തൃശൂർ: കരുവന്നൂർ വായ്പാ തട്ടിപ്പിനെതിരെ ഒറ്റയാൾ പ്രതിഷേധം നടത്തിയ പ്രവർത്തകനെ സിപിഎം പുറത്താക്കി. മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. പൊറത്തിശേരി സൗത്ത് ലോക്കൽ കമ്മിറ്റിയാണ് സുജേഷിനെതിരെ നടപടിയെടുത്തത്.

ബാങ്കിൽ നടന്ന അഴിമതിക്കെതിരെ പ്രതിഷേധിച്ച തനിക്ക് വധഭീഷണിയുണ്ടെന്ന് സുജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടിക്കുള്ളിലെ കടുത്ത എതിർപ്പ് അവഗണിച്ചുകൊണ്ടായിരുന്നു സമരം.

ജൂൺ 14 മുതൽ ബാങ്കിനു മുന്നിൽ റോഡിൽ കുത്തിയിരുന്നാണ് സുജേഷ് സമരം നടത്തിയത്. സമരത്തിന് മറ്റു പാർട്ടികൾ പിന്തുണ നൽകിയതോടെ സിപിഎം പ്രതിസന്ധിയിലായിരുന്നു. ഇതോടെയാണ് വധഭീഷണി എത്തിയത്.

അതേസമയം, വായ്പ്പാ തട്ടിപ്പിൽ കൂടുതൽ തെളിവുകൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചു. ഒരേ ആധാരത്തിൽ രണ്ടിലധികം വായ്പ 24 പേർക്ക് അനുവദിച്ചെന്നാണ് കണ്ടെത്തൽ. ഇതിൽ പത്ത് വായ്പകൾ പ്രതികളുടെ കുടുംബത്തിൽ പെട്ടവർക്കാണ് അനുവദിച്ചിരിക്കുന്നത്. ഒരാൾക്ക് അമ്പത് ലക്ഷത്തിൽ അധികം വായ്പ നൽകരുതെന്ന വ്യവസ്ഥയും ലംഘിച്ചിട്ടുണ്ട്. 11 പേർക്കാണ് അമ്പത് ലക്ഷത്തിൽ അധികം വായ്പ അനുവദിച്ചത്.

മൂന്നു കോടി രൂപ പ്രതികൾ തരപ്പെടുത്തിയത് ഭരണ സമിതി അംഗങ്ങളുടെ വ്യാജ ഒപ്പിട്ടാണെന്നും അന്വേഷണ സംഘം കണ്ടെത്തി. വ്യാജരേഖ ചമച്ചതിന് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. ബന്ധുക്കളുടെ പേരിൽ പ്രതികൾ നടത്തിയ ഭൂമി ഇടപാടുകൾ അടക്കം അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here