രാജേഷ് തില്ലങ്കേരി

കെ എം റോയ്  എന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ വ്യക്തിയെ നേരിട്ട് അറിയാവുന്നവർ കുറവായിരിക്കും. എന്നാൽ കെ എം റോയ് എന്ന പേര് മലയാളികൾക്ക് സുപരിചതമാണ്. കഴിഞ്ഞ അമ്പത് വർഷമായി നിരന്തരമായി എഴുതിയ ലേഖനങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ എഴുത്തുകാരനാണ് കെ എം റോയ്. വായനാലോകത്തേക്ക് ആയിരങ്ങളെ കൈപിടിച്ചുയർത്തിയ ദൈവതുല്യനായ എഴുത്തുകാരനായിരുന്നു അദ്ദേഹം.

ഒരു കാലത്ത് കെ എം റോയ് എന്ന എഴുത്തുകാരന്റെ ‘ഇരുളും വെളിച്ചവും’  വായിക്കാത്ത ഒരു മലയാളിപോലും ഉണ്ടാവില്ല. മംഗളം ഒരു പൈങ്കിളി പ്രസിദ്ധീകരണമായി മാറ്റി നിർത്തപ്പെട്ടിരുന്ന കാലത്താണ് കെ എം റോയ് മംഗളം വാരികയിൽ ഇരുളും വെളിച്ചവും എന്ന കോളം എഴുതിയിരുന്നത്. മംഗളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന നോവലുകളൊന്നും വായിക്കാൻ താല്പര്യമില്ലാതിരുന്ന അനേകം വായനക്കാർ,  ഗൗരവതരമായ ലേഖനങ്ങൾ തേടിപ്പിടിച്ച് വായിച്ചിരുന്നവരും കെ എം റോയ് എഴുതിയിരുന്ന ഇരുളും വെളിച്ചവും വായിച്ചിരുന്നു. കാൽനൂറ്റാണ്ടുകാലത്തെ എഴുത്തിൽ എന്നും പോസിറ്റീവായ വെളിച്ചമായിരുന്നു ജ്വലിച്ചുനിന്നിരുന്നത്, അതുതന്നെയായിരുന്നു ഇരുളും വെളിച്ചവും മലയാളികൾ നെഞ്ചിലേറ്റാനുള്ള കാരണവും.



പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്നു കെ എം റോയ് എന്ന പത്രപ്രവർത്തകൻ. പത്രറിപ്പോർട്ടർ, പത്രാധിപർ, എഴുത്തുകാരൻ, നോവലിസ്റ്റ് , പ്രഭാഷകൻ, രാഷ്ട്രീയ നിരീക്ഷകൻ തുടങ്ങി എല്ലാ മേഖലയിലും തിളങ്ങിയ വ്യക്തിത്വമായിരുന്നു കെ എം റോയ്.
ഇന്ന് അന്തരിച്ച പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ കെ എം റോയ്. ഇംഗ്ലീഷിലും മലയാളത്തിലുമായി കേരളത്തിൽ അരനൂറ്റാണ്ട് കാലം സജീവമായിരുന്നു.



പത്രപ്രവർത്തനം ഉപജീവനത്തിനുള്ള തൊഴിൽ എന്നതിലുപരി, പത്രപ്രവർത്തനവും എഴുത്തും തന്റെ ജീവശ്വാസമാണെന്ന് കരുതിയിരുന്ന അപൂർവ്വ വ്യക്തിത്വമായിരുന്നു കെ എം റോയ്. കെ എം റോയ് കാലയവനികക്കുള്ളിലേക്ക് മറയുമ്പോൾ
കേരളത്തിലെ പത്രപ്രവർത്തന ചരിത്രത്തിൽ ഒരു കാലഘട്ടത്തിന്റെ അന്ത്യമാണ് സംഭവിക്കുന്നത്. അരനൂറ്റാണ്ടുകാലം അക്ഷരങ്ങളെ സ്‌നേഹിച്ച് അക്ഷരങ്ങളിലൂടെ സമൂഹത്തോട് നിരന്തരം സംസാരിച്ചുകൊണ്ടിരുന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം.
എറണാകുളം മഹാരാജാസ് എന്ന മഹത്തായ വിദ്യാലയം നിരവധി പ്രതിഭകളെ കേരളത്തിന് സംഭാവന ചെയ്തിട്ടുണ്ട്. കെ എം റോയ് എന്ന പ്രതിഭയും രൂപപ്പെട്ടത് അതേമഹാരാജാസ് കോളജിലെ പഠന കാലത്തായിരുന്നു.
മത്തായി മാഞ്ഞൂരാന്റെ അനുയായി ആയിരുന്നു കെ എം റോയ്. 1961 ൽ ബിരുദാനന്തര പഠനകാലത്ത് മാഞ്ഞൂരാന്റെ ഉടമസ്ഥതയിൽ പ്രസിദ്ധീകരിച്ചിരുന്ന  കേരള പ്രകാശത്തിൽ സഹപത്രാധിപരായാണ് പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. അക്കാലത്ത് പത്രപ്രവർത്തനം ഉപജീനത്തിനായി ആരും തെരഞ്ഞെടുത്തിരുന്നില്ല. മകൻ കോളജിൽ അധ്യാപകനാവുന്നതായിരുന്നു അപ്പനും അമ്മയും കണ്ട സ്വപ്‌നം. എന്നാൽ റോയ് വഴിമാറി സഞ്ചരിച്ചു.
ദേശബന്ധു എന്ന പത്രമായിരുന്നു പഠനശേഷം തട്ടകം. പിന്നീട് കേരള ഭൂഷണത്തിന്റെ കോട്ടയം ലേഖകൻ. കേരള ഭൂഷണം മനോരാജ്യം ആഴ്ചപ്പതിപ്പ് ഏറ്റെടുത്തപ്പോൾ അതിന്റെ പത്രാധിപരായി കണ്ടെത്തിയത് കെ എം റോയ് എന്ന യുവ പത്രപ്രവർത്തകനെയായിരുന്നു.
ഇക്കണോമിക് ടൈംസ് കോട്ടയത്ത് ഒരു റിപ്പോർട്ടറെ നിയമിക്കാൻ തീരുമാനിച്ചപ്പോൾ അത് കെ എം റോയ് എന്ന പത്രപ്രവർത്തകന്റെ ജീവിതത്തിലെ മറ്റൊരു അധ്യായമായി. റബറിന്റെ നാടായിരുന്ന കോട്ടയത്തുനിന്നും ഇക്കണോമിക് ടൈംസിൽ നിരവധി ആർട്ടിക്കിളുകൾ എഴുതി കെ എം റോയ് ശ്രദ്ധേയനായി മാറുകയായിരുന്നു.


ഇംഗ്ലീഷ് ജേണലിസ്റ്റായി മാറിയ കെ എം റോയ് പിന്നീട് ഹിന്ദു ദിനപത്രത്തിന്റെ കോട്ടയം ലേഖകനായി. ഹിന്ദുവിന് അക്കാലത്ത് ചെന്നൈയിൽ മാത്രമാണ് ഓഫീസ് ഉണ്ടായിരുന്നത്. ഹിന്ദു മറ്റൊരു ലോകമാണ് തുറന്നു കൊടുത്തത്.
യു എൻ ഐ എന്ന വാർത്താ ഏജൻസിയുടെ റിപ്പോർട്ടറായി റോയ് കൊച്ചി യിലെത്തി. ജോൺപോൾ മാർപ്പാപ്പ കേരളം സന്ദർശിക്കുന്ന വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത്  കെ എം റോയ് ആയിരുന്നു. അക്കാലത്ത് കേരളത്തിലെ മറ്റു പത്രപ്രവർത്തകരെ ഞെട്ടിപ്പിച്ച സ്‌കൂപ്പായിരുന്നു കെ എം റോയ് എഴുതിയ മാർപ്പാപ്പയുടെ കേരള സന്ദർശന റിപ്പോർട്ട്.

അടിയന്തിരാവസ്ഥകാലത്താണ് ഹിന്ദുവിന്റെ റിപ്പോർട്ടറായി ജോലി ചെയ്തിരുന്നത്. രണ്ട് തവണ അറസ്റ്റു ചെയ്യപ്പെട്ട പത്രപ്രവർത്തകനായിരുന്നു കെ എം റോയ്. സർക്കാർ നൽകുന്ന അറിയിപ്പുകളും വാർത്തകളും മാത്രം റിപ്പോർട്ടു ചെയ്യുകയെന്ന നിയമം തെറ്റിച്ചതിനായിരുന്നു രണ്ട് അറസ്റ്റും. അച്ചുതമേനോൻ കേന്ദ്രസർക്കാരിനെ വിമർശിച്ചുകൊണ്ട് കോട്ടയത്ത് പത്രസമ്മേളനം നടത്തി. ആ വാർത്ത റിപ്പോർട്ടു ചെയ്തതിന്റെ പേരിലായിരുന്നു അറസ്റ്റ്.



ശുഭാപ്തിവിശ്വാസം മാത്രമാണ് ഞാൻ എഴുതിയിരുന്നത് എന്ന് ഇരുളും വെളിച്ചവും പിന്നീട് പുസ്തകരൂപത്തിലാക്കിയപ്പോൾ കെ എം റോയ് പറഞ്ഞിരുന്നു.  നടന്നു തീർത്ത വഴികളെ കുറിച്ചുള്ള ഓർമ്മകളാണ് അദ്ദേഹത്തിന്റെ എഴുത്തിലൂടെ പുറത്തുവന്നത്.
കേരള രാഷ്ട്രീയത്തെക്കുറിച്ച് ഇത്രയേറെ ആഴത്തിൽ പഠിച്ച മറ്റൊരു പത്രപ്രവർത്തകനുണ്ടായിരുന്നില്ല.
കോൺഗ്രസിന്റെയും കമ്യൂണിസ്റ്റ് പാർട്ടികളുടെയും എല്ലാ നേതാക്കളുമായി കെ എം റോയ് നല്ല ബന്ധം പുലർത്തിയിരുന്നു. എന്നാൽ അധികാര കേന്ദ്രങ്ങളിൽ നിന്നെല്ലാം അകന്നു നിൽക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്ന പത്രപ്രവർത്തകനായിരുന്നു കെ എം റോയ്.


കേരളത്തിലെ പത്രപ്രവർത്തകരുടെ സംഘടനയായ വർക്കിംഗ് ജേർണലിസ്റ്റ് യൂണിയൻ കെട്ടിപ്പെടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് കെ എം റോയ്. രണ്ട് തവണ യൂണിയന്റെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേൺണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു.
ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ 1993 ൽ കെ എം റോയ് എഴുതിയ മുഖപ്രസംഗത്തിന് ഏറ്റവും നല്ല മുഖപ്രസംഗത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു. അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാന കെ എം റോയിയെ മികച്ച പത്രപ്രവർത്തകനുള്ള അവാർഡ് നൽകി ആദരിച്ചിരുന്നു.

മംഗളം ഗ്രൂപ്പ് ദിനപത്രം ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ എം സി വർഗീസ് ആദ്യം ചെയ്തത് കെ എം റോയ് എന്ന പത്രാധിപരെ നിയമിക്കുകയായിരുന്നു. മംഗളം പിന്നീട് വളർന്നതും കെ എം റോയ് എന്ന  ജനറൽ എഡിറ്ററുടെ കരുത്തിലായിരുന്നു.

2002 വരെ അദ്ദേഹം മംഗളം പത്രത്തിൽ ജനറൽ എഡിറ്ററായിതുടർന്നു. പിന്നീട് മുഴുവൻ സമയ എഴുത്തിനായി പത്രപ്രവർത്തനത്തിന് അവധി നൽകി. ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും കോളങ്ങൾ എഴുതി. ശ്രദ്ധേയമായ കോളങ്ങളായിരുന്നു അവയൊക്കെ.

നിരന്തരമായി എഴുതുകയും സംസാരിക്കുകയും ചെയ്തു കൊണ്ടിരുന്ന കെ എം റോയ് പക്ഷാഘാതത്തെ തുടർന്ന് സംസാരിക്കാൻ പറ്റാതായി. രണ്ട് വർഷം മുൻപ് കൊച്ചിയിലെ പൗരാവലി കെ എം റോയിയുടെ എൺപതാം ജന്മദിനം ആഘോഷിച്ചിരുന്നു.

സമകാലികരായ എഴുത്തുകാർ മുതൽ പുതിയ കാലത്തെ എഴുത്തുകാരും പത്രപ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും പ്രിയപ്പെട്ട റോയ് സാറിന് ആശംകൾ നേരാനായി എത്തിയിരുന്നു. കെ എം റോയ് അവസാനമായി പങ്കെടുത്ത പൊതു പരിപാടിയും അതായിരുന്നു.
അധ്യാപകനായിരുന്നു കെ എം റോയ്. മാധ്യമ പ്രവർത്തനത്തിലെ അനുഭവങ്ങളാണ് കെ എം റോയ് വിദ്യാർത്ഥികളുമായി എന്നും പങ്കുവച്ചിരുന്നത്. കൊച്ചിയുടെ സാമൂഹ്യ , രാഷ്ട്രീയ ചരിത്രത്തിൽ ഏറെ സ്വാധീനം ചെലുത്തിയ മാധ്യമ  പ്രവർത്തകനാണ് ഇന്ന് വിടവാങ്ങിയത്. തീരാ നഷ്ടമാണ് കെ എം റോയ് വിടവാങ്ങുമ്പോൾ ഉണ്ടായിരിക്കുന്നത്. ഒരിക്കലും നികത്താനാവാത്ത വലിയ നഷ്ടം.  
 

 

2 COMMENTS

  1. Kindly accept my heartfelt condolences to the bereaved family members of Mr. K M Roy whom I met during the Fokana convention in the 90’s. I spent a lot of time with him during that time and shared many thoughts with him about the articles he wrote in many publications. Sure I will miss him and hope that the Lord comfort the departed soul and keep in peace.
    Prayerfully,
    Alex Alexander,
    Dallas, Texas, USA

  2. Thank you for the very thoughtful write up about Sri. K. M. Roy Sir. I used to follow his writings. He used to write in Janani Magazine also.He was an inspiration to new generation writers and media workers. His name will be remembered in the history of Malayalam literature. My deepest condolences and prayers. May his departed soul Rest In Peace. A great loss to the American Malayalee Press and Media . I Salute him.

LEAVE A REPLY

Please enter your comment!
Please enter your name here