ന്യൂ ഡൽഹി : നടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് നഷ്ടമാണെന്നും  അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനമറിയിക്കുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വൈവിധ്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനായിരുന്നു അദ്ദേഹം. പ്രഗത്ഭനായ എഴുത്തുകാരനും നാടകക്കാരനുമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിങ്കളാഴ്ചയാണ് നടൻ നെടുമുടി വേണു അന്തരിച്ചത്. ഉദരരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. ചൊവ്വാഴ്ച തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ചശേഷം സംസ്‌കരിക്കും. കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് അനുശോചനം നേർന്നു.

അന്തരിച്ച അഭിനയ പ്രതിഭയും പ്രിയസുഹൃത്തുമായിരുന്ന നെടുമുടി വേണുവിന് ആദരാഞ്ജലി അർപ്പിക്കാൻ അദ്ദേഹത്തിൻറെ തിരുവനന്തപുരത്തെ വീട്ടിലെത്തി മമ്മൂട്ടി . വ്യക്തിപരമായും തനിക്ക് ഏറെ നഷ്ടമുണ്ടാക്കുന്നതാണ് ഈ വേർപാടെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

‘നെടുമുടി വേണു എന്നു പറയുന്ന, എൻറെ സുഹൃത്തിൻറെ ഈ വിയോഗം മലയാള കലാ സാംസ്‌കാരിക രംഗത്തിന് വലിയൊരു ആഘാതമാണ്. വ്യക്തിപരമായി എൻറെ നഷ്ടം നഷ്ടമായിത്തന്നെ അവശേഷിക്കുന്നു. ഞങ്ങൾ തമ്മിൽ ഒരു നാൽപത് വർഷത്തെ പരിചയമുണ്ട്. അതൊരു പരിചയമല്ല, ഒരു സൗഹൃദമാണ്. സൗഹൃദത്തിനപ്പുറത്തേക്കുള്ള എന്തോ ഒരു ബന്ധം തന്നെയാണ് വ്യക്തിപരമായി എനിക്കുള്ളത്. അത്രത്തോളം അടുപ്പമുണ്ടായിരുന്നു എനിക്ക്. 15 ദിവസം മുൻപ് എന്നോടൊപ്പം അഭിനയിച്ചു. നക്ഷത്ര ശോഭയോടെ നെടുമുടി വേണുവിൻറെ ഓർമ്മകൾ നിലനിൽക്കും’, ഇടയ്ക്ക് ഇടറിയ വാക്കുകളോടെ മമ്മൂട്ടി പറഞ്ഞുനിർത്തി.

മമ്മൂട്ടി നായകനാവുന്ന ‘പുഴു’വാണ് നെടുമുടി അവസാനം അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ചിത്രത്തിലെ നെടുമുടിയുടെ കഥാപാത്രത്തിൻറെ സ്റ്റിൽ അണിയറക്കാർ പുറത്തുവിട്ടിരുന്നു.

‘ജ്യേഷ്ഠതുല്യൻ, ആത്മസുഹൃത്ത്’; നെടുമുടി വേണുവിനെക്കുറിച്ച് പ്രിയദർശൻ

നഷ്ടം എന്ന ഒറ്റവാക്കിൽ ഒതുക്കാനാവില്ല എൻറെ പ്രിയപ്പെട്ട വേണുച്ചേട്ടൻറെ വിയോഗം. നാടകത്തിൽ നിന്നു വന്ന്, നാടകീയത ഒട്ടും ഇല്ലാതെ, കഥാപാത്രങ്ങളെ ജീവിതത്തിൽ നിന്ന് നേരിട്ട് തിരശ്ശീലയിലേക്കെത്തിച്ച മഹാത്ഭുതം എന്നു മാത്രമേ വേണുച്ചേട്ടനെ വിശേഷിപ്പിക്കാനാവൂ. എൻറെ മനസ്സിൽ രൂപപ്പെട്ട ഒട്ടേറെ കഥാപാത്രങ്ങൾക്ക് അസൂയാവഹമായ ഭാവപ്പകർച്ച നൽകിയ വേണുച്ചേട്ടനുമായി, സിനിമയ്ക്ക് പുറത്തായിരുന്നു കൂടുതൽ അടുപ്പം. ജേഷ്ഠതുല്യനെന്നോ, ആത്മസുഹൃത്തെന്നോ ഒക്കെ വിളിക്കാവുന്ന ബന്ധം. ഒരു പുഞ്ചിരിയിൽ ഇത്ര മാത്രം സ്‌നേഹം നിറയ്ക്കാൻ കഴിയുന്ന വേറൊരാളില്ല എന്ന് പലതവണ തോന്നിയിട്ടുണ്ട്. വേദനയോടെ വേണുച്ചേട്ടന് വിട…
 ചികിത്സയിലിരിക്കെയാണ് നെടുമുടി വേണുവിൻറെ മരണം. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. മലയാളത്തിലും തമിഴിലുമായി 500ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ‘പൂരം’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും (മികച്ച സഹനടൻ, പ്രത്യേക പരാമർശം) ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here