രാജേഷ് തില്ലങ്കേരി

ശരിക്കും കോൺഗ്രസ് സെമി കേഡർ സ്വഭാവത്തിലേക്ക് നീങ്ങുകയാണ്. ഒരു ആൾക്കൂട്ട പാർട്ടിയെന്ന നിലയിൽ നിന്നും കോൺഗ്രസിനെ കേഡർ സ്വഭാവത്തിലേക്ക്  മാറ്റിയെടുക്കാനുള്ള ആദ്യ നീക്കം വിജയം കാണുകയാണ്. കേഡർ സ്വഭാവം കൈവരിക്കുകയെന്നത് അത്രയെളുപ്പമല്ലെന്ന് നേതാക്കൾക്കും നിശ്ചയമുണ്ട്. എന്നാൽ പാർട്ടിയെ മാറ്റിയെടുത്തേ പറ്റൂ, ഇല്ലെങ്കിൽ കോൺഗ്രസ് ഇല്ലാതാവും. മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയല്ല കേരളത്തിൽ. കോൺഗ്രസ് കഴിഞ്ഞ കാലങ്ങളിൽ നേരിട്ടിരുന്ന അതേ പാർട്ടിയാണ് ഇപ്പോഴും എതിരാളികൾ. കമ്യൂണിസ്റ്റുപാർട്ടികളായ സി പി എം, സി പി ഐ എന്നിവർ നേതൃത്വം നൽകുന്ന ഇടതുമുന്നണിയാണ് മുഖ്യശത്രു. ബി ജെ പിയെ നേരിടുകയെന്ന ദൗത്യം എൽ ഡി എഫും യു ഡി എഫും ഒരുപോലെ നിർവ്വഹിക്കുമ്പോഴും പരസ്പരം പോരാടുകയും ചെയ്താണ് കോൺഗ്രസ് മുന്നോട്ട് പോവുന്നത്.
കേരളത്തിലെ കോൺഗ്രസിന്റെ എക്കാലത്തെയും ശാപം ഗ്രൂപ്പിസമായിരുന്നു. എ കെ ആന്റണിയുടെയും കെ കരുണാകരന്റെയും നേതൃത്വത്തിൽ രൂപംകൊണ്ട എ , ഐ ഗ്രൂപ്പുകൾ. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തെ അംഗീകരിക്കാതിരുന്ന എ കെ ആന്റണിയുടെ പേരിലുണ്ടായിരുന്ന എ ഗ്രൂപ്പ് പിന്നീട് കോൺഗ്രസിൽ നിന്നും പിളർന്ന് മറ്റൊരു പാർട്ടിയായിമാറിയതും, സി പി എമ്മുമായി ചേർന്ന് ഭരണത്തിൽ പങ്കാളികൾവരെയായി. അതൊക്കെ പഴയ ചരിത്രം. കോൺഗ്രസിൽ പിന്നീട് സമവായം ഉണ്ടായി, എ യും ഐ യും ഒരുമിച്ചു. എന്നാൽ നേതാക്കൾ രണ്ട് ചേരിയായി തന്നെ പാർട്ടിയിൽ നിന്നു. തങ്ങളുടെ കൂടെ നിൽക്കുന്നവർക്ക് സ്ഥാനമാനങ്ങൾ വാങ്ങിക്കൊടുത്തു. കേരളത്തിൽ നേതാക്കൾ തമ്മിൽ പോരാട്ടം ശക്തമാവുമ്പോൾ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി മറ്റൊരു പോസ്റ്റു നൽകി അനുനയിപ്പിച്ചും മറ്റും ഗ്രൂപ്പുകളെ നിലനിർത്തി. കെ കരുണാകരൻ –  എ കെ ആന്റണി പോര് പക്ഷേ ഒരിക്കലും പാർട്ടിയെ ദുർബലപ്പെടുത്തിയിരുന്നില്ല. കാരണം അന്നൊക്കെ കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്നു.
എന്നാൽ കാലം മാറി, കരുണാകരയുഗം അവസാനിച്ചു, എ കെ ആന്റണി ദേശീയ നേതൃത്വത്തിലേക്ക് പോയി. അതോടെ കേരള രാഷ്ട്രീയത്തിൽ ആന്റണിയുടെ ഇടപെടൽ ഇല്ലാതായി. രണ്ടാമനായി എ ഗ്രൂപ്പിന്റെ നേതാവായി ആന്റണിക്കൊപ്പമുണ്ടായിരുന്ന ഉമ്മൻ ചാണ്ടി  എ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നു.
പിന്നീട് 18 വർഷമായി കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയുഗമായി. ഐ ഗ്രൂപ്പിന്റെ അമരക്കാരനായി പഴയ കരുണാകര ശിഷ്യൻ രമേശ് ചെന്നിത്തലയും എത്തി. ഇതോടെ എ , ഐ ഗ്രൂപ്പുകൾ ശക്തമായി മുന്നോട്ട്.
കെ പി സി സി അധ്യക്ഷ പദവി രമേശ് ചോദിച്ചുവാങ്ങിയത് എ ഗ്രൂപ്പിന് മുഖ്യമന്ത്രി പദം ലഭിച്ചതോടെയായിരുന്നു. അതാണ് കോൺഗ്രസിലെ രീതി. ഐ ക്കാരനാണ് മുഖ്യമന്ത്രിയെങ്കിൽ കെ പി സിസി അധ്യക്ഷൻ എ ക്ക്. അങ്ങിനെ വീതം വച്ച് മുന്നേറിയ കോൺഗ്രസിന്റെ ഗ്രൂപ്പ് മാനേജർമാർ കാര്യങ്ങൾ തീരുമാനിച്ചു. പ്രതിപക്ഷ നേതൃത്വം ഐ ക്കായപ്പോൾ എ ഗ്രൂപ്പുകാരൻ അധ്യക്ഷനാവുകയെന്ന പതിവ് കലാപരിപാടി അവസാനിച്ചു.
വി എം സുധീരൻ ഗ്രൂപ്പില്ലാത്ത കോൺഗ്രസ് ഉണ്ടാവണമെന്ന് ആഗ്രഹിച്ചു, എന്നാൽ അതൊന്നും നടത്തിയെടുക്കാനുള്ള കെൽപ്പ് സുധീരനുണ്ടായിരുന്നില്ല. ബാർ നിരോധനം പോലുള്ള മണ്ടൻ തീരുമാനങ്ങൾ കൈക്കൊണ്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെ പി സി സി അധ്യക്ഷനായിരുന്ന വി എം സുധീരനെ പാർട്ടിയിൽ ഒറ്റപ്പെടുത്തി. ഒടുവിൽ കോഴിക്കോട് വച്ച്  തെന്നി വീണതിന്റെ  പേര് പറഞ്ഞ് സുധീരൻ മുൾകിരീടം വലിച്ചെറിഞ്ഞു.
കെ പി സി സി അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും ഗ്രൂപ്പിസത്തിന്റെ പേരിൽ വിയർപ്പൊഴുക്കേണ്ടിവന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി കോൺഗ്രസിലെ ഗ്രൂപ്പിസത്തിനുള്ള ശക്തമായ മുന്നറിയിപ്പായിരുന്നു. ഹൈക്കമാന്റ് മുന്നറിയിപ്പ് നൽകി. കേരളത്തിൽ ഗ്രൂപ്പിസം വെടിഞ്ഞ് നേതാക്കൾ ഒറ്റക്കെട്ടായി നീങ്ങിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന മുന്നറിയിപ്പ് നേതാക്കൾ ചെവിക്കൊണ്ടില്ല. അമിതമായ ആത്മ വിശ്വാസമായിരുന്നു ചെന്നിത്തലയ്ക്ക്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച്, ഒറ്റ മനസോടെ കോൺഗ്രസിനെ നയിച്ചാൽ ജയിച്ചു കയറാമെന്ന് പറഞ്ഞു. ഹൈക്കാന്റ് നിരീക്ഷകരെ വച്ചു. എന്നാൽ കേരളത്തിൽ ഒരു ഐക്യവുമുണ്ടായില്ല. പരസ്പരം പാരവച്ചു, കാലുവാരി. താഴേത്തട്ടിൽ പ്രവർത്തിക്കാൻപോലും ആരുമുണ്ടായില്ല. നേതാക്കളും അവരുടെ ഗ്രൂപ്പും മാത്രമായി. താഴേത്തട്ടിൽ പാർട്ടിയില്ലാതായത് ഗ്രൂപ്പ് മാനേജർമാർ അറിഞ്ഞില്ല.  അങ്ങിനെ കോൺഗ്രസിന് ചരിത്രത്തിൽ ആദ്യമായി രണ്ടാം ടേമിലും ഭരണം നഷ്ടമായി. ഇത്തരമൊരു സാഹചര്യത്തിലാണ് സമൂലമാറ്റമെന്ന പ്രഖ്യാപനം ഹൈക്കമാന്റിൽ നിന്നും ഉണ്ടാവുന്നത്. ഇരിക്കുന്ന സീറ്റിൽ നിന്നും മാറിയിരിക്കാൻ തയ്യറാവാത്ത നേതാക്കൾ. പരസ്പരം അറിയാത്ത ആൾക്കൂട്ട കമ്മിറ്റി. ഇതൊക്കെയായിരുന്നു കോൺഗ്രസിലെ പ്രധാന പ്രശ്‌നങ്ങൾ. കെ പി സി  സി നേതാക്കളെ മുട്ടിയിട്ട് സാധാരണ പ്രവർത്തകർക്ക് വഴി നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. അങ്ങിനെയാണ് ജംബോ കമ്മിറ്റികൾ പിരിച്ചു വിട്ടത്. ഡി സി സി കൾ എല്ലാം പുനസംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഒന്നര മാസമെടുത്തു ഡി സി സി അധ്യക്ഷന്മാരെ കണ്ടെത്താൻ.
പട്ടികയുമായി ഡൽഹിയിലേക്കു പോയ സുധാകരനെ ഒതുക്കാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡൽഹിയിൽ എത്തി. പരാതികൾ ഉന്നയിച്ചു. ഡി സി സികളെല്ലാം കെ സി വേണുഗോപാലും വി ഡി സതീശനും കെ സുധാകരനും വീതം വെച്ചെടുക്കുകയാണ് എന്നായിരുന്നു പ്രധാന പരാതി. എന്നാൽ അതെല്ലാം നേരിട്ടു, പട്ടികയിൽ കൂട്ടിച്ചേർക്കലും ഒഴിവാക്കലും നടന്നു. ഇതെല്ലാം കഴിഞ്ഞ് ഡി സി സി പട്ടികയിൽ പ്രഖ്യാപനം ഉണ്ടായി.
പട്ടികയിൽ ഇടം പിടിക്കാത്തവർ പ്രതിഷേധിച്ചു, എന്നാൽ ഉമ്മൻ ചാണ്ടിയും പാർശ്വവർത്തികളും ഒപ്പം ചെന്നിത്തലയും സംഘവും ഒരുമിച്ച് കെ പി സി സി നേതൃത്വത്തെ ആക്രമിച്ചു. ഒരുമിച്ചുള്ള അക്രമത്തിൽ നേതൃത്വം ആടിയുലയുമെന്നായിരുന്നു കരുതിയത്, എന്നാൽ സംഭവിച്ചത് മറ്റൊന്നായി.
 
 ഗ്രൂപ്പുകൾക്ക് സ്ഥാനമാനങ്ങൾ വീതം വച്ചു നൽകുന്ന പതിവ് പരിപാടികൾ അവസാനിപ്പിച്ചതാണ് ആദ്യ നീക്കം. പരസ്യപ്രതികരണം നടത്തിയ നേതാക്കൾക്കുനേരെ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ നേതൃത്വം മറ്റൊന്നും ആലോചിച്ചില്ല. കൃത്യമായ  
കെ സുധാകരൻ, വി ഡി സതീശൻ ടീം കോൺഗ്രസിനെ ശുദ്ധീകരിക്കാൻ നടത്തുന്ന ശ്രമങ്ങൾ വിജയം കാണുന്നു എന്നു വേണം അനുമാനിക്കാൻ. കോൺഗ്രസിൽ കാലാകാലമായി നടന്നിരുന്ന ഗ്രൂപ്പ് വീതം വെപ്പ് ഉണ്ടാവില്ലെന്ന പ്രഖ്യാപനം അവസാനം ഞങ്ങൾ പൊളിക്കുമെന്ന് പ്രഖ്യാപിച്ച് ഇറങ്ങിപ്പുറപ്പെട്ട ഉമ്മൻ ചാണ്ടി- രമേശ് ചെന്നിത്തല അച്ചുതണ്ട് പരാജയപ്പെടുകയാണ്.
വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതോടെ ആരംഭിച്ച ഉൾപ്പാർട്ടി പോര് കെ സുധാകരൻ കെ പി സി സി അധ്യക്ഷനായി എത്തിയതോടെ മൂർച്ഛിച്ചു. അനൈക്യവും ഗ്രൂപ്പ് പോരാട്ടവും മൂലം ഭരണം നഷ്ടപ്പെട്ടപ്പോഴും നേതാക്കൾക്ക് തങ്ങളുടെ ആധിപത്യം ശക്തിപ്പെടണമെന്ന ആഗ്രഹം മാത്രമാണുണ്ടായിരുന്നത്. പ്രദേശ് കോൺഗ്രസ് കമ്മിറ്റിയെ ജംബോ കമ്മിറ്റിയായി കൊണ്ടുപോവേണ്ട ഗതികേടിലായിരുന്നു നാളിതുവരെ. അതൊന്നും ഇനിയുണ്ടാവില്ലെന്ന് കെ സുധാകരൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ ചുക്കാൻ പുതിയ കരങ്ങളിലാണ്. പ്രതിപക്ഷ നേതാവായ വി ഡി സതീശൻ കാര്യങ്ങൾ പലതവണ വ്യക്തമാക്കിയതാണ് ഇതൊക്കെ.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പുതിയ ഡി സി സി അധ്യക്ഷ പട്ടികയ്‌ക്കെതിരെ പൊട്ടിത്തെറിച്ചാണ് രംഗത്തെത്തിയത്. കോൺഗ്രസിലെ തലമുതിർന്ന രണ്ട് നേതാക്കൾ, രണ്ട് ചേരികളിലായി നിന്നിരുന്നവർ പാർട്ടിയിലെ അധികാരം നഷ്ടമായതിന്റെ വേദനിയിൽ ഒന്നായി. എന്നാൽ ഒപ്പം നിൽക്കുമെന്ന് കരുതിയവർ ഓരോരുത്തരായി കൊഴിയുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയെ കൈവിട്ടു. കോഴിക്കോട് ജില്ലയിലെ എ ഗ്രൂപ്പിന്റെ ശബ്ദമായിരുന്ന ടി സിദ്ദിഖ് ഉമ്മൻ ചാണ്ടിയെ നേരത്തെതന്നെ കയ്യൊഴിഞ്ഞിരുന്നു. പി സി വിഷ്ണുനാഥ് ഉമ്മൻ ചാണ്ടിയെ പിന്തുണച്ചില്ല എന്നതും ഗ്രൂപ്പ് രാഷ്ട്രീയം കോൺഗ്രസിൽ അവസാനിക്കുന്നതിന്റെ ലക്ഷണങ്ങളാണ്.

ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിച്ചത് ഹൈക്കമാന്റാണ്. ഉമ്മൻ ചാണ്ടി എ ഐ സി സി ജന.സെക്രട്ടറിയാണ്. ഹൈക്കമാന്റിനെതിരെയാണ് ഉമ്മൻ ചാണ്ടിയുടെ പ്രതിഷേധം. എ ഐ സി സി നേതൃത്വത്തിലേക്ക് പരിഗണിച്ചിരുന്ന നേതാവാണ് രമേശ് ചെന്നിത്തല, അദ്ദേഹവും ഹൈക്കമാന്റിനെ ചോദ്യം ചെയ്തു രംഗത്തെത്തിയത് സ്വയം കുഴിച്ച കുഴിയായിമാറി.

തങ്ങളുടെ പാർശ്വവർത്തികളെ കുത്തിനിറച്ചൊരു കമ്മിറ്റിയുണ്ടാക്കുകയായിരുന്നു ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പാർട്ടിയെ അടിമുടി മാറ്റുകയെന്ന ലക്ഷ്യവുമായി നീങ്ങുന്ന കെ സുധാകരന് അതൊന്നും അംഗീകരിക്കാനാവില്ലെന്ന് സുധാകരനെ അറിയാവുന്ന പ്രവർത്തകർക്ക് അറിയാം.  വി ഡി സതീശൻ ചോദിച്ച ചോദ്യവും അതാണ്. നിങ്ങൾ തരുന്ന ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ പിന്നെ ഞങ്ങൾ ഈ ചുമതലയിൽ ഇരിക്കേണ്ടതുണ്ടോ എന്ന്. ആ ചോദ്യം ഏറെ പ്രസക്തവുമാണ്. ഇത് മാറുന്ന പാർട്ടിയാണ് എന്നും, നിങ്ങൾ ചേർന്ന് ഗ്രൂപ്പ് കളിച്ച് നശിപ്പിച്ച പാർട്ടിയെ ഉയർത്തിയെടുക്കാനുള്ള വലിയ ദൗത്യമാണ് നമ്മൾ നിർവ്വഹിക്കുന്നതെന്നുമുള്ള സന്ദേശമാണ് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പുതിയ നേതൃത്വം നൽകിയത്.
കോൺഗ്രസ് ഒരു സെമി കേഡർ പാർട്ടിയായി മാറുകയാണ് എന്നതിന്റെ ഉദാഹരണമാണ് പരസ്യ പ്രതികരണവുമായി എത്തിയ നേതാക്കൾക്കു നേരെ അച്ചടക്കത്തിന്റെ വാളെടുത്തത്. ഹൈക്കമാന്റിനെയും കെ പി സി സി യെയും വെല്ലുവിളിച്ചുകൊണ്ടുള്ള ഗ്രൂപ്പ് പ്രവർത്തനം ഇനി നടക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൈക്കൊണ്ട നടപടികൾ. ഒരു സമ്മർദ്ധങ്ങൾക്കും ചെവികൊടുക്കേണ്ടതില്ലെന്ന ശക്തമായ നിലപാടിൽ ഹൈക്കമാന്റും ഉറച്ചു നിൽക്കുകയാണ്. ഇതോടെ ഗ്രൂപ്പിന്റെ പേരിൽ എന്തെങ്കിലും നേടാമെന്ന പതിവ് പരിപാടിയുടെ കാലം കഴിയുകയാണ്.

കേരളത്തിലെ കോൺഗ്രസ് പാർട്ടി ചരിത്രത്തിൽ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. തുടർച്ചയായ തോൽവിയിൽ നിരാശരായ പ്രവർത്തകരാണ് പാർട്ടിയിലുള്ളത്. അതിനാൽ തന്നെ പാർട്ടിയെ ശക്തിപ്പെടുത്തുകയെന്നത് അത്ര എളുപ്പമല്ല. പോരാട്ടങ്ങളും വലിയ സമരങ്ങളും കോൺഗ്രസിന് അത്ര പരിചയമുള്ള ഏർപ്പാടല്ല. അതൊക്കെ പഴയ കഥയായി മാറും. സർക്കാറിനെതിരെയുള്ള സമരങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും മാത്രമേ മുന്നേറാൻ കഴിയൂ എന്ന് കോൺഗ്രസ് പ്രവർത്തകർക്ക് കെ സുധാകരൻ സന്ദേശം നൽകി കഴിഞ്ഞു. ആറ് മാസം ക്ഷമിക്കൂ, കോൺഗ്രസിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം എല്ലാവർക്കും വ്യക്തമാവുമെന്ന് സുധാകരൻ പറയുന്നത് വെറുതെയാവില്ല.
പിണറായി സർക്കാർ നിരവധി ആരോപണങ്ങളെ  നേരിടുമ്പോഴും അതിലൊന്നും പ്രതികരിക്കാൻ കോൺഗ്രസിന് ഇപ്പോൾ പറ്റുന്നില്ല. 100 ദിവസം പിന്നിട്ട എൽ ഡി എഫ് സർക്കാരിനെതിരെ ഇപ്പോൾ തന്നെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിലെ പാളിച്ച, മുട്ടിൽ മരം മുറി തുടങ്ങി നിരവധി വിഷയങ്ങളുണ്ട്. എന്നാൽ കോൺഗ്രസിലെ തമ്മിലടികാരണം അതൊന്നും ഉയർത്തിക്കാട്ടി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കെ പി സി സി ഭാരവാഹികളെ പ്രഖ്യാപിക്കാനുണ്ട്. താഴേത്തട്ടിലുള്ള കമ്മിറ്റികൾ ഉണ്ടാക്കണം, ഡി സി സി ഭാരവാഹികളെ പ്രഖ്യാപിക്കണം. കോൺഗ്രസിൽ ഇനിയും നടപടിക്രമങ്ങൾ ഏറെയുണ്ട്. ഇതെല്ലാം പൂർത്തിയായാൽ മാത്രമേ പാർട്ടി ചക്രം തിരിയുകയുള്ളൂ.

ഇലകൾ പഴുക്കും, പഴുത്ത ഇലകൾ കൊഴിയും, പുതിയ ഇലകൾ തളിരിടും, വീണ ഇലകൾ വാടിക്കരിയും, കരിയിലകൾ പിന്നീട് വളമാവും. എല്ലാ പാർട്ടിയിലും ഇലകൾ കൊഴിയും ഇത് പ്രകൃതി നിയമമാണ്. ഇതൊന്നും അറിയാത്ത ചില നേതാക്കൾ ഇന്നും കോൺഗ്രസിലുണ്ട്. ഗ്രൂപ്പിന്റെ പേരിൽ നടത്തുന്ന പോരാട്ടങ്ങൾക്കൊന്നും ഇനി കോൺഗ്രസിൽ സ്ഥാനമില്ലെന്ന് പുതിയ നേതൃത്വം പ്രഖ്യാപിച്ചു കഴിഞ്ഞു.
കോൺഗ്രസിന്റെ നല്ല കാലത്ത് എല്ലാ സൗകര്യങ്ങളും അനുഭവിച്ചവരാണ് മുതിർന്ന നേതാക്കൾ. അവരുടെ അനുഭവങ്ങളും പ്രവർത്തന പരിചയവും പുതു തലമുറയ്ക്കായി വിനിയോഗിക്കുകയാണ് വേണ്ടത്. ഗ്രൂപ്പ് കളിച്ച് സ്വയം നശിക്കാതെ, പാർട്ടിയെ നശിപ്പിക്കാതെ സ്വയം മാതൃകകളായി ഈ നേതാക്കൾ മാറുകയാണ് ഇനിയെങ്കിലും ചെയ്യേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here