രാജേഷ് തില്ലങ്കേരി 

കുഞ്ഞാലിക്കുട്ടി, പാണക്കാട് തങ്ങൾ… ഈ അച്ചുതണ്ടാണ് കേരളത്തിലെ മുസ്ലിം ലീഗിന്റെ ശക്തി.
പാണക്കാട് തങ്ങൾ തീരുമാനിക്കും കുഞ്ഞാലിക്കുട്ടി നടപ്പാക്കും,  അതായിരുന്നു മുസ്ലിം ലീഗിലെ പതിവ്. എന്നാൽ കാലം മാറിയതോടെ അതിലെല്ലാം മാറ്റം വന്നിരിക്കുന്നു. ഇപ്പോ പാണക്കാടുനിന്നുതന്നെ മുസ്ലിം ലീഗിൽ തിരുത്തൽ ശക്തികൾ ഉടലെടുക്കുന്നു, കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാൻ പാടില്ലെന്ന പഴയ രീതിയിൽ മാറ്റം വന്നിരിക്കുന്നു. 

 
ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യാൻ ഇ ഡി തീരുമാനിച്ചതിന് തൊട്ടു പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ തങ്ങൾ കുടുംബത്തിൽ നിന്നും ആദ്യ വെടി പൊട്ടിയിരിക്കുന്നത്. ലീഗിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായ  കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങളാണ് ഇപ്പോൾ വിചാരണ ചെയ്യപ്പെടുന്നത്. അല്ലെങ്കിലും ഭരണമില്ലാത്ത അവസ്ഥയിൽ മുസ്ലിംലീഗിന് കേരളത്തിൽ യാതൊരു പ്രസക്തിയുമില്ലാത്ത സമയമാണിത്.
 
 

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്നു പറഞ്ഞ അവസ്ഥയിലാണിപ്പോൾ ലീഗ്. അഴിമതിപ്പണം മുസ്ലിംലീഗ് അവരുടെ പാർട്ടി പത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചുവെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. 
 
ലീഗിന്റെ നേതാവ് പാണക്കാട് തങ്ങളാണ്. അപ്പോൾ ചന്ദ്രിക പത്രത്തിന്റെ അധിപനും പാണക്കാട് തങ്ങളുതന്നെ. മുസ്ലിംലീഗിന് ഒറ്റ അധ്യക്ഷനേയുള്ളൂ, അത് മറ്റാരുമല്ല, മുസ്ലീംഗങ്ങളുടെ ആത്മീയാചാര്യനായ പാണക്കാട് തങ്ങൾ മാത്രം. മുസ്ലിം ലീഗ് വലിയ ജനാധിപത്യ പാർട്ടിയാണെങ്കിലും പാണക്കാട് തങ്ങളുടെ നിയന്ത്രണത്തിലാണ് പാർട്ടി. 
 
ദൈവം എല്ലാം കാണുന്നു എന്നു പറയും പോലുള്ള ഒരു ഏർപ്പാടായിരുന്നു അത്. കഴിഞ്ഞ നാല്പത് വർഷമായി കുഞ്ഞാലിക്കുട്ടിയാണ് മുസ്ലിംലീഗിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതത്രെ, കുഞ്ഞാലിക്കുട്ടിയെ പുലിക്കുട്ടിയെന്ന് വിളിക്കുന്നത് എത്ര ശരിയാണ്. ഒരു പാർട്ടിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാൻ 40 വർഷം അവസരം ലഭിക്കുകയെന്നു വച്ചാൽ അതൊരു ചില്ലറ ഭാഗ്യമാണോ… ഒന്നൊന്നര ഭാഗ്യമല്ലേ…
എന്നാൽ ഹൈദരലി ശിഹാബ് തങ്ങളെ കള്ളപ്പണ കേസിൽ ഇ ഡി ചോദ്യം ചെയ്യാനായി എത്തിയതോടെയാണ് പാണക്കാട് കുടുംബത്തിൽ നിന്നും അപശബ്ദങ്ങൾ കേട്ടുതുടങ്ങിയത്.  

ബല്ലാത്തൊരു അവസ്ഥയിലാണ് മുസ്ലിം ലീഗിപ്പോൾ. ചന്ദ്രികയിലൂടെ പാലാരിവട്ടം വീരനായ കുഞ്ഞ് അഴിമതി പണം വെളുപ്പിച്ചെന്നാണ് ഇ ഡി ആരോപിക്കുന്നത്. ഈ ആരോപണം പുതിയതൊന്നുമല്ല. കുറച്ചുകാലമായി നടക്കുന്ന ആരോപണമാണ്. മുൻ മന്ത്രിയും പഴയ ലീഗ് നേതാവുമായിരുന്ന കെ ടി ജലീൽ കഴിഞ്ഞ ദിവസം പറഞ്ഞു, തങ്ങളെ കുഞ്ഞാലിക്കുട്ടി കുരുക്കിയെന്ന്!

ഹൈദരലി തങ്ങൾ ചന്ദ്രിക കേസിൽ ആകെ ബേജാറിലാണെന്നും, മുസ്ലിംലീഗിൽ സ്ഥിതിഗതികൾ ഇപ്പോൾ അവിലും കഞ്ഞിയുമായിരിക്കയാണെന്നാണ് യൂത്ത് ലീഗ് നാഷണൽ അധ്യക്ഷൻ കൂടിയായ മുഈൻ തങ്ങൾ ആരോപിക്കുന്നത്. പാണക്കാട് കുടുംബത്തിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടിയെ പരസ്യമായി വിമർശിച്ചുകൊണ്ട് ഒരാൾ രംഗത്തുവന്നത് ലീഗിനെയും ഞെട്ടിച്ചിരിക്കയാണ്.
 

സംസ്ഥാനത്തെ മുസ്ലിംലീഗിൽ നേരത്തെ തന്നെ കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായ രണ്ട് വിഭാഗം ഉണ്ടായിരുന്നു. കെ എം ഷാജിയും ഡോ. എം കെ മുനീറുമൊക്കെ വിമത ശബ്ദം പുറപ്പെടുവിച്ച് ഒരുമിച്ച് നീങ്ങുകയാണ് പതിവ്. എന്നാൽ രണ്ടാം വട്ടവും ഭരണം നഷ്ടമായതോടെ മുസ്ലിംലീഗിൽ അസ്വസ്ഥതകൾ വല്ലാതെ പുകയുകയാണ്. 
 
കുഞ്ഞാലിക്കുട്ടിയുടെ ദൽഹി യാത്രയും, തുടർന്നുള്ള തിരിച്ചുവരവും ലീഗിന് തിരിച്ചടിയായെന്നുള്ള വിലയിരുത്തലിനു പിന്നാലെയാണ് ചന്ദ്രിക കേസും കുഞ്ഞാലിക്കുട്ടിയുടെ തലയിലേക്ക് വരുന്നത്.

എല്ലാറ്റിനും കാരണം കുഞ്ഞാലിക്കുട്ടിയാണെന്നും തന്റെ പിതാവ് നിരപരാധിയാണെന്നുമാണ് ശിഹാബ് തങ്ങളുടെ മകനായ മുനവറലി ശിഹാബ് തങ്ങൾ  പരസ്യമായി പറഞ്ഞത്. ലീഗിന്റെ ഭാവിയെന്താണെന്നാണ് ഇനി അറിയേണ്ടത്. കുഞ്ഞാലിക്കുട്ടി വാഴുമോ അതോ വീഴുമോ, പുലിക്കുട്ടിയാണ് കുഞ്ഞാലിക്കുട്ടി. ആ പുലിക്കുട്ടിയെ ഒരു ആട്ടിൻ കുട്ടി വീഴ്ത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.


പാവം ഈ തോമസ് മാഷിന് എന്തെങ്കിലും കൊടുത്തുവിടൂ…..


മുൻ കേന്ദ്രമന്ത്രിയും എറണാകുളത്തിന്റെ മുൻ എം പിയുമായ പ്രൊഫ. കെ വി തോമസ് വല്ലാത്തൊരു വിഷമത്തിലാണ്. പാർട്ടിയിയിൽ അവഗണിക്കപ്പെടുന്നു വെന്നാണ് തോമസ് മാഷിന്റെ പരാതി. തന്നെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം വേണ്ടതുപോലെ പരിഗണിക്കുന്നില്ലെന്നും, ഒന്നും തരാതെ മൂലയ്ക്കിരുത്തിയിരിക്കയാണെന്നുമാണ് മാഷിന്റെ പരാതി. 
 
എറണാകുളം സീറ്റ് വിട്ടുകൊടുത്തപ്പോൾ തന്നെ മാനസികമായി ഏറെ പ്രയാസത്തിലായിരുന്നു മാഷ്. എറണാകുളം മണ്ഡലം മരണംവരെ സ്വന്തമായി കൈവെള്ളയിൽ ഉണ്ടാവുമെന്ന് കരുതിയ തോമസ് മാഷിന് വെള്ളിടിയായിരുന്നു കഴിഞ്ഞ പാർലമെന്റ് ഇലക്ഷൻ. ഹൈബി ഈടൻ എന്ന യുവരക്തം എറണാകുളം സീറ്റ് പിടിച്ചപ്പോൾ മാഷൊന്ന് ഇടഞ്ഞതാണ്. മാഷ് സി പി എമ്മിൽ ചേരുമെന്നായിരുന്നു അന്നത്തെ വാർത്ത. എന്നാൽ അതുണ്ടായില്ല. വർക്കിംഗ് പ്രസിഡന്റായി തോമസ് മാഷിനെ തൽക്കാലം തളച്ചുവെങ്കിലും പുനസംഘടനയിൽ മാഷിന്റെ സ്ഥാനം തെറിച്ചു.
 
 
പാർല്യമെന്റിൽ ഗൗനിച്ചില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാഷ് തയ്യാറായിരുന്നു. പുതിയ കുപ്പായവും തയ്പിച്ചതാണ്. എന്നാൽ ആരും ഗൗനിച്ചില്ല. തോൽക്കുന്ന സീറ്റായിരുന്നു ചോദിച്ചിരുന്നതത്രേ, എന്നിട്ടും കിട്ടിയില്ലെന്നാണ് കണ്ഠമിടറിക്കൊണ്ട് തോമസുമാഷ് പറഞ്ഞത്. അത് കേട്ടാൽ അല്പം മാനുഷിക പരിഗണനയുള്ള ആരുടെയും മനസൊന്ന് ഇളകും. എന്നാൽ ആരുടെയും മനസ് ഇളകയില്ല. അവസാനത്തെ അടവായി യു ഡി എഫ് കൺവീനറാവാൻ ശ്രമം നടത്തി, എന്നാൽ അതും നടന്നില്ല. 
 
ഒരു സ്ഥാനവുമില്ലാതെ ജീവിക്കാൻ സാധ്യമല്ലാത്ത ഒരു മാനസികാവസ്ഥയിലാണിപ്പോൾ തോമസ് മാഷ്. കൊച്ചിയിൽ നിന്നും നല്ല തിരുതി മീൻ അങ്ങ് ഡൽഹിയിൽ സോണിയാ ഗാന്ധിക്ക് കൊണ്ടുകൊടുത്താണ് മാഷ് ഈ നിലയിലെല്ലാം എത്തിയിരുന്നത്. തിരുത തോമ എന്ന പേരുപോലും മാഷ് മറന്നു.

കോൺഗ്രസിൽ നിന്നും ഉടൻ രക്ഷപ്പെടാനാണ് എൻ സി പി സംസ്ഥാന അധ്യക്ഷനും മുൻ കോൺഗ്രസ് നേതാവുമായ പി സി ചാക്കോ പറയുന്നത്.

കേരളത്തിൽ മന്ത്രിയായി, കേന്ദ്രത്തിൽ ഭക്ഷ്യവകുപ്പ് മന്ത്രി, കിട്ടാവുന്ന എല്ലാ സ്ഥാനമാനങ്ങളും കിട്ടി. കോൺഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധിയുടെ ജീവചരിത്രം എഴുതി, ഇനിയൊന്നും കോൺഗ്രസിൽ നിന്നും കിട്ടാനില്ല. എൻ സി പിയിൽ എന്തെങ്കിലും കിട്ടുമെന്നുറപ്പിച്ചാൽ പോകുമായിരിക്കും.
 
ദുരന്ത സ്മരണകളോടെ ഓഗസ്റ്റ് 7- കരിപ്പൂർ വിമാന ദുരന്തം , 9 –  മൂന്നാർ പെട്ടിമുടി ദുരന്തം

കേരളം കഴിഞ്ഞ വർഷം ഏറെ ദുരന്തങ്ങൾ ഏറ്റുവാങ്ങിയ ദിവസമാണ് ആഗസ്റ്റ് ഒൻപത്. മൂന്നാർ പെട്ടിമുടിയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ജീവൻ പൊലിഞ്ഞത് 70 പേർക്കായിരുന്നു. പെട്ടിമുടിയിലെ നാല് ലയങ്ങളിൽ ജവിച്ചിരുന്ന പാവം തൊഴിലാളികളാണ് മലയിടിച്ചലിൽ ജീവൻ പൊലിഞ്ഞത്.

തേയിലതോട്ടങ്ങളിൽ തൊഴലാളികളും അവരുടെ ആശ്രിതരുമായിരുന്നു മരിച്ചവർ. അന്ന് കാണാതായ നാലുപേരെ ഇന്നും കണ്ടെത്തിയിട്ടില്ല.

രണ്ടര കിലോ മീറ്റർ ദൂരത്തെ മലയാണ് കീറിമുറിച്ചുകൊണ്ട് ദുരന്തം ഭീകരതാണ്ഡവമാടിയത്. ഒരു രാത്രിയിലുണ്ടായ ദുരന്തം ലോകമറിഞ്ഞതുതന്നെ പിറ്റേ ദിവസമായിരുന്നു. 12 ദിവസം നീണ്ട രക്ഷാ പ്രവർത്തനം. 12 പേർ മാത്രം ബാക്കിയായ ദുരന്തമായിരുന്നു അത്. കേരള മനസാക്ഷിയെ കണ്ണീരിലാഴ്ത്തിയ ആ ദുരന്തത്തിന് ഒരുവർഷം തികയുന്നു.
 


പെട്ടിമുടി ദുരന്തത്തിന്റെ വാർത്തകൾ കേട്ടുകൊണ്ടിരുന്ന അതേ ദിവസമാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട കോഴിക്കോട് എയർപോർട്ടിൽ വിമാന ദുരന്തം ഉണ്ടാവുന്നത്. റൺവേയിൽനിന്നും വഴിമാറി തെന്നി പുറത്തേക്ക് വീണ വിമാനത്തിൽ നിന്നും യാത്രികർ ചിതറി വീണു. രണ്ടു കഷണങ്ങളായി പോയ വിമാനത്തിൽ നിന്നും 18 യാത്രക്കാരാണ് ആദ്യം മരണമടഞ്ഞത്.  എയർ ഇന്ത്യാ എക്‌സ്പ്രസിന്റെ വിമാനമാണ് അപകടത്തിൽ പെട്ടത്. ദുരന്തങ്ങൾ പിടിച്ചുലച്ച ദിനം. ആഗസ്റ്റ് ഏഴിന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ വിമാന ദുരന്തം.
 
 കോവിഡിനെ വകവയ്ക്കാതെ നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന രക്ഷാ ദൗത്യമാണ് മരണ സംഖ്യ വർധിക്കാതെ സൂക്ഷിച്ചത്. കരിപ്പൂരിലെ രക്ഷാ ദൗത്യം ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. റൺവേയിലേക്ക് എത്തുന്നതിന് മുൻപ് ലാന്റ് ചെയ്തതായിരുന്നോ, അതോ വിമാനത്തിനുണ്ടായ സാങ്കേതിക പിഴവാണോ അപകടത്തിന് കാരണമെന്ന് ഇന്നും വ്യക്തമല്ല. പൈലറ്റും സഹപൈലറ്റും അപകടത്തിൽ മരിച്ചതോടെ അപകടകാരണം അവ്യക്തമായിരുന്നു. ടേബിൾ ടോപ്പ് റൺവേയായതിനാലാണ് ദുരന്തത്തിന്റെ വലിപ്പം കൂടിയതെന്നായിരുന്നു ആരോപണം. റൺവെയുടെ വലിപ്പം കൂട്ടുന്നതുൾപ്പെടെ ചർച്ചയ്ക്കുവന്നു. എന്നാൽ അതൊന്നും പിന്നീട് ആരും ചർച്ച ചെയ്തില്ല. എത്രപേർക്ക് നഷ്ടപരിഹാരം കിട്ടിയെന്ന് അറിയില്ല. എങ്കിലും ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരെ സ്മരിക്കുന്നു.

പാലം കടന്നു,  ഇനി കിറ്റില്ലെന്ന് മന്ത്രി

കോവിഡ് കാലത്ത് ദരിദ്രർക്ക് താങ്ങായാണ് സംസ്ഥാന സർക്കാർ ഭക്ഷ്യകിറ്റ് നടപ്പാക്കിയത്. അത് സർക്കാരിന് ചെയ്ത ഗുണം ചില്ലറയൊന്നുമായിരുന്നില്ല. ദുരിത കാലത്ത് കിറ്റു നൽകിയ ഇടതുസർക്കാരിന് ഒരു വോട്ട് എന്നായിരുന്നു പിന്നീടുണ്ടായ തെരഞ്ഞെടുപ്പിലെ പ്രധാന അഭ്യർത്ഥന.
കിറ്റ് വോട്ടായി മാറി, ഓണം വിഷു ക്രിസ്തുമസ് എന്ന നിലയിൽ കേരളത്തിലെ എല്ലാ കാർഡുടമകൾക്കും ഭക്ഷ്യകിറ്റ് നൽകി. അങ്ങിനെ സി പി എം കിറ്റിലൂടെ തുടർഭരണം ഉറപ്പിച്ചു. തെരഞ്ഞെടുപ്പ് കാലത്തുള്ള കിറ്റ് വിതരണത്തെ അന്നത്തെ പ്രതിപക്ഷ നേതാവ് എതിർത്തതു പോലും വലിയ ആരോപണങ്ങൾക്ക് വഴിവച്ചു. പാവപ്പെട്ടവന്റെ കഞ്ഞിയിൽ മണൽ വാരിയിടുന്ന കോൺഗ്രസുകാർ എന്നുപോലും ആരോപണമുയർന്നു.
 

ഓണത്തിനുള്ള അവസാന ബെല്ലോടെ ഈ കിറ്റു നാടകം അവസാനിപ്പിക്കുമെന്നാണ് ഭക്ഷ്യമന്ത്രി അനിൽ കുമാർ പറയുന്നത്. അതിനാൽ വലിയ ആഘോഷത്തോടെയാണ് കിറ്റ് വിതരണം. കഴിഞ്ഞ തവണ റേഷൻ കടയിൽ നിന്നും വാങ്ങിയ ഭക്ഷ്യകിറ്റിനെ പ്രകീർത്തിച്ച സിനിമാ താരം മണിയൻ പിള്ള രാജുവിന് കിറ്റ് വീട്ടിൽ എത്തിച്ചാണ് ഓണക്കിറ്റ് ജനകീയമാക്കിയത്. ഓണത്തോടെ ഈ കലാ പരിപാടി അവസാനിക്കുകയാണല്ലോ, അതിനാൽ ഒരു സിനിമാ താരത്തിന് കിറ്റു നൽകുകയായിരുന്നു എന്നാണ് മന്ത്രി സാറിന്റെ പ്രതികരണം.


മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ എന്നിവരെയൊന്നും ഈ കലാപരിപാടിയിൽ കാണാനില്ലത്രേ…. പാലം കടന്നില്ലേ, ഇനിയെന്ത് കിറ്റ്…. ഇനിയും കിറ്റ് കിട്ടുമെന്ന പ്രതീക്ഷയിൽ ലോക്ക് ഡൗൺ ആഘോഷിക്കുന്ന മലയാളി വോട്ടർമാർക്ക് ഓണം കഴിഞ്ഞാൽ കിറ്റിനു പകരം കിട്ടുക  കൊട്ട് ആയിരിക്കും.  വ്യാപാരികളും ഓട്ടോ തൊഴിലാളികളുമൊക്കെ ലോൺ അടയ്ക്കാൻ വകയില്ലാത്തതിനാൽ സംസ്ഥാനത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ ആത്മഹത്യ തുടങ്ങിക്കഴിഞ്ഞു. 



ആരാണീ കോവിഡ് മാനേജ്മെന്റ് വിദഗ്‌ദ്ധസംഘം? 



കോവിഡ് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് വിദഗ്ധ സംഘമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആരാണീ വിദഗ്ധരെന്ന് കേരളീയർക്കാർക്കും അറിയില്ല. അവർ എപ്പിഡിമിയോളജിസ്റ്റുകളാണോ? വൈറോളജി വിദഗ്ധരാണോ? അതുമല്ലെങ്കിൽ സാംക്രമികരോഗ (ഇൻഫെക്ഷ്യസ് ഡിസീസ്) സ്പെഷ്യലിസ്റ്റുകളോണോ? ഇവർ ആരെന്ന് മുഖ്യമന്ത്രി പിണറായി വിജയനോ ആരോഗ്യമന്ത്രി വീണ ജോർജോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അവർ തിരശീലയ്ക്കു പിന്നിൽ നിന്ന് പ്രവർത്തിക്കുന്ന വിദഗ്ദ്ധരാണെന്നാണ് പറയുന്നത്.  സാധാരണ  മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമൊക്കെ കോവിഡ് അപ്ഡേറ്റുകൾ നടത്തുമ്പോൾ അവരുടെ വലതും ഇടതും നിന്ന് വിശദീകരണങ്ങൾ നൽകേണ്ടത്. മഹാമാരി വിദഗ്ധരാണ്. നമ്മുടെ മുഖ്യൻ മാത്രം ഇത്തരം ബ്യുറോക്രാറ്റുകളെ ആ ഏരിയയിൽ ഒന്നും അടുപ്പിക്കില്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് തനിക്ക് വിഷയമറിയില്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയും ചെയ്തു വരുന്നത് നിത്യേനെ കാണുന്ന ദൃശ്യങ്ങളാണ്.

എന്നാൽ ഇവർ ആരൊക്കെയെന്ന് കണ്ടുപിടിക്കാൻ ഒരു ശ്രമം നടത്തിയപ്പോൾ രണ്ടു പേരെ തിരിച്ചറിഞ്ഞു.
 അതിൽ ഒരാൾ വിഖ്യാത ചലചിത്ര സംവിധായകൻ ഡോ. അടൂർ ഗോപാല കൃഷ്ണനാണ്. മറ്റൊരാൾ ഡോ. ബി ഇഖ്ബാലും
.

ആരാണ് ഡോ.അടൂർ ഗോപലകൃഷ്ണൻ? അദ്ദേഹം എന്ത് തരം ഡോക്ടർ ആണ്? പേരിനൊപ്പം ഡോ. എന്ന ചുരുക്കപ്പേർ കണ്ടപ്പോൾ ഇടതുസഹയാത്രികനായ അടൂരിനെ ഒരു ഡോക്ടർ ആണെന്ന് തെറ്റിദ്ധരിച്ചാകാം വിദഗ്ദ്ധ സമിതിലെടുത്തത്. ഡോ. എന്നാൽ രോഗികൾക്ക്  ചികിത്സ

നല്കുന്നയാൾ എന്ന് തെറ്റിദ്ധരിച്ചാകാം അദ്ദേഹത്തെ കവിടി മാനേജ്‌മന്റ് വിദഗ്ധ സമിതിയിൽ എടുത്തത്. സ്ഥാനമാനങ്ങൾ എന്തുമായാലും കയറിപ്പറ്റാൻ മടികാട്ടാത്ത അടൂർ ആ പദവിയും ഏറ്റെടുത്തു. ഫിലിം മേക്കിങ്ങിൽ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ അടൂരിന് ക്രൈസിസ് മാനേജ്മെന്റിൽ പോലും വൈദഗ്ധ്യമില്ലെന്നാണ് വാസ്തവം. അങ്ങനെയുള്ള ആളെ എന്തിനു കോവിഡ് മാനേജ്മന്റ് വിദഗ്ധ സമിതിയിൽ അംഗമാക്കിയെന്ന് വിശദീകരണം നല്കാൻ മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ തയാറാകുമോ?

എന്തിനും ആളുണ്ടാവരുതെന്ന വാശിക്കാരനാണ് അടൂർ . അത് അദ്ദേഹത്തിന്റെ സിനിമ റിലീസ് ചെയ്യുന്ന കാലം തൊട്ടുള്ള നിർബന്ധമാണ്. സിനിമയ്ക്ക് കാണികൾ വർധിച്ചാൽ അത് ബുദ്ധിജീവികൾക്കുള്ള സിനിമയല്ല എന്ന് തെറ്റിദ്ധരിച്ചാലോ എന്ന ഭയമുള്ള വിദഗ്ധനാണ് അടൂർ. 

മറ്റൊരു വിദഗ്ധൻ ഡോ. ബി ഇഖ്ബാലാണ്. ഏറെ പ്രശസ്തനാണ് ബി ഇഖ്ബാൽ.എം.ജി. യൂണിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസലർ, പ്ലാനിംഗ് ബോർഡ് മെമ്പർ, ആലപ്പുഴ മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം മേധാവി തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളയാണ് ഡോ. ഇക്ബാൽ.  എന്നാൽ വൈറോളജിയിലോ എപ്പിഡിമിയോളജിയിലോ  അദ്ദേഹത്തിന് അത്ര ജ്ഞാനമുണ്ടെന്ന് തോന്നുന്നില്ല. 

എന്തിനേറെ പറയുന്നു ഈ വിദഗ്ദരൊന്നുമല്ലത്രേ കോവിഡ് കാലത്ത് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.
ചിലർ കാര്യങ്ങൾ തീരുമാനിക്കുന്നു, സർക്കാരിനെകൊണ്ട് അത് നടപ്പാക്കുന്നു. അത്രമാത്രമാണ് നടന്നിരുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എന്തായാലും കടകളെല്ലാം തുറന്നു.. എന്നാൽ കടയിൽ ആളുകൾക്ക് കയറണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, വാക്‌സിൻ എടുത്ത സർറ്റിഫിക്കറ്റോ വേണം. എന്തൊരു നിയമമാണിതെല്ലാം വിദഗ്ധരേ…..

വാൽകഷണം :
ആരോഗ്യമന്ത്രി വീണാ ജോർജിനെകൊണ്ട് വാർത്ത വായിക്കാനേ പറ്റൂവെന്നാണ് ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നത്. വാർത്തകൾ ഉണ്ടാക്കാൻ മാത്രമായുള്ള സംസ്ഥാന അധ്യക്ഷനെന്നാണ് കെ സുരേന്ദ്രനെകുറിച്ച് അവർക്കും പറയാനുള്ളത്.


 

LEAVE A REPLY

Please enter your comment!
Please enter your name here