കണ്ണൂർ: കണ്ണൂർ സിപിഎമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. നേതാക്കൾക്ക് താക്കീത് നൽകിയെന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് മുതിർന്ന സിപിഎം നേതാവിൻറെ പ്രതികരണം. പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാൻ പാർട്ടിക്കുള്ളിൽ സംവിധാനങ്ങളുണ്ടെന്നും, പി ജയരാജൻ സഹദേവൻ പ്രശ്‌നം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.


എം സുരേന്ദ്രൻ ഒരു കത്തും നൽകിയിട്ടില്ലെന്നും പലതരത്തിലുള്ള പ്രചാരണങ്ങൾ എല്ലാ കാലത്തും നടക്കുന്നതല്ലേയെന്നും ചോദ്യത്തോട് പ്രതികരിക്കവെ കോടിയേരി പറഞ്ഞു. തെറ്റായ എന്തെങ്കിലും നടപടികൾ ഉണ്ടെങ്കിൽ പാർട്ടി തന്നെ അത് കണ്ടെത്തുകയും തിരുത്തുകയും ചെയ്യുന്നുണ്ടല്ലോ. സിപിഎം എല്ലാ കാലത്തും പാർട്ടി കേഡർമാരെ വിലയിരുത്താറുണ്ട്. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ചൂണ്ടിക്കാണിക്കാറുണ്ട്. തെറ്റ് തിരുത്തൽ പ്രക്രിയ തന്നെ ഉള്ള പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.


മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരം തന്നെയായായാണ് വിലയിരുത്തപ്പെടുന്നത്. അതിനെ തെറ്റായ രീതിയിൽ കൊണ്ടു നടക്കാൻ ചില ശ്രമം നടന്നിരുന്നു. ചരിത്രത്തെ വളച്ചൊടിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും കോടിയേരി വിമർശിച്ചു.


പാർട്ടി സെക്രട്ടറി സ്ഥാനത്തേക്കുള്ള മടങ്ങി വരവ് യഥാസമയം യുക്തമായി തീരുമാനിക്കുമെന്നും താൻ ഇപ്പോൾ ലീവിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആദ്യ ജില്ലാ സമ്മേളനം എറണാകുളത്ത് നടക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു


മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് ധർമ്മടം ബന്ധം ആരോപണം പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും കോടിയേരി വിമർശിച്ചു. സത്യം പുറത്തുകൊണ്ടു വരണമെന്ന ആഗ്രഹമാണ് ഉള്ളതെങ്കിൽ ഇതുമായി ബന്ധപ്പെട്ട് കിട്ടിയ തെളിവുകൾ പ്രതിപക്ഷ നേതാവ് ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here