തിരുവനന്തപുരം: നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയിൽ ആയിരിക്കണമെന്ന് സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപി അനിൽ കാന്തിന്റെ നിർദ്ദേശം. സബ് ഡിവിഷണൽ ഓഫീസർമാർ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവിമാർക്കു നൽകിയ നിർദ്ദേശത്തിൽ ഡിജിപി വ്യക്തമാക്കി.

കൊവിഡ്, ട്രാഫിക്ക് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർ അങ്ങേയറ്റം ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നത്. എങ്കിലും ഉദ്യോഗസ്ഥർ അതിരുവിട്ട് പെരുമാറാൻ പാടില്ല. പോലീസുകാരുടെ പെരുമാറ്റം അതിരുവിടുന്നുവെന്ന പരാതി ഉയർന്നതിനു പിന്നാലെയാണ് ഡിജിപിയുടെ നിർദ്ദേശം.

കഴിഞ്ഞ ദിവസം മലപ്പുറത്ത് ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ യുവാവിന്റെ ഫോൺ ട്രാഫിക്ക് എസ് ഐ പിടിച്ചുവാങ്ങിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രതിഷേധവുമായി എത്തിയതിനെത്തുടർന്നാണ് പോലീസ് ഫോൺ തിരികെ നൽകിയത്.

ഭാര്യ ഗർഭിണിയാണെന്നും അവർ എന്തെങ്കിലും സഹായത്തിനായി വിളിച്ചാൽ അറിയാൻ സാധിക്കില്ലെന്നു പറഞ്ഞിട്ടും പോലീസ് ചെവിക്കൊണ്ടില്ല. തുടർന്ന് നാട്ടുകാർ ഇടപെട്ടതിനെത്തുടർന്നാണ് എസ് ഐ ഫോൺ തിരികെ നൽകാൻ തയ്യാറായത്. ഇതടക്കം പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here