കൊല്ലം :  ആദ്യ ശിശുസൗഹൃദ ജില്ലയാകും-ജില്ലാ കലക്ടർ അമ്മയുടേയും കുഞ്ഞിന്റേയും പരിരക്ഷ ഉറപ്പാക്കുന്ന ആദ്യ ശിശുസൗഹൃദ ജില്ലയെന്ന പദവിയിലേക്ക് കൊല്ലം എത്തുകയാണെന്ന് ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ. ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് ലോക മുലയൂട്ടൽ വാരാചാരണത്തോടനുബന്ധിച്ച് തുടക്കമായി. സ്വകാര്യത ഉറപ്പാക്കിയുള്ള മുലയൂട്ടൽ കേന്ദ്രങ്ങൾ ജില്ലയിലുടനീളം തുടങ്ങുകയാണ്. ബസ് സ്റ്റാൻഡുകൾ, റെയിൽവെ സ്റ്റേഷനുകൾ, സർക്കാർ/ഇതര സ്ഥാപനങ്ങൾ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിലാണ് സംവിധാനം ഒരുക്കുക എന്ന് അദ്ദേഹം അറിയിച്ചു.


തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കേന്ദ്രങ്ങൾ ഒരുക്കുക. ഇതിനായി സ്പോൺസർമാരെ കണ്ടെത്തും. ജില്ലാ ഭരണകൂടത്തോടൊപ്പം വനിതാ-ശിശുവികസന-തദ്ദേശ സ്വയംഭരണ-ആരോഗ്യ വകുപ്പുകൾ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ സ്ഥാപിച്ച് ശിശുസൗഹൃദ ജില്ലാപ്രഖ്യാപനം നടത്താനാകുമെന്ന് നിർവഹണ ചുമതലയുള്ള അസിസ്റ്റന്റ് കലക്ടർ ഡോ. അരുൺ എസ്. നായർ പറഞ്ഞു. ജില്ലയിൽ തുടങ്ങിയ മുലയൂട്ടൽ വാരാചരണത്തിന്റ ഭാഗമായ പഞ്ചദിന വെബിനാർ പരമ്പര അദ്ദേഹം ഉദ്ഘാടനം ചെയ്തു.


ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണി, വനിതാ-ശിശുവികസന വകുപ്പ് ഓഫീസർ ഗീതാകുമാരി, ഐ.സി.ഡി.എസ്. സെൽ പ്രോഗ്രാം ഓഫീസർ റ്റിജു റേച്ചൽ തോമസ് തുടങ്ങിയവർ വെബിനാറിൽ പങ്കെടുത്തു. മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം നൽകുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ  ന്യൂട്രി ക്ലിനിക്കുകളിലും ഓൺലൈൻ കൺസൾട്ടേഷനും ക്ലാസ്സുകളും ലാക്റ്റേഷൻ കൗൺസിലിങ്ങും നടത്തും. വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണിത്.  

LEAVE A REPLY

Please enter your comment!
Please enter your name here