കൊച്ചി: ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍, മാളുകള്‍, ട്രെയിനുകള്‍ തുടങ്ങി മനുഷ്യ സഞ്ചാരമുള്ള വലിയ ഇടങ്ങളില്‍ കോവിഡ് വൈറസിനെ നിര്‍വീര്യമാക്കുവാന്‍ സാധിക്കുന്ന നൂതന ഉപകരണമായ വൈറോഗാര്‍ഡ് വിപണിയില്‍. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോടെക് സൊല്യൂഷ്യന്‍സിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന വൈറോഗാര്‍ഡ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബയോക്‌സി മെഡികെയറാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 
 
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) എന്നീ സ്ഥാപനങ്ങള്‍ ടെസ്റ്റ് ചെയ്ത് അംഗീകരിച്ച രാജ്യത്തെ ആദ്യ  സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വൈറോഗാര്‍ഡിന്റെ നിര്‍മ്മാണം. കോവിഡ് വ്യാപന സാധ്യത ഏറെയുള്ള  ബസുകള്‍, ഓഫീസുകള്‍, സ്‌കൂളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും വൈറോഗാര്‍ഡ് ഗുണപ്രദമാണ്.
 
കോവിഡ് രോഗികളില്‍ നടത്തിയ തൊണ്ണൂറ് ദിവസത്തെ കര്‍ശനമായ ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷമാണ് വൈറോഗാര്‍ഡിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചതെന്ന് ബയോക്‌സി മെഡികെയര്‍ സിഇഒ ബി. ശിവശങ്കര്‍ പറഞ്ഞു. ഐസിഎംആര്‍, എന്‍ഐവി എന്നിവയുടെ അംഗീകാരത്തിന് പുറമേ  മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസേര്‍ച്ചിന്റെ അംഗീകാരവും വൈറോഗാര്‍ഡിന് ലഭ്യമായിട്ടുണ്ടെന്നും ശിവശങ്കര്‍ പറഞ്ഞു.
 
വൈദ്യുതി ഉപയോഗിച്ചാണ് വൈറോഗാര്‍ഡിന്റെ പ്രവര്‍ത്തനം. വൈദ്യുതിയുടെ സഹായത്തോടെ  വൈറോഗാര്‍ഡ് അയോണുകള്‍ ഉല്‍പാദിപ്പിക്കുകയും, ചുറ്റുമുള്ള വായുവിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യും. വൈറോഗാര്‍ഡിന്റെ നൂതനമായ അയോണൈസേഷന്‍ ടെക്‌നോളജി വായു വലിച്ചെടുത്ത് പകരം അടച്ചിട്ട അന്തരീക്ഷങ്ങളിലെ എല്ലാ പ്രതലങ്ങളില്‍ നിന്നും വൈറസുകളെ നിര്‍വീര്യമാക്കുന്ന ബൈപോളാര്‍ അയോണുകളെ പുറന്തള്ളുന്നു. 
 
ജര്‍മനി ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് നിരവധി ആവശ്യക്കാര്‍ വൈറോഗാര്‍ഡിനായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കേരളത്തില്‍ വൈറോഗാര്‍ഡിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും ശിവശങ്കര്‍ പറഞ്ഞു. 
 
കേരളത്തില്‍ നിന്നുള്ള ലോകോത്തര ഉപകരണ നിര്‍മ്മാതാക്കളായി മാറുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here