തിരുവനന്തപുരം: ആടിത്തിമിർത്ത വേഷങ്ങൾ പ്രേക്ഷകന്റെ മനസിൽ കെടാവിളക്കായി തെളിച്ച് മഹാനടൻ യാത്രയായി. സംസ്ഥാന സർക്കാരിന്റെ പൂർണബഹുമതികളോടു കൂടി നെടുമുടിയുടെ മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ചു.

പ്രിയ നടനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങൾ ഒഴുകി എത്തുകയായിരുന്നു. ഭൗതികദേഹം പൊതുദർശനത്തിന് വച്ചിരുന്ന അയ്യൻകാളി ഹാളിലേക്ക് സിനിമാ സാംസ്‌കാരിക പൊതുമേഖലയിൽ നിന്നുള്ള നിരവധിപേർ എത്തി. ഉച്ചയ്ക്ക് 12.30ന് പൊതുദർശനം അവസാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ വി.ശിവൻകുട്ടി, സജി ചെറിയാൻ, അഹമ്മദ് ദേവർകോവിൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. നടൻ വിനീത്, മണിയൻപിള്ള രാജു, മധുപാൽ, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിയവർ മൃതദേഹത്തെ അനുഗമിച്ച് അയ്യങ്കാളി ഹാളിലെത്തി. ഇന്നലെ രാത്രി തന്നെ മമ്മൂട്ടിയും മോഹൻലാലും വേണുവിന്റെ വട്ടിയൂർക്കാവിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

ഇന്നലെയാണ് ഇന്ത്യൻ സിനിമയുടെ തന്നെ നടനവിസ്മയമായിരുന്ന നെടുമുടി വേണു അരങ്ങൊഴിഞ്ഞത്. 73 വയസായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here