ വാദം കേള്‍ക്കവെ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

കേസ് അവസാനിപ്പിക്കാന്‍ എന്ത് പൊതുതാല്‍പ്പര്യമെന്ന ചോദ്യവും കോടതി ഉയര്‍ത്തിയിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു. 2015ല്‍ അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താന്‍ നടന്ന പ്രതിഷേധം നിയമസഭയ്ക്കുള്ളില്‍ കയ്യാങ്കളിയായി മാറുകയായിരുന്നു. കേസില്‍ പ്രതികളായ ആറ് ഇടത് എംഎല്‍എമാരില്‍ മന്ത്രി വി.ശിവന്‍കുട്ടിയും, കെ.ടി.ജലീലും മാത്രമാണ് ഇപ്പോള്‍ നിയമസഭാംഗങ്ങളായിട്ടുള്ളത്. ഇപി ജയരാജനടക്കമുള്ളവര്‍ ഇപ്പോള്‍ എംഎല്‍എമാരല്ല.

നിയമസഭയില്‍ നടന്നത് അംഗങ്ങളുടെ പ്രതിഷേധമാണെന്നും പ്രതിഷേധിക്കാന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും അംഗങ്ങളുടെ പരിരക്ഷ ഉറപ്പാക്കണമെന്നുമായിരുന്നു സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. പ്രതിപക്ഷത്തെ വനിത അംഗങ്ങളെ അപമാനിച്ചു. വനിത അംഗങ്ങളെ അപമാനിച്ചതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. സഭക്കുള്ളിലെ നടപടികള്‍ക്ക് കേസെടുക്കാന്‍ സ്പീക്കറുടെ അനുമതി വേണമെന്നും സ്പീക്കറുടെ അനുമതിയോടെയല്ല നിയമസഭാ കൈയ്യാങ്കളിയിലെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു.

എന്നാല്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനിക്കാനാകില്ല. പൊതുമുതല്‍ നശിപ്പിച്ച കേസ് തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്തിനാണെന്നും നിയമസഭ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന്റെ പൊതുതാല്പര്യം എന്താണെന്നും വാദത്തിനിടെ സുപ്രീംകോടതി ചോദിച്ചു. നിയമസഭയില്‍ നടന്ന കയ്യാങ്കളി നല്‍കുന്ന സന്ദേശം എന്താണെന്നും ഒരു അംഗം തോക്കുമായി സഭയില്‍ വന്നാല്‍ അപ്പോഴും പരിരക്ഷ അവകാശപ്പെടുമോയെന്നും സുപ്രീംകോടതി ചോദിച്ചു. ഏറെ ഗൗരവമുള്ള കേസാണിത്. ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താനാണ് അംഗങ്ങള്‍ ശ്രമിച്ചത്. വീഡിയോ ദൃശ്യങ്ങള്‍ ഇതിനായി തെളിവായിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here