തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് നിയന്ത്രണങ്ങളിൽ അയവ് നൽകിയതോടെ കേരളത്തിലെ പ്രതിദിന കൊവിഡ്-19 കേസുകൾ വരും ദിവസങ്ങളിൽ ഉയരുമെന്ന് വിദഗ്ധർ. ഇളവുകൾ നിലവിൽ വന്നതോടെ ആളുകൾ കൂട്ടമായി പുറത്തിറങ്ങുന്ന സാഹചര്യം സംസ്ഥാനത്തുണ്ടായിരുന്നു. കടകളിലും പൊതുസ്ഥലങ്ങളിലും തിരക്ക് ഉയർന്ന തോതിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ കുത്തനെ ഉയരുമെന്ന സൂചന വിദഗ്ധർ നൽകുന്നത്.

ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് സംസ്ഥാനത്ത് ആശങ്ക ശക്തമാക്കുന്നത്. ആരോഗ്യവകുപ്പ് ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. ശനിയാഴ്ച സംസ്ഥാനത്ത് രേഖപ്പെടുത്തിയ ടി പി ആർ 17.73 ആയിരുന്നു. 1,63,212 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. വിവിധ ജില്ലകളിലായി 4,85,017 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,58,431 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 26,586 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1704 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 66 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 19,494 ആയി.


മറ്റ് സംസ്ഥാനങ്ങളിൽ ദിനം പ്രതിയുള്ള കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുമ്പോൾ കേരളത്തിലെ കൊവിഡ് കേസുകൾ ഉയർന്നതോതിലാണുള്ളത്. കൊവിഡിന്റെ ഒന്നാം തരംഗമുണ്ടായപ്പോൾ കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചത് ഓണത്തിന് ശേഷമാണെന്ന ആശങ്കയും നിലവിലുണ്ട്. ടിപിആർ ഉയർന്ന തോതിലുള്ളപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം കുറവാണെന്നതാണ് ആശ്വാസമുണ്ടാക്കുന്നത്. ഓണം പ്രമാണിച്ച് നൽകിയ ഇളവുകൾ തിരിച്ചടിയാകുമോ എന്ന് സെപ്റ്റംബർ ആദ്യത്തോടെ മാത്രമാകും അരിയാൻ കഴിയുക.

ഓണം കഴിഞ്ഞതോടെ സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകൾ നാൽപ്പതിനായിരം കടക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ഓണം പ്രമാണിച്ച് നൽകിയ ഇളവുകൾ കൊവിഡ് കേസുകൾ വർധിക്കാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഓണത്തിന് മുൻപ് തന്നെ കേസുകളിൽ വർധന ആരംഭിച്ചു. ഇതോടെ സെപ്റ്റംബർ ആദ്യവാരത്തോടെ പ്രതിദിനം കൊവിഡ് കേസുകൾ നാൽപ്പതിനായിരം കടന്നേക്കും. കൊവിഡ് പരിശോധനകൾ വർധിപ്പിക്കുകയാണ് ഈ സാഹചര്യത്തിൽ ആവശ്യം. നിലവിൽ ഒരു ലക്ഷത്തോളം കൊവിഡ് പരിശോധനകൾ മാത്രമാണ് നടത്തുന്നത്. ഇതു വീണ്ടും രണ്ട് ലക്ഷത്തോളമായി ഉയർത്താനും സാധ്യതയുണ്ട്. കൊവിഡ് പ്രതിരോധ വാക്‌സിൻ വിതരണം വേഗത്തിലാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.

കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ചേരുന്ന കൊവിഡ് അവലോകന യോഗം നിർണായകമാണ്. കൂടുതൽ ഇളവുകൾ നൽകാതെ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചേക്കും. കൊവിഡ് തീവ്രവ്യാപനമുള്ള ജില്ലകളായ മലപ്പുറം, തൃശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവടങ്ങളിൽ നിയന്ത്രണം കടുപ്പിക്കുമെന്നാണ് സൂചന.

കൊവിഡ് കേസുകൾ അതിവേഗം ഉയരുന്ന മലപ്പുറം, തൃശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ആശുപത്രികൾ നിറയുന്ന സാഹചര്യമുണ്ട്. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂർ 1007 കേസുകളാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്. മലപ്പുറത്തെ സർക്കാർ ആശുപത്രിക്കളിൽ ആറ് വെവിലേറ്ററുകളും രണ്ട് ഐസിയുകളും ഒഴിവുണ്ട്. കോഴിക്കോട് ജില്ലയിൽ 96 വെന്റിലേറ്ററിൽ 21 എണ്ണം ഒഴിവുണ്ട്. ആകെ 982 വെന്റിലേറ്റിൽ സർക്കാർ ശുപത്രികളിൽ 294 ഒഴിവുണ്ട്. കോഴിക്കോട് 127 ഐസിയുകളിൽ 32 മാത്രം ബാക്കിയുണ്ട്. മൊത്തം 1425ൽ ഇനി 326 ഐസിയുകളാണ് ബാക്കിയുള്ളത്. എറണാകുളം, കോട്ടയം, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും അറുപത് ശതമാനത്തിലധികം കിടക്കകളിൽ രോഗികളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here