ന്യൂഡൽഹി:അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു. ഇതിനിടയിൽ ഡിസിസി പട്ടികക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ രണ്ട് നേതാക്കളെ സസ്പെൻഡ് ചെയ്തു.

തിരുവനന്തപുരത്ത് പാലോട് രവിയും കോട്ടയത്ത് നാട്ടകം സുരേഷുമാണ് പട്ടികയിലുള്ളത്. ആലപ്പുഴയിൽ ബാബു പ്രസാദ് ആണ് അധ്യക്ഷൻ. മൂന്നിടങ്ങളിൽ മുമ്പ് ഉയർന്നുകേട്ട പേരുകളിൽ നിന്ന് വ്യത്യസ്തമാണ് തെരഞ്ഞെടുക്കപ്പെട്ടവർ. പട്ടികയിലെ അവസാന ഘട്ടത്തിലെ മാറ്റം ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണെന്നാണ് വിവരം.

രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം മൂലമാണ് ബാബു പ്രസാദ് പട്ടികയിലിടം നേടിയതെന്നാണ് വിവരം. എ പി ശ്രീകുമാറിനെ ആലപ്പുഴ ഡിസിസി അധ്യക്ഷനാക്കുമെന്നായിരുന്നു സൂചന. എന്നാൽ, സമ്മർദ്ദത്തിനൊടുവിൽ ബാബു പ്രസാദ് ആ സ്ഥാനത്തേക്കെത്തുകയായിരുന്നു. കോട്ടയത്ത് ഫിൽസൺ മാത്യൂസിന് സാധ്യത എന്ന സൂചനകൾ ശക്തമായിരുന്നു. യാക്കോബായ സമുദായം​ഗമായ ഫിൽസണെ ചില താല്പര്യങ്ങളുടെ പേരിൽ എ ​ഗ്രൂപ്പ് നിയോ​ഗിക്കുന്നു എന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ, സം​ഘടനാ രംഗത്ത് ഫിൽസൺ മാത്യൂസിനെക്കാൾ സ്വാധീനം നാട്ടകം സുരേഷിനാണ് എന്ന പര​ഗിണന വച്ചാണ് നാട്ടകം സുരേഷിനെ കോട്ടയത്ത് അധ്യക്ഷനാക്കിയിരിക്കുന്നത്. ഫിൽസൺ മാത്യൂസിനെ പരി​ഗണിക്കുന്നതിനെ ചൊല്ലി ഗ്രൂപ്പിന് ഉള്ളിൽ തന്നെ വ്യാപക എതിർപ്പു വന്നതോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ ഉണ്ടായതും നാട്ടകം സുരേഷിന് തന്നെ നറുക്കുവീണതും. ഇടുക്കിയിൽ നേരത്തെ ഉയർന്നുകേട്ട പേര് അഡ്വ അശോകന്റേതായിരുന്നു. എന്നാൽ, പട്ടികയിൽ പുറത്തു വന്നിരിക്കുന്നത് സി പി മാത്യുവിന്റെ പേരാണ്.

പാലക്കാട് എ തങ്കപ്പൻ, മലപ്പുറം വി എസ് ജോയ്, കൊല്ലം പി രാജേന്ദ്രപ്രസാദ്, പത്തനംതിട്ട സതീഷ് കൊച്ചുപറമ്പിൽ, എറണാകുളം മുഹമ്മദ് സിയാസ്, തൃശ്ശൂർ ജോസ് വെള്ളൂർ, കോഴിക്കോട് അഡ്വ കെ പ്രവീൺ‌ കുമാർ, വയനാട് എൻ ഡി അപ്പച്ചൻ എന്നിവരാണ് മറ്റ് ഡിസിസി പ്രസിഡന്റുമാർ.

പുതിയ പട്ടികക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ കെ.പി.അനിൽകുമാറിനെയും ശിവദാസൻ നായരേയും കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു.

പുതിയ ഡിസിസി പ്രസിഡണ്ടുമാരിൽ ഏറെക്കുറെ പേരും പെട്ടിതൂക്കി കളാണന്നാണ് അനിൽകുമാർ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here