തിരുവമ്പാടി : മലബാറിന്റെയും മലയോര മേഖലയുടെയും സമഗ്രപുരോഗതിക്കു തിരുവമ്പാടിയിൽ ഇന്റർനാഷണൽ എയർപോർട്ട് യാഥാത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ഭൂമിയും മറ്റ് സൗകര്യങ്ങളും ലഭ്യമാകുന്ന സാഹചര്യത്തിൽ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി തിരുവമ്പാടിയിൽ എയർപോർട്ട് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് തിരുവമ്പാടിയിൽ ചേർന്ന മലബാർ ഡവലപ്മെന്റ് കോ-ഓർഡിനേഷൻ കമ്മറ്റിയുടെയും (എം ഡി സി സി ) മലബാർ ഇന്റർനാഷണൽ എയർപോർട്ട് കമ്മറ്റിയുടെയും (MIAC) സംയുക്ത യോഗം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ ഭാവിയിൽ വർദ്ധിച്ചു വരുന്ന വികസന സാധ്യതകൾ പരിഗണിച്ച് കൂടുതൽ വിമാന താവളങ്ങൾ ഉണ്ടാകേണ്ടത് ആവശ്യമാണ്.
വർദ്ധിച്ചു വരുന്ന യാത്രക്കാരുടെ എണ്ണവും, ചരക്കു നീക്കത്തിന്റെ ആവശ്യകതയും പരിഗണിക്കുമ്പോൾ അനുയോജ്യമായ സ്ഥല ലഭ്യതയുള്ള തിരുവമ്പാടിയിൽ പുതിയ വിമാനത്താവളം എന്ന ആവശ്യത്തിന്റെ പ്രസക്തി വർദ്ധിക്കുകകയാണ്.

കുടിയൊഴിപ്പിക്കാതെ തന്നെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത അനുയോജ്യമായ സ്ഥലം ആവശ്യത്തിന് ലഭിക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. തിരുവമ്പാടിയിൽ ഗ്രീൻ ഫീൽഡ് എയർപോർട്ട് എന്ന ആവശ്യം യാഥാർത്ഥ്യമാക്കാൻ സർക്കാരും ജനപ്രതിനിധികളും അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

മലബാർ ഇന്റർനാഷണൽ എയർപോർട്ട് കമ്മറ്റി ചെയർമാൻ പി.ടി. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. മലബാർ ഡവലപ്പ്മെന്റ് കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ ഷെവ: സി.ഇ . ചാക്കുണ്ണി മുഖ്യപ്രഭാഷണം നടത്തി.

പുതിയ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കേരള സർക്കാരിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഈ യോഗം അടിയന്തരമായി വിളിച്ചുചേർത്തതെന്ന് അദ്ദേഹം പറഞ്ഞു. കരിപ്പൂർ വിമാനത്താവളം നിലനിർത്തിക്കൊണ്ടുതന്നെ അടിവാരത്ത് പണി പുരോഗമിച്ചു വരുന്ന നോളജ് സിറ്റി, കേബിൾ കാർ, തുരങ്കപാത മലബാറിലെ( പ്രത്യേകിച്ച് വയനാട്ടിലെ ) ടൂറിസം സാധ്യതകൾ കണക്കിലെടുത്ത് ദീർഘവീക്ഷണത്തോട് കൂടി പുതിയ എയർപോർട്ടിന് ആയി ശ്രമിക്കുന്നതാണ് ഉചിതമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ വൈസ് പ്രസിഡന്റ് പ്രൊഫസർ ഫിലിപ് കെ. ആന്റണിയും മറ്റു പ്രാസംഗികരും അഭിപ്രായപ്പെട്ടു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ മലബാർ ഇന്റർനാഷണൽ എയർപോർട്ട് കമ്മിറ്റി വൈസ് ചെയർമാൻ പി.ടി. ജോയ്, ജനറൽ കൺവീനർ കെ.എൻ. ചന്ദ്രൻ, കൺവീനർ ബേബി പെരുമാലിൽ എന്നിവർ സംസാരിച്ചു. കെ.എൻ ചന്ദ്രൻ സ്വാഗതവും, ബേബി പെരുമാലിൽ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here