തിരുവനന്തപുരം: തിരുവനന്തപുരത്ത് ടെക്നോ പാര്‍ക്കിന് സമീപം ലുലുവിന്റെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളില്‍ ഒന്ന് ഒരുങ്ങുകയാണ്. കേരളത്തിലെ ഏറ്റവും വലിയ മാള്‍ എന്നതിനൊപ്പം ഏഷ്യയിലെ തന്നെ വലിയ മാളുകളില്‍ ഒന്ന് എന്ന പ്രത്യേകതയുമുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ലുലുമാള്‍ ഡിസംബറോടെ ഉദ്ഘാടനത്തിന് സജ്ജമാകുമെന്നാണ് ഔദ്യോഗിക വിവരം. രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ തിരുവനന്തപുരത്ത് ഒരുങ്ങുന്ന മാള്‍ ഷോപ്പിങ് പ്രേമികള്‍ക്ക് മഹത്തായ അനുഭവമാകും. ഗ്രൂപ്പിന്റെ കേരളത്തിലെ റീട്ടെയ്ല്‍ രംഗത്തെ മറ്റൊരു ശക്തമായ ചുവടുവയ്പ്പും. 18,500 ചതുരശ്ര മീറ്ററിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ്. ലുലുവിന്റെ ഏറ്റവും വലിയ മാളുകളില്‍ ഒന്നാണിത്.

മാളില്‍ എത്തുന്നവരുടെ വിനോദം ലക്ഷ്യമിട്ട് മള്‍ട്ടിപ്ലക്സ് മാത്രമല്ല വിപുലമായ ഫൂഡ് കോര്‍ട്ടും ഒരുങ്ങുന്നുണ്ട്. 2,500 പേര്‍ക്ക് വരെ ഒരേ സമയം ഭക്ഷണം കഴിക്കാനാകും. ലോകത്തിലെ പ്രധാന രുചി വൈവിധ്യങ്ങള്‍ എല്ലാം ഇവിടെ ലഭ്യമാകും. ഒപ്പം കുട്ടികള്‍ക്ക് വലിയ പ്ലേ ഏരിയയും മാളില്‍ ഒരുങ്ങുന്നുണ്ടെന്ന് ലുലു മാള്‍ അധികൃതര്‍ പറയുന്നു. 1800 സ്‌ക്വയര്‍ മീറ്ററിലാണ് ട്രാംപോളിന്‍ പാര്‍ക്ക് സജ്ജമാകുന്നത്. ജില്ലയിലെ മാത്രം ജനങ്ങളെയല്ല അയല്‍ സംസ്ഥാനത്തു സന്ദര്‍ശകരെ പ്രതീക്ഷിച്ച് തന്നെയാണ് മാള്‍ സജ്ജമാക്കുന്നത്. ഇതുവരെ കേരളത്തില്‍ എത്തിയിട്ടില്ലാത്ത പുതുതായി രാജ്യാന്തര ബ്രാന്‍ഡുകളും ഉണ്ടാകും. 3800 വാഹനങ്ങള്‍ വരെ ഒരേ സമയം പാര്‍ക്ക് ചെയ്യാം.

തിരുവനന്തപുരത്തും ലുലു മാള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ജോലി ലഭിക്കുന്നത് 10,000 പേര്‍ക്കാണ്. നേരിട്ടും അല്ലാതെയുമൊക്കെ ജോലി ലഭിക്കുന്നവരുടെ എണ്ണമാണിത്. കേരളത്തില്‍ ഇതുവരെ എത്തിയിട്ടില്ലാത്ത വിവിധ ബ്രാന്‍ഡുകളും ലുലുവുമായി കൈകോര്‍ക്കും. 300 ലധികം ദേശീയവും അന്തര്‍ദ്ദേശീയുമായ ബ്രാന്‍ഡുകളിലെ ഉത്പന്നങ്ങള്‍ ഒറ്റ കുടക്കീഴില്‍ തന്നെ ലഭിക്കും എന്നതാണ് മുഖ്യ ആകര്‍ഷണം. 12 മള്‍ട്ടിപ്ലക്സ് സ്‌ക്രീനുകളാണ് ഇവിടെ ഒരുങ്ങുന്നത്. വിപുലമായ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കും. രാജ്യാന്തര നിലവാരത്തിലുള്ള ഷോപ്പിങ് അനുഭവം തിരുവനന്തപുരത്ത് അവതരിപ്പിക്കുന്നതിലൂടെ റീട്ടെയ്ല്‍ രംഗത്ത് മറ്റൊരു ശക്തമായ ചുവടുവയ്പ് കൂടെ നടത്തുകയാണ് ലുലു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here