തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില   ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന്   38 പൈസയും പെട്രോളിന് 30 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിലും ഇടുക്കിയിലും ഡീസൽ വില നൂറ് കടന്നു. ഒരു ലിറ്റർ ഡീസലിന് തിരുവനന്തപുരത്ത് 100.23 രൂപയാണ് ഇന്നത്തെ വില. കൊച്ചിയിൽ 98.33 രൂപയും കോഴിക്കോട് 98.66 രൂപയുമാണ് വില. ഇടുക്കി പൂപ്പാറയിൽ ഇന്നത്തെ ഡീസൽ വില 100.10 ഉം, അണക്കരയിൽ 100.07 ഉം ആണ്. പെട്രോളിന് തിരുവനന്തപുരത്ത് 106.70 പൈസയും കൊച്ചിയിൽ 104.72 രൂപയുമാണ് വില, കോഴിക്കോട് 104. 94 രൂപയാണ് പെട്രോളിന്റെ ഇന്നത്തെ വില.

പെട്രോൾ, ഡീസൽ വില ഏറ്റവും ഉയർന്നു നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദിവസേനയുള്ള ഇന്ധനവില വർധനവ് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതിഷേധങ്ങൾ വകവെക്കാതെ എണ്ണകമ്പനികൾ ദിവസേനെ വില വർധിപ്പിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങുകയും ചെയ്തു.

വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു. വില കുറയാൻ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിർത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തേണ്ടെന്ന് കൗൺസിൽ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ വില വർധനവിനെ പ്രതിരോധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here