കോഴിക്കോട്:ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനായ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിനു കീഴിലെ വിപിഎസ് ലേക്‌ഷോർ മെഡിക്കൽ സെന്റർ കോഴിക്കോട് ഞായറാഴ്ച പ്രവർത്തനം ആരംഭിക്കും. രാവിലെ 9.30 ന് വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കോഴിക്കോട് മേയര്‍ ഡോ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.  ടൂറിസം, പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, എം കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രൻ  എംഎല്‍എ, ഡോ. എം കെ മുനീര്‍ എംഎൽഎ, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ്, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി തേജ് ലോഹിത് റെഡ്ഡി എന്നിവര്‍ മുഖ്യാതിഥികളാകും. പുതിയ പദ്ധതികളുടെ പ്രഖ്യാപനം ചടങ്ങിൽ നടക്കും.

ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി നിരവധി മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും ക്ലിനിക്കുകളുമുള്ള വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ ചികിത്സാകേന്ദ്രമാണ് കോഴിക്കോട്ട് പി ടി ഉഷ റോഡില്‍ നാലാം ഗേറ്റിനു സമീപം തുറക്കുന്ന വിപിഎസ് ലേക്ക്‌ഷോര്‍ മെഡിക്കല്‍ സെന്റര്‍.

കൊച്ചി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിന്റെ ഉപകേന്ദ്രമായ ഈ  മള്‍ട്ടി സ്‌പെഷ്യാലിറ്റി ഡേകെയര്‍ സെന്ററിൽ കീമോതെറാപ്പി, ഡയാലിസിസ് സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒപ്പം ഓങ്കോളജി, നെഫ്രോളജി,കാര്‍ഡിയോളജി,ന്യൂറോസയന്‍സ്,  ലിവര്‍ കെയര്‍, ഗ്യാസ്‌ട്രോഎന്ററോളജി, ഓര്‍ത്തോപിഡിക്‌സ്, സ്‌പോര്‍ട്‌സ് മെഡിസിന്‍, യൂറോളജി, ഇഎന്‍ടി, ഇന്റേണല്‍ മെഡിസിന്‍,  ഒഫ്താല്‍മോളജി, ക്ലിനിക്കല്‍ സൈക്കോളജി എന്നീ വിഭാഗങ്ങളുടെ സേവനവും ലഭ്യമാകുമെന്ന് സിഇഒ എസ് കെ അബ്ദുള്ള പറഞ്ഞു.

ആരോഗ്യരക്ഷാരംഗത്ത് ലോകമെങ്ങും പ്രശസ്തമായ കേരളത്തിന്റെ മുന്നേറ്റം നിലനിര്‍ത്തുന്നതിനും കേരളത്തെ ലോകോത്തരനിലവാരത്തിലുള്ള മികച്ച ഹെല്‍ത്ത്‌കെയര്‍ ഡെസ്റ്റിനേഷനാക്കുന്നതിനും കേരള സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ നല്‍കി വരുന്ന പിന്തുണയുടെ ഭാഗമായാണ് പുതിയ ചികിത്സാകേന്ദ്രത്തിന് തുടക്കമിടുന്നതെന്ന് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here