ജെയിംസ് കൂടൽ

സർവ മേഖലകളിലും ‘വ്യാജന്മാർ വിലസുന്ന’ ഇക്കാലത്ത് വിദ്യാഭ്യാസ രംഗവും വേറിട്ടതല്ല. വക്കീലായി വെറുതെ ‘വേഷം കെട്ടി’ കോടതിയിൽ വാദിച്ചുവന്ന വനിതാ വക്കീലിന്റെ വാർത്ത ഈയാഴ്ചയാണ് ജനം ആശ്ചര്യത്തോടെ കേട്ടത്. ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തുവന്ന വക്കീൽ ഇപ്പോൾ എങ്ങനെയെങ്കിലും ഒരു മുൻകൂർജാമ്യം ലഭിക്കാനായി നെട്ടോട്ടത്തിലാണ്, ഒളിവിലാണെങ്കിലും.


ഇതേപോലെ, വ്യാജ ചികിത്സകരെ, ‘ഡോക്ടറന്മാരെ’ നാട്ടുകാർ പലപ്പോഴും പിടികൂടി കൈകാര്യം ചെയ്യാറുണ്ട്.
എന്നാൽ ചികിത്സകരല്ലാത്ത വ്യാജ ‘ഡോക്ടറന്മാരും’ ഉണ്ട്.  പലരും കഷ്ടപ്പെട്ടു പഠിച്ച,് റിസ്സേർച്ച് ചെയ്ത്, പിഎച്ച്ഡി തീസീസ് സമർപ്പിച്ചു നേടുന്ന ഡോക്ടറേറ്റ,് വെറുതെ ഒരു അലങ്കാരത്തിനായി കാശു കൊടുത്തു വാങ്ങി ‘ഡോക്ടർ’ മാരായി വിലസുന്ന പ്രവണത അടുത്തകാലത്തായി കൂടിവരികയാണ്.


ഈയിടെ വ്യാജ ഡോക്ടറേറ്റുകളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് തന്നെ അന്വേഷണം നടത്തുകയും ഒളിക്യാമറയിലൂടെ പുറത്തുവന്ന തെളിവുകൾ ജനങ്ങളിലെത്തിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തു തന്നെ പണംവാങ്ങി ഡോക്‌റേറ്റ് നൽകുന്ന വ്യാജ യൂണിവേഴ്‌സിറ്റിയെയാണ് ‘ഉടായിപ്പ് ഡോക്ടർ’ എന്ന പ്രോഗ്രാം വെളിച്ചത്തുകൊണ്ടുവന്നത്. മറ്റു പല വ്യാജ ഡോക്ടറേറ്റുകളിലെന്നപോലെ ഇതിനും ഒരു അമേരിക്കൻ ബന്ധവുമുണ്ട്. അമേരിക്കയിലെ പ്രശസ്തമായ കോൺകോഡിയാ സർവകലാശാലയുടെ പേരിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. തിരുവനന്തപുരത്ത് കണ്ണംമൂലയിൽ കോൺകോഡിയാ ഓപ്പൺ യൂണിവേഴ്‌സിറ്റി എന്ന പേരിലാണ് വ്യാജസർവകലാശാലയുടെ പ്രവർത്തനം. ഇവിടെ ഏതു വിഷയത്തിലും ഉള്ള ഡോക്ടറേറ്റുകൾ ഒരു പ്രിന്റ്ഔട്ട് എടുക്കുന്ന വേഗത്തിൽ ലഭ്യമാണ്. ഓരോന്നിനും ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ നൽകണമെന്നു മാത്രം. ഇതിന്റെ ദല്ലാളന്മാർ അമേരിക്കയിലും വിഹരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പല യൂണിവേഴ്‌സിറ്റികളിലെയും ‘ബുക്കിങ്’ അവർ മുഖാന്തിരമാണ്.


അമേരിക്കൻ മലയാളികളുടെ ഇടയിൽ ചിലർ, ആദ്യം പണംകൊടുത്ത് ഇത്തരം ഡോക്ടറേറ്റുകൾ സമ്പാദിക്കുകയും പിന്നീട്, ആ വ്യാജ യൂണിവേഴ്‌സിറ്റികളുടെതന്നെ ഏജന്റായി മാറി, ഡോക്ടറേറ്റ് വില്പനയുമായി നടക്കുന്നതുമൊക്കെ പരസ്യമായ രഹസ്യമാണ്. അമേരിക്കിയിലും ഗൾഫിലുമുള്ള പ്രവാസികളാണ് ഇവരുടെ പ്രധാന ഇരകൾ. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ മാധ്യമപ്രവർത്തകർ, സംഘടനാപ്രവർത്തകർ, ബിസിനസ് പ്രമുഖർ തുടങ്ങിയവരുടെയിടയിൽ ഈ ഇടനിലക്കാർ ഡോക്ടറേറ്റ് വില്പനയുമായി എത്താറുണ്ട്. പലരും വാങ്ങിയിട്ടും ഉണ്ട്.


കോൺകോഡിയ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റുമായി നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നാട്ടിൽ വ്യാപകമായതോടെയാണ് ഏഷ്യാനെറ്റ് സംഘം ഒളിക്യാമറയുമായി അന്വേഷണത്തിനിറങ്ങിയത്. വ്യാജ യൂണിവേഴ്‌സിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ മണിലാൽ പറയുന്നത,് ഉന്നത ഉദ്യോഗസ്ഥർവരെ പലരും തങ്ങളുടെ പക്കൽനിന്ന് ‘ഡോക്ടറേറ്റ്’ വാങ്ങിയിട്ടുണ്ടെന്നാണ്. ഇതുവരെ ഇക്കാര്യത്തിൽ കാര്യമായ അന്വേഷണമുണ്ടാവാത്തതിന്റെ കാരണം പകൽപോലെ വ്യക്തം. രാഷ്ട്രീയ, കലാസാഹിത്യ രംഗത്തുള്ള പലരുടെയും ഡോക്ടറേറ്റ് കോൺകോഡിയ വഴി വ്യാജമായി ലഭിച്ചതാണെന്നതിന് സൂചനകളുണ്ട്. അതേസമയം, വ്യാജ ഡോക്ടറേറ്റുകളുടെ ആധിക്യം വാർത്താപ്രാധാന്യം നേടിയതോടെ പലരും അത് ഉപേക്ഷിച്ചതായും കാണുന്നു. അത്രയ്‌ക്കെങ്കിലും വെളിവുണ്ടായി.!


ലുഥറൻ സഭയുടെ കേരള സിനഡ് ആർച്ച് ബിഷപ് എന്ന് ‘സ്വയംവിശേഷിപ്പിക്കുന്ന’ റവ. റോബിൻസൺ ഡേവിഡാണ് ഈ വ്യാജ യൂണിവേഴ്‌സിറ്റിയുടെ ചാൻസിലർ. ബിരുദദാന ചടങ്ങുകളിലെ നോട്ടീസിലടക്കം അമേരിക്കയിലെ കോൺകോഡിയ യൂണിവേഴസിറ്റിയുമായി ബന്ധമുണ്ടെന്നാണ് ഇവർ പരസ്യപ്പെടുത്തിയിരുന്നത്. അതേത്തുടർന്ന് ചാനൽ അവരുടെ ന്യൂയോർക്ക് പ്രതിനിധി വഴി അമേരിക്കയിലും അന്വേഷിച്ച് ശുദ്ധതട്ടിപ്പാണ് നടക്കുന്നതെന്ന് ഉറപ്പിച്ചു.


കേരളത്തിൽ ലുഥറൻ സഭയുടെ ട്രസ്റ്റിനു കീഴിൽ നിരവധി സ്ഥാപനങ്ങളുണ്ട്. അധികാര തർക്കത്തെത്തുടർന്ന് ലുഥറൻ സഭ ഇപ്പോൾ കോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലാണ്. സത്യത്തിൽ സഭയ്ക്ക് കേരളത്തിൽ സർവകലാശാല ഇല്ലെന്ന് അഡ്മിനിസ്‌ട്രേറ്ററായ ജസ്റ്റിസ് ഡി.ഹരിപരന്തമൺ ചാനലിനോട് വ്യക്തമാക്കുകയുമുണ്ടായി.


വ്യാജബിരുദം ‘കൊടുക്കുന്നതും വാങ്ങുന്നതും’ ഒരുപോലെ കുറ്റകരമാണെങ്കിലും ഇപ്പോഴും പേരിനൊപ്പം ഒരു ഉളുപ്പുമില്ലാതെ ഡോക്ടറേറ്റുമായി വിലസുന്നവരെ അമേരിക്കയിലും കാണാം. ഇതിന്റെ ദല്ലാളന്മാർ ഇവിടെയും വിഹരിക്കുന്നുമുണ്ട്. വിശ്വാസ്യതയ്ക്കായി മുന്തിയ ഹോട്ടലുകളിൽ വലിയ ആർഭാടമായാണ് ചടങ്ങുകൾ. വ്യാജ സർവകലാശാലയുടെ പേരുള്ള ബാനർ ഹോട്ടൽ ഓഡിറ്റോറിയങ്ങളിൽ കർട്ടനാക്കി വലിച്ചുകെട്ടി ‘സെറ്റി’ട്ട് ബിരുദദാന ചടങ്ങുകൾ സംഘടിപ്പിക്കുന്നു. സത്യത്തിൽ ഇത്തരം പ്രവണതകൾ അമേരിക്കൻ മലയാളി സമൂഹത്തിനുതന്നെ അപമാനകരമാണ്.


ജനം ഇതു തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ ഇത്തരത്തിൽ കെണിയിൽവീണ് കാശുമുടക്കി ഡോക്ടറേറ്റ് വാങ്ങിയവർ പലരും ‘പോയതുപോകട്ടെ, മാനമെങ്കിലും പോകാതിരിക്കുമല്ലോ’ എന്നുകരുതി ഡോക്ടറേറ്റ് പദവി ഇരുചെവിയറിയാതെ വേണ്ടെന്നുവച്ചപ്പോൾ ഇപ്പോഴും ഇവിടെ വ്യാജ ഡോക്ടറേറ്റ് തലയിൽ ചുമന്ന് നടക്കുന്നവരുമുണ്ട്; ജനമധ്യത്തിൽ നഗ്നനാക്കപ്പെട്ടുവെന്ന് സ്വയം മനസ്സിലാക്കാതെ.

വാൽക്കഷണം
വ്യാജസർവകലാശാലകൾക്കും അവരുടെ തട്ടിക്കൂട്ട് ഡോക്ടറേറ്റുകൾക്കും  പ്രസിദ്ധിയുണ്ടാക്കുവാൻ അവർ ചെയ്തുവരുന്നത,് ബിരുദദാന ചടങ്ങിൽ പ്രമുഖരെ അതിഥികളായി ‘എത്തിക്കുക’യും പ്രമുഖർക്ക് ‘ഓണററി ഡോക്ടറേറ്റ്’ നൽകുകയുമാണ്.
മലയാളത്തിന്റെ ജീനിയസായ വൈക്കം മുഹമ്മദ് ബഷീർ തന്റെ സ്വതസിദ്ധമായ നർമ്മത്തിൽ ഒരിക്കൽ പറഞ്ഞു, താൻ ഇങ്ങനെ കിട്ടിയ ഡോക്ടറേറ്റുകളും പുരസ്‌കാരങ്ങളും കുറുക്കനെയും പട്ടിയെയും എറിയാനാണ് ഉപയോഗിക്കുന്നതെന്ന്..!
ബഷീർ എത്ര ഭാഗ്യവാൻ! കിട്ടിയ ഡോക്ടറേറ്റുകൊണ്ട് അത്രയെങ്കിലും… ഇപ്പോഴത്തെ വ്യാജ ഡോക്ടറേറ്റുകൊണ്ട് അതിനുപോലും ഉപയോഗമില്ലാതെയായി.

LEAVE A REPLY

Please enter your comment!
Please enter your name here