തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപള്ളിയിൽ അടക്കം ഉണ്ടായ തോൽവിയിൽ സി പി എമ്മിനെ പ്രതിക്കൂട്ടിലാക്കി സി പി ഐ. കരുനാഗപള്ളിയിലെ തോൽവിയിൽ സി പി എം ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് അവലോകനത്തിൽ സി പി ഐ ഉയർത്തുന്ന വിമർശനം.

ഉറച്ച വോട്ടുകൾ പോലും പല ബൂത്തുകളിലും എത്തിയില്ലെന്നും കേരള കോൺഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി പി എം വീഴ്ച പ്രകടമാണെന്നും യോഗത്തിൽ പരാമർശമുണ്ടായി. പാല, ചാലക്കുടി, കടത്തുരുത്തി തോൽവികൾ ഉയർത്തിയാണ് സംസ്ഥാന കൗൺസിലിൽ വിമർശനം ഉയർന്നത്.വി ഡി സതീശൻ വിജയിച്ച പറവൂറിൽ സി പി എമ്മിന്റെ പ്രവർത്തനങ്ങൾ സംശയകരമായിരുന്നുവെന്ന ഗുരുതര പരാമർശവും റിപ്പോർട്ടിലുണ്ട്.

ഹരിപ്പാട് സി പി എം വോട്ടുകൾ ചോർന്നു. ചാത്തന്നൂർ മണ്ഡലത്തിൽ പല വോട്ടുകളും ബി ജെപിക്ക് പോയെന്നും സി പി ഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  സിപിഎം മത്സരിച്ച മണ്ഡലങ്ങളിൽ ഘടകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും വിമർശനമുണ്ട്. ഉദുമയിൽ ആദ്യ റൗണ്ട് സി പി എം മാത്രം പ്രചാരണം നടത്തിയെന്നും ഘടകകക്ഷികളെ ഉൾപ്പെടുത്തിയില്ലെന്നുമാണ് റിപ്പോർട്ടിലെ പരാമർശം.

കാസർകോട് ഐ എൻ എൽ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിപോലും നടന്നില്ലെന്നും സി പി ഐ ആരോപിക്കുന്നുണ്ട്.  
സി പി എമ്മിനെതിരെ മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സി പി ഐ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.
ഇടതുമുന്നണിയിലേക്ക് പുതുതായി എത്തിയ കേരളാ കോൺഗ്രസിനെകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ലെന്നും, കേരളാ കോൺഗ്രസ് എം സ്ഥാനാത്ഥികൾ മത്സരിച്ചിടങ്ങളിൽ സി പി എം വോട്ട് ചോർന്നു എന്ന റിപ്പോർട്ടും സി പി ഐയുടെ അവലോകന റിപ്പോർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസിനെ മുന്നണിയിൽ എടുക്കുന്നതിനെ ആദ്യം ശക്തമായി എതിർത്ത പാർട്ടിയാണ് സി പി ഐ.  

LEAVE A REPLY

Please enter your comment!
Please enter your name here