കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസ് ജംഗ്ഷന് സമീപത്തെ കല്യാൺ സിൽക്കിൻ്റെ കെട്ടിട നിർമ്മാത്തിനിടെ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ച സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തി നിറുത്താൻ കോർപ്പറേഷൻ സ്റ്റോപ്പ് മെമ്മോ നൽകി.

ഞായറാഴ്ച രാവിലെ 7.30 നാണ് മൂന്നാം നിലയിലെ പടിഞ്ഞാറ് ഭാഗത്തെ സൺഷൈഡ് സ്ലാബ് ഘടിപ്പിക്കുന്നതിനിടയിൽ പൊട്ടിവീണ് രണ്ട് പേർ മരിച്ചത്. തുടർന്ന് നഗരസഭ അധികൃതർ സ്ഥലം പരിശോധിച്ച് സ്‌റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു. മേയർ സ്ഥലം സന്ദർശിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റു തൊഴിലാളികളിൽ നിന്നും മൊഴിയെടുക്കും. അന്വേഷണം പൂർത്തിയാക്കി മരിച്ചവരുമായി ബന്ധപ്പെട്ട കേസന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമെ നഗരസഭ നടപടികൾ ആരംഭിക്കുകയുള്ളൂ. തുടർന്നായിരിക്കും നിർമ്മാണ പ്രവർത്തനത്തിന് അനുമതി ലഭ്യമാകൂ.

തമിഴ്‌നാട് തെങ്കാശി സ്വദേശി സലീം ഖാൻ (22), പുതുകോട്ടെ സ്വദേശി കാര്‍ത്തിക് (22), എന്നിവരാണ്  മരിച്ചത്. കാര്‍ത്തിക് സംഭവസ്ഥലത്ത് വെച്ചും സലിം ഖാന്‍ കോഴിക്കോട് മെഡിക്കൽ കോളെജ് ആസ്പത്രിയില്‍ വെച്ചുമാണ് മരിച്ചത്. തങ്കരാജ്, ഗണേശ് എന്നിവർക്ക് പരിക്കേറ്റു. അപകട സമയത്ത് മരിച്ചവരടക്കം ഏഴ് പേരാണ് സ്ഥലത്തുണ്ടായിരുന്നത്.

തമിഴ്‌നാട് തിരിപ്പൂർ ടീമേജ് കമ്പനിക്കാണ് കെട്ടിട നിര്‍മാണത്തിന്റെ പ്രാഥമികഘട്ട ചുമതല. തിരുപ്പൂരില്‍ നിന്ന് ഭീമും സ്ലാബും നിർമ്മിച്ച് ലോറിയില്‍ കൊണ്ടുവന്ന് ക്രെയിന്‍ ഉപയോഗിച്ച് ഫിറ്റ് ചെയ്യുന്ന ആധുനിക രീതിയിലാണ് നിർമ്മാണം. നാല് നില ഉയർന്നു കഴിഞ്ഞ കെട്ടിടത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത് ചെറിയ ഒന്നര മീറ്റർ ഒരു സ്ലാബ് ഉറപ്പിക്കുമ്പോഴാണ് അപകടം. സ്ലാബ് താങ്ങി നിർത്തിയ ജാക്കി തെന്നിമാറിയതായിരിക്കും അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നാം നിലയിൽ നിന്നും താഴെ വീണാണ് രണ്ട് പേരും മരിച്ചത്.
പോലീസും ഫയര്‍ഫോഴ്‌സും എത്തി സ്ലാബ് മുറിച്ച് പരിക്കേറ്റവരെ പുറത്തെടുക്കുകയായിരുന്നു. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.



സ്ലാബ് തകർന്ന ഭാഗം

LEAVE A REPLY

Please enter your comment!
Please enter your name here