രാജേഷ് തില്ലങ്കേരി


സോളാർ കേസ് വല്ലാത്തൊരു കേസാണ്. മഴയുള്ളപ്പോൾ പോലും ചിലപ്പോൾ സോളാർ കത്തും. അതാണല്ലോ ഇന്ന് വീണ്ടും സോളാർ പെട്ടെന്ന് കത്തിത്തുടങ്ങിയത്. സി ബി ഐക്ക് കേസ് വിടാൻ തീരുമാനിച്ചത് തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടായിരുന്നു. സി ബി ഐ കേസ് ഏറ്റെടുത്ത് കോടതിയിൽ എഫ് ഐ ആർ ഫയൽ ചെയ്തിരിക്കയാണ്. 
ബലാൽ സംഗം, പണാപഹരണം തുടങ്ങിയ കേസുകളാണ് സി ബി ഐ അന്വേഷിക്കുക. സരിതാ നായർ കൊടുത്ത കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് സി ബി ഐക്ക് വിട്ടത്. മുൻമുഖ്യൻ ഉമ്മൻ ചാണ്ടി, മന്ത്രി പുംഗവൻമാരായ അടൂർ പ്രകാശ്, എ പി അനിൽകുമാർ, മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ കെ സി വേണുഗോപാൽ, എറണാകുളം എം പിയായ ഹൈബി ഈഡൻ , മുൻ എം എൽ എ യും നിലവിലെ ബി ജെ പി ദേശീയ ഉപാധ്യക്ഷനുമായ എ പി അബ്ദുല്ലക്കുട്ടി തുടങ്ങിയവർക്കെതിരെയാണ് അന്വേഷണം നടക്കുക.
 

മാണിയുടെ മകൻ ജോസ് കെ മാണി കൃത്യസമയത്ത് ഇടതുമുന്നണിയിൽ എത്തിയതിനാൽ പ്രതിപട്ടികയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് കുറേ കാലമായി നിയമസഭാ മേശപ്പുറത്ത് പൊടിപിടിച്ചുകിടക്കുകയാണ്. ഒടുവിൽ സി ബി ഐക്ക് കേസ് വിട്ടതോടെ നുമ്മക്കൊന്നും പറയാനില്ല കെട്ടാ… എല്ലാം ആ അമിഷ് ഷായുടെ സി ബി ഐയാണ് എന്ന നിലപാടിലാണ് പിണറായിയും സംഘവും.



നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയെന്ന് ഒടുവിൽ സി പി എമ്മും സമ്മതിച്ചു


രാജ്യത്തിന്  സ്വാതന്ത്ര്യം ലഭിച്ചതിന്റെ എഴുപത്തിയഞ്ചാണ്ടുകളാണ് കഴിഞ്ഞ ദിവസം  പിന്നിട്ടിരിക്കുന്നത്. നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭ്യമായിട്ടില്ലെന്നും, അതിനാൽ രാജ്യത്ത് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പാർട്ടി പങ്കെടുക്കേണ്ടതില്ലെന്നുമായിരുന്നു കമ്യൂണിസ്റ്റ് നിലപാട്.

ആഗസ്റ്റ് പതിനഞ്ച് ആപത്ത് പതിനഞ്ച് എന്നു പറഞ്ഞിരുന്ന കാലം മാറിയിരിക്കുന്നു. കാലം എല്ലാ മുറിവുകളെയും മാറ്റുമെന്നാണല്ലോ ചൊല്ല്,  ആ നിലപാട് ഇതാ ഈ വർഷം മുതൽ മാറ്റിയിരിക്കുകയാണ്. സി പി എം ആപ്പീസുകളിൽ ദേശീയ പതാക ഉയർന്നു പൊങ്ങി പാറിക്കളിക്കുന്ന ആ കാഴ്ച ആരെയും ആനന്ദചിത്തരാക്കിക്കളയും. . സ്വാതന്ത്ര്യത്തിന്റെ ജ്വാലകൾ ഉയർന്നൊരു ദിനം,

ഹോ എന്തൊരു ദേശീയ ബോധമാണ് സഖാക്കളുടെ മുഖത്തുണ്ടായിരുന്നതെന്ന് ആരെയും അത്ഭുതപ്പെടുത്തും.

പാർട്ടി ആപ്പീസുകളിൽ ത്രിവർണ പതാക കെട്ടുകയോ എന്നൊക്കെ ആശങ്കപ്പെട്ടിരുന്നവർപോലും ഇത്തവണത്തെ സ്വാതന്ത്യ ദിനാഘോഷത്തിൽ ത്രിവർണ പതാകയുമായി  വലിയ ആഘോഷത്തിലായിരുന്നു.

സ്വാതന്ത്ര്യം തന്നെ അമൃതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം….എന്നാണല്ലോ കവി വാക്യം.



വി ഡി സതീശൻ പോരാടുകയാണ് എന്നിട്ടും പരാതികൾ…

പ്രതിപക്ഷ നേതാവായി വി ഡി സതീശനും കെ പി സി സി അധ്യക്ഷനായി കെ സുധാകരനും വന്നതോടെ കോൺഗ്രസ് വലിയ ആവേശത്തിലായിരുന്നു. തലമുറ മാറ്റമെന്നൊക്കെ പറഞ്ഞാണ് കളികൾ ആരംഭിച്ചത്. എന്നാൽ കെ സുധാകരൻ കെ പി സി സി അധ്യക്ഷനായി എത്തിയതോടെ തലമാറ്റം മാത്രമായി കോൺഗ്രസിലെ പുനസംഘടന.

ഗ്രൂപ്പിനെ ഇല്ലാതാക്കും എന്നാണ് സുധാകരൻ പ്രഖ്യാപിച്ചിരിക്കുന്നത്. വലിയ സ്പോർട്സ് കേന്ദ്രങ്ങൾ അത്ര എളുപ്പമല്ല.

വി ഡി സതീശന്റെ പ്രവർത്തനങ്ങൾ തൃപ്തികരമല്ല എന്നാണ് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. സതീശന്റെ രീതി ചെന്നിത്തലയുടെ രീതിയല്ല. വളരെ അളന്നു കുറിച്ചാണ് സതീശൻ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ചെന്നിത്തലയെ ആരും കണ്ടതായി ഭാവിക്കാറുണ്ടായിരുന്നില്ല. എന്നാൽ സതീശൻ അതല്ല. സതീശൻ പാഴ് വാക്കുകൾ ഒന്നും പറയില്ല. സ്പീക്കർ എം ബി രാജേഷ് പോലും വളരെ ശ്രദ്ധയോടെയാണ് സതീശനെ നിരീക്ഷിക്കുന്നത്.

സതീശനെതിരെ ഹൈക്കമാന്റിനോട് പരാതിപ്പെടുന്ന ലോ കമാന്റുകളോട് എന്തു പറയാൻ.


സതീശൻ പഴയ അരിയുടെ ചോറാണ് ഇപ്പോഴും തിന്നുന്നത്.  കുറച്ചു സമയം പിന്നിടും സതീശനെ അറിയാൻ.


കുഞ്ഞാലിക്കുട്ടിയെന്ന പുലിക്കുട്ടി പൂച്ചക്കുട്ടിയാവുന്ന കാലം


ഐസ് ക്രീം കേസ് തിളച്ചുമറിയുന്ന കാലം, പി കെ കുഞ്ഞാലിക്കുട്ടി അന്ന് മന്ത്രിയാണ്. കേസിൽ ഇരയായിരുന്ന യുവതി. വനിത ഇന്ത്യാ വിഷന് നൽകിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർത്തി.  മന്ത്രിയായ കുഞ്ഞാലിക്കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ കുഞ്ഞുങ്ങൾ നിരത്തിലിറങ്ങി. കേരളത്തിൽ നിറയെ പ്രതിഷേധം. 
 
കണ്ണീർ വാതകങ്ങൾ പ്രയോഗിച്ചതോടെ കോഴിക്കോട് നഗരം കണ്ണീരിൽ മുങ്ങി. കരിപ്പൂർ വിമാനത്താവളത്തിൽ പച്ചക്കൊടിവരെ ഉയർത്തിയ യൂത്ത് ലീഗുകാർ കുഞ്ഞാലിക്കുട്ടിയെ  പുലിക്കുട്ടിയായി പ്രഖ്യാപിച്ചു. അതേ ദിവസം നഗരത്തിലെത്തിയ സാക്ഷാൽ പുലിക്കുട്ടി കുഞ്ഞാലിക്കുട്ടിയാണ് യഥാർത്ഥ പുലിക്കുട്ടിയെന്നറിഞ്ഞ് കിണറ്റിൽ ചാടി ജീവനൊടുക്കി. .

അതേ യൂത്ത് ലീഗും എം എസ് എഫിലെ വനിതാ വിഭാഗമായ ഹരിതയുമാണിപ്പോൾ പാവം കുഞ്ഞാപ്പയെ വെള്ളം കുടിപ്പിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.  കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ച് മറ്റൊരു പുലിക്കുട്ടിയായി മാറാനുള്ള ശ്രമമാണ് പാണക്കാട്ടെ ഇളമുറക്കാരനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനായ മൊഈൻ അലി നടത്തിയത്. 
 
ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാറില്ലല്ലോ…. അതുപോലെയാണ് പുലികളുടെ കാര്യവും. പുലിക്കുട്ടി വളർന്ന് വളർന്ന് ഇപ്പോൾ വലിയൊരു പുലിയായി മാറി. എന്നാൽ പുലിക്കുട്ടി വെറുമൊരു പൂച്ചക്കുട്ടിയായി പതുങ്ങിയിരിക്കയാണ്. കുഞ്ഞാലിക്കുട്ടിയല്ലെങ്കിൽ പിന്നെ ഏത് പൂച്ചക്കുട്ടിയാണ് ലീഗിനെ നയിക്കുകയെന്നുപോലും അറിയാതെ ലീഗ് നേതൃത്വവും പകച്ചിരിപ്പായിരുന്നു. പാണക്കാട്ടെ തങ്ങൾമാർക്കും ഇതൊക്കെ ശരിക്കും നിശ്ചയമുള്ള കാര്യങ്ങളൊക്കെ തന്നെ. ഹരിത നേതാക്കളോട് അതുകൊണ്ടാണ് ഇങ്ങള് അധികം കളിക്കണ്ടാന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
 
കാര്യം എന്തായാലും ലൈംഗീക ചുവയോടെ ഹരിത നേതാക്കളോട് സംസാരിച്ചതൊന്നും തെറ്റായിട്ട് കുഞ്ഞാപ്പക്ക് മനസിലായ മട്ടും ഇല്ല. ഹരിത സേന തന്നെ പിരിച്ചുവിട്ടാണ് കുഞ്ഞാലിക്കുട്ടി പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നത്. കേസ് കേസാണ്, വനിതാ കമ്മീഷനല്ല കേസ് അന്വേഷിക്കുന്നത്, പൊലീസാണ്. കേസും വരും  മാനക്കേടും ആവും. ആകെ പ്രതിസന്ധിയിലായ ലീഗിനെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ് ഹരിതയെന്ന സംഘടനയിലെ പാവം പെൺപൂച്ചകൾ.  

എം.വി. ഗോവിന്ദനോട് കളിച്ചാൽ…..തളിപ്പറമ്പിലും പണിവരും…

തളിപ്പറമ്പിലെ  പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്യുമ്പോൾ ആന്തൂർ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയായിരുന്നു. ശ്യാമള ചിന്താ വിഷ്ടയായ ശ്യാമളയൊന്നുമല്ല, മന്ത്രി എം വി ഗോവിന്ദന്റെ പ്രിയ പത്നിയാണ്.

സാജൻ ആന്തൂരിൽ ഒരു കൺവെഷൻ സെന്റർ പണിതു, അതിന് സർട്ടിഫിക്കറ്റ് നൽകാൻ അന്നത്തെ ചെയർപേഴ്സൺ തയ്യാറായില്ല. നിയമക്കുരുക്കിൽ പെട്ട് സ്ഥാപനം തുറക്കാൻ പറ്റാത്ത അവസ്ഥയിലായി. കയ്യിലിരുന്ന പണവും, ബാങ്കിൽ നിന്നും വാങ്ങിയ പണവും എല്ലാം ആന്തൂരിൽ ഇറക്കിയെങ്കിലും പദ്ധതി എവിടെയും എത്തിയില്ല. 
നഗരസഭ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടതോടെ സാജന് രോഗം പിടികിട്ടി. രക്ഷയില്ലെന്നും, നാട്ടിൽ ഒരു സ്ഥാപനം നടത്തി ശിഷ്ടജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്നു കരുതിയതും തെറ്റായിപ്പോയി എന്നും സാജൻ എന്ന പ്രവാസി തിരിച്ചറിയുന്നത് കാലം വൈകിയാണ്.

എന്റീശ്വരാ…. എന്തിനാണ് ഈ പഴയകഥയൊക്കെ ഇവിടെ ഇപ്പോൾ വിളമ്പുന്നതെന്ന് ചിലരൊക്കെ സംശയിച്ചേക്കാം. കാര്യമുണ്ട്….

കാലം കുറേ കഴിഞ്ഞെങ്കിലും ശ്യാമളാ മാഡത്തെ സോഷ്യൽ മീഡിയയിൽ ചില സഖാക്കൾ കളിയാക്കിയിരുന്നു. അവർ ആരാണെന്നും നേരത്തെ പാർട്ടി മനസിലാക്കിയിരുന്നു. 
 
രണ്ട് തെരഞ്ഞെടുപ്പുകൾ വരുന്നതിനാൽ ആരും മിണ്ടിയില്ല. മൗനമാണല്ലോ വിദ്ധ്വാൻമാർക്ക് ഭൂഷണം. കാര്യം കൃത്യമായി പറയണമെല്ലോ, തെരഞ്ഞെടുപ്പ് കഴിഞ്ഞു. ആന്തൂരിൽ ഒന്നും സംഭവിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. ഗോവിന്ദൻ മാസ്റ്റർ സ്ഥാനാർത്ഥി. മൃഗീയ ഭൂരിപക്ഷം ലഭിക്കേണ്ട തളിപ്പറമ്പിൽ മാഷിന് ലഭിച്ചത് വളരെ കുറച്ച് വോട്ടുകൾ മാത്രം. സി പി എം കോട്ടകളിൽ വിള്ളൽ വീണിരിക്കുന്നു.

ഗോവിന്ദൻ മാസ്റ്റർ ആർക്കെതിരെയും പരാതിയൊന്നും കൊടുത്തില്ല. എന്നാൽ മാഷ് ഒരു വിദ്യാർത്ഥിയെ പോലെ പരാതി നൽകിയത് തന്റെ പ്രിയ പത്നിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സാമൂഹ്യവിരുദ്ധ സ്വഭാവം കാണിച്ച പാർട്ടിക്കാർക്കെതിരെ നടപടി വേണമെന്നായിരുന്നു.


അത് സാധ്യമായിരിക്കുന്നു ഗുരുജീ…. 17 നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചിരിക്കുന്നു. തലകൾ ഉരുളും… ജാഗ്രതൈ… ഉഗ്രശേഷിയുള്ള നേതാക്കൾക്കും ഭാര്യമാർക്കും നേരെ ഇത്തരം വങ്കത്തം കാണിക്കരുത്. അടിമ ഉടമ വ്യവസ്ഥകൾ പാലിക്കാൻ ശ്രമിക്കുക. ലാൽ സലാം സഖാക്കളെ….

കവിയെ വെട്ടിലാക്കാനിറങ്ങി സ്വയം വെട്ടിലായ ആരിഫ്


ഒരു പാവപ്പെട്ട കവിയെ ഇങ്ങനെയും വളഞ്ഞിട്ട് ആക്രമിക്കാമോ എന്നാണ് ഇപ്പോൾ കേരളീയർ ഒന്നടങ്കം  ചർച്ച ചെയ്യുന്നത്. സഖാവ് ജി സുധാകരൻ വെറും ഒരു രാഷ്ട്രീയക്കാരൻ മാത്രമല്ല, കവിയാണ് ഒന്നൊന്നര കവി. കറകളഞ്ഞ കമ്യൂണിസ്റ്റ് … അഴിമതിയുടെ കറപുരളാത്ത നേതാവ്….

പൊതുമരാമത്ത് മന്ത്രിയായിരുന്ന ആ മഹാ മാനുഷിക്ക് സി പി എം  ഇത്തവണ സീറ്റ് നൽകിയിരുന്നില്ലല്ലോ… അമ്പലപ്പുഴയിൽ പാർട്ടി കമ്മീഷൻ വലിയ ചർച്ചകൾ നടത്തുകയാണ്. അന്വേഷണ കമ്മീഷന്റെ അന്വേഷണം നടന്നു, ഇനി അതിൽ എന്ത് ബോംബാണ് ഉള്ളതെന്ന്
കാത്തിരിക്കുകയാണ് കവി ശ്രേഷ്ഠൻ.

എന്നാൽ നടപടിക്ക് കാത്തിരിക്കാനുള്ളക്ഷമയൊന്നും സ്വന്തം പാർട്ടിക്കാർക്ക് ഇല്ല, അതാണല്ലോ ആലപ്പുഴ എം പി ജി സുധാകരനെതിരെ ആരോപണവുമായി രംഗത്തിറങ്ങാൻ കാരണം. അരൂർ മുതൽ ചേർത്തല വരെയുള്ള ദേശീയപാതാവികസനത്തിൽ ക്രമക്കേട് നടന്നുവെന്നായിരുന്നു ആരിഫിന്റെ പരാതി, സംഭവത്തിൽ വിജിലൻസിനെ കൊണ്ട് അന്വേഷണം നടത്തണമെന്നും ആരിഫ് ആവശ്യപ്പെട്ടു. 
അഴിമതി നടന്നു എന്നാണല്ലോ ആരിഫ് പറയുന്നത്. അക്കാലത്ത് മന്ത്രിയായിരുന്നത് ജി സുധാകരൻ. പാലാരിവട്ടം മോഡൽ എന്നൊക്കെ പറയാവുന്ന ക്രമക്കേടാണ് നടന്നിരിക്കുന്നത്. പാലാരിവട്ടം പാലം പൊളിച്ചു പണിയേണ്ടിവന്നതുപോലെ അരൂർ-ചേർത്തല റോഡ് ആകെ തകർന്നിരിക്കയാണ്. 
 
ജർമ്മൻ സാങ്കേതിക വിദ്യയെന്നൊക്കെ പറഞ്ഞ് കൊട്ടിഘോഷിച്ച് നടപ്പാക്കിയ നിർമ്മാണം വലിയ നാണക്കേടായി.
കവിയെ ആക്രമിക്കാനുള്ള വലിയൊരു സന്ദർഭമാണ് വീണുകിട്ടിയതെന്ന് മനസിലാക്കിയ ആരിഫ് എം പി അപ്പോതന്നെ പൊതുമരാമത്ത് മന്ത്രിക്ക് പരാതിയും അയച്ചു. ഓടുന്ന പട്ടിക്ക് ഒരു മുളം നേരത്തേയുള്ള ഏറ്…. എന്ന മട്ടിൽ…

ജി സുധാകരരെ എന്തായാലും നടപടിയെടുത്ത് പുറത്താക്കും. ഒരു വിജിലൻ കേസുകൂടി ഒപ്പമായാൽ നടപടിക്ക് ഒരു ബലമാവുമല്ലോ എന്ന് പാവം ആരിഫ് കരുതിയതിൽ ഒരും തെറ്റും പറയില്ല.



സ്വപ്ന പറഞ്ഞതും , പറയാത്തതും…


മുഖ്യമന്ത്രി ഡോളർ കടത്തിന് നേതൃത്വം നൽകിയെന്നാണ് തിരുവനന്തപുരം സ്വർണ്ണക്കേസിൽ പ്രതിയായി അകത്തു കിടക്കുന്ന സ്വപ്നാ സുരേഷിന്റെ മൊഴി. ഇതേ സ്വപ്നാ സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇ ഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാരിന്റെ തുടർച്ചയാണിപ്പോഴുമുള്ളത്. പുതിയ സർക്കാർ നിലവിൽ വന്ന് 100 ദിനം ആവാൻ പോവുകയാണ്. 100 വിവാദങ്ങൾ പൂർത്തിയാക്കാൻ ഒരു രണ്ടെണ്ണംകൂടി ആയാൽ അതിഗംഭീരമായേനേ… എന്നാണ് പൊതു ജനമെന്ന കഴുത പറയുന്നത്. അത്രയേറെയുണ്ട് വിവാദങ്ങൾ….

മുട്ടിൽ മരം മുറി, സ്വർണക്കടത്ത് കേസ്, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് മുതൽ പലവിധത്തിലുള്ള വിവാദങ്ങൾ. രണ്ട് മന്ത്രിമാർക്കെതിരെയുള്ള ആരോപണങ്ങൾ. നിയമസഭയിൽ അക്രമം നടത്തിയ കേസിൽ വിചാരണ നേരിടേണ്ട മന്ത്രി, ഫോൺ കെണിയിൽ അകപ്പെട്ട മന്ത്രിയടക്കം വിവാദങ്ങളിൽ ജീവിക്കയാണ് കേരള സർക്കാർ.

മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണമെന്നായിരുന്നു ഉയർന്ന ആദ്യം ആവശ്യമെങ്കിൽ നിയമസഭാ സമ്മേളനം അവസാനിക്കുമ്പോൾ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയേണ്ട അവസ്ഥയിൽ എത്തി. 
ആരും രാജിവെക്കില്ലെന്ന് അറിയാം, എന്നാൽ കാര്യങ്ങൾ കഴിഞ്ഞ തവണത്തെ അത്ര സ്മൂത്തല്ല കാര്യങ്ങൾ എന്ന് വ്യക്തം.

സോളാർ കേസിൽ സരിതാ നായരുടെ മൊഴിയിലാണ് എല്ലാം അസ്തമിച്ചത്. എന്തായാലും സ്വർണക്കേസിലെ പ്രതിയായ സ്വപ്നാ നായർ നടത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രിമാത്രമായിരുന്നില്ല, സ്പീക്കർ വരെ ആരോപണ വിധേയനായി. സരിതാ നായരുടെ മൊഴിയിൽ മുൻ മുഖ്യമന്ത്രിക്കെതിരെ കേസെടുത്തു. എന്നാൽ ഇവിടെ ഒരു കേസുമില്ല…. വക്കാണവുമില്ലത്രേ…


കോൺഗ്രസ് ഐക്യം സിന്ദാബാദ്…..



കേരളത്തിലെ കോൺഗ്രസിന് പുതുവസന്തം എന്നായിരുന്നു കെ സുധാകരൻ കെ പി സി സി അധ്യക്ഷനായതോടെ കോൺഗ്രസ് പ്രവർത്തകർ കരുതിയിരുന്നത്. എന്നാൽ കാര്യങ്ങൾ അത്രയങ്ങോട്ട് പന്തിയല്ലെന്നാണ് സമീപ കാല സംഭവങ്ങൾ വ്യക്തമാക്കുന്നത്.
ഗ്രൂപ്പ് നേതാക്കളുടെ കടുത്ത സമ്മർദ്ധംമൂലം സുധാകരൻ ശരിക്കും പണിപ്പെടുകയാണ്. 
 
14 ജില്ലകളിലെ ഡി സി സി അധ്യക്ഷൻമാരെ നിയമിക്കണം. കെ പി സി സി സി ഭാരവാഹികളെ കണ്ടെത്തെണം. പട്ടികയിൽ കടന്നു കൂടാൻ നടന്ന പോരാട്ടങ്ങൾ ഒളിമ്പിക്‌സിനെ വെല്ലുന്നതായിരുന്നു.
ഹൈക്കമാന്റിന് വലിയൊരു പട്ടിക സമർപ്പിക്കുന്ന പതിവ് പരിപാടി ഇത്തവണ ഉണ്ടാവില്ലെന്ന്  നേരത്തെ പറഞ്ഞിരുന്നു. എന്നിട്ടും പട്ടികയുമായി അങ്ങ് ഡൽഹിയിലും, തിരുവനന്തപുരത്തുമായി സുധാകരൻ കറങ്ങി നടക്കാൻ തുടങ്ങിയിട്ട് കാലം കുറേയായിരിക്കുന്നു. ഇപ്പോൾ തീരുമാന മാവുമെന്നാണ് പറഞ്ഞുകേട്ടിരുന്നത്.
 
 എന്നാൽ അത്ര പെട്ടെന്ന് തീരുന്ന പരിപാടിയല്ല ഈ പുനസംഘടന എന്ന സത്യം സുധാകരനും തിരിച്ചറിഞ്ഞിരിക്കുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും പരാതിയുമായി രംഗത്തെത്തി, കുറേ കാലമായി മൗനത്തിലായിരുന്ന വി എം സുധീരൻ വരെയുള്ള സകലമാന നേതാക്കളും പരാതിയുമായി എത്തിയിരിക്കുന്നു. നമ്മളെല്ലാം ചേർന്ന് മത്സരിച്ച് ഇല്ലാതാക്കിയ പാർട്ടി….ഏതെങ്കിലും കാരണത്താൽ രക്ഷപ്പെട്ടാൽ അതിന്റെ ക്രഡിറ്റ് സുധാകരന് കിട്ടുമോ എന്ന ഭയവും ഉണ്ടത്രേ…


ശ്രീജേഷിന്റെ ഒളിമ്പിക്സിലെ നേട്ടങ്ങൾ


കിഴക്കമ്പലം എന്ന ഗ്രാമം ഇന്ന് അറിയാത്തവരായി ആരുമുണ്ടാവില്ല. ട്വന്റി 20 എന്ന സംഘടനയുടെ നീക്കമൊന്നുമല്ല ശ്രീജേഷിനെ കായിക പ്രേമികൾ സ്വീകരിക്കാൻ കാരണം.  എറണാകുളം ജില്ലയിൽ ഹോക്കിയെന്ന കായിക വിഭാഗത്തിന് കാര്യമായ സ്ഥാനമൊന്നുമില്ല. ഹോക്കി ഭാരതീയമായ കായിക വിനോദമാണെങ്കിലും ഹോക്കിയിൽ എത്രയോ കാലമായി മെഡൽ നേടിയിരുന്നത് മറ്റു ചില രാജ്യങ്ങളായിരുന്നു.


49 വർഷമായി ഇന്ത്യക്ക് ലഭിക്കാതിരുന്ന മെങ്കല മെഡൽ നേടി ഒരു കിഴക്കമ്പലംകാരൻ നട്ടെല്ലുയർത്തി ലോകത്തിനുമുന്നിൽ ഉയർന്നു നിൽക്കുകയാണ്. കോടിക്കണക്കിന് ഭാരതീയരുടെ അഭിമാനം വാനോളം ഉയർത്തിയ പി ആർ ശ്രീജേഷ്. ആകെ പതിനേഴ് രാജ്യങ്ങളിൽ മാത്രമുള്ള ക്രിക്കറ്റ് എന്ന കായിക വിനോദത്തിന്റെ അമരക്കാരനായിരുന്നയാളെ നിങ്ങൾ വിളിച്ചത് ക്രിക്കറ്റ് ദൈവമെന്നായിരുന്നു. പി ആർ ശ്രീജേഷിനെ നിങ്ങൾ ദൈവമെന്നല്ല ദേവന്മാരുടെ ദേവനെന്ന് വേണം വിളിക്കാൻ.

മലയാളിയായതിനാൽ പി ആർ ശ്രീജേഷിന് വേണ്ടത്ര സ്വീകാര്യതയുണ്ടായോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ചില കായിക വിഭാഗങ്ങളോട് സംസ്ഥാനവും രാജ്യവും ചിറ്റമ്മ നയം സ്വീകരിക്കാറുണ്ട, പി ആർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാനുണ്ടായ കാലവിളമ്പവും അതിന്റെ ഭാഗമായിരുന്നു. ജേതാക്കളെയാണ് ആദരിക്കേണ്ടത്, 
നേതാക്കളെയല്ല…രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായ എല്ലാ ഒളിമ്പ്യൻമാരെയും നമ്മൾ വണങ്ങുന്നു.

കോവിഡ് ഇനിയും നമ്മോടൊപ്പം ഉണ്ടാവും

കോവിഡ് ഭീഷണിയിൽ നിന്നും സംസ്ഥാനത്തിന് ഉടനൊന്നും വിമുക്തിയുണ്ടാവുമെന്ന് തോന്നുന്നില്ല. കാരണം കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാവുന്നില്ല. ഓണത്തിന്റെ ഇളവുകൾ കൂടി കഴിയുമ്പോൾ കേരളത്തിലെ രോഗികളുടെ എണ്ണം പിന്നെയും വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.


എവിയെയോ തെറ്റു പറ്റിയിട്ടുണ്ട്. അത് എവിയെയാണ് എന്നു കണ്ടെത്തേണ്ടതുണ്ട്. കേരളം കോവിഡ് പിടിച്ചുകെട്ടിയെന്നായിരുന്നു പ്രചാരണം. ലോകം മുഴുവൻ കോവിഡ് ആഞ്ഞടിക്കുകയും, സംഹാര താണ്ഡവമാടുകയും ചെയ്തപ്പോഴും കേരളത്തിൽ രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു. ഇതൊക്കെ ശുഭകരമായിരുന്നു കേരളത്തിന്റെ അവസ്ഥ.

ഇപ്പോഴിതാ അത്രയൊന്നും എളുപ്പമാവില്ല സ്ഥിതിഗതികൾ എന്നാണ് മുന്നറിയിപ്പ്. കോവിഡ് ബാധ ഇനിയും വർദ്ധിക്കുമോ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ ഇനിയും അടച്ചിടേണ്ടിവരുമോ എന്നൊക്കെയുള്ള ആശങ്കൾ ഒരു ഭാഗത്തുണ്ട്. എന്തു സംഭവിക്കുമെന്ന് നമുക്കറിയില്ല.

ഉടൻ പ്രവർത്തികൾ തീർക്കട്ടെ….



വാൽക്കഷണം : 
 
കൊച്ചി മെട്രോ  എം ഡിയായി മുൻ ഡി ജി പി ലോക് നാഥ് ബഹറയെ നിയമിച്ചിരിക്കുന്നു. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ പിണറായിയുടെ ഒരു രീതിയാണ് സാർ…

LEAVE A REPLY

Please enter your comment!
Please enter your name here