കൊച്ചി : സമൂഹത്തിൽ ഭിന്നതകൾ സൃഷ്ടിക്കുന്ന ശക്തികളെ മറികടക്കുന്നതിന് കായികരംഗം സഹായകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒളിമ്പ്യൻ പി.ആർ ശ്രീജേഷിനെ അനുമോദിക്കുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക രംഗത്ത് ഇന്ത്യൻ ടീം മത്സരിക്കുമ്പോൾ സമൂഹം ഒറ്റക്കെട്ടായി അതിൽ പങ്കുചേരുന്നു. ഇത് കായിക രംഗത്തിൻറെ പ്രത്യേകതയാണ്. ശ്രീജേഷിൻറെ വിജയം എല്ലാവർക്കും മാതൃകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ അഞ്ച് ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും പ്രതിപക്ഷനേതാവ് ശ്രീജേഷിന് സമ്മാനിച്ചു.

സമ്മർദ്ദങ്ങളെ മറികടന്ന് ചെയ്യുന്ന പ്രവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് വിജയം നേടാൻ സാധിക്കുമെന്ന് മറുപടി പ്രസംഗത്തിൽ ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് പറഞ്ഞു. ഗ്രാമ പ്രദേശങ്ങളിൽ കായിക മേഖലയ്ക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ കൂടുതൽ പ്രതിഭകളെ കണ്ടെത്തുന്നതിനും അവരെ വാർത്തെടുക്കുവാനും സാധിക്കും. വിവിധ കായിക ഇനങ്ങളിൽ കുട്ടികൾക്ക് കളിക്കുവാനായി നിരവധി അവസരങ്ങൾ ഒരുക്കണമെന്നും ശ്രീജേഷ് പറഞ്ഞു.

കുന്നത്തുനാട് പഞ്ചായത്തിൽ നിർമാണം പൂർത്തിയാകാത്ത പി.ആർ ശ്രീജേഷിൻറെ പേരിലുള്ള സ്റ്റേഡിയത്തിൻറെ നിർമാണം എറണാകുളം ജില്ലാ പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ പൂർത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ എം.പി ഹൈബി ഈഡൻ അധ്യക്ഷത വഹിച്ചു. പി.ടി തോമസ് എം.എൽ.എ ചടങ്ങിന് ഓൺലൈനിൽ ആശംസ അർപ്പിച്ചു. മുൻ എം.എൽ.എ വി. പി സജീന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോർജ്ജ്, സെക്രട്ടറി അജി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങൾ, ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here