തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം  ഇന്ന് അർദ്ധരാത്രി മുതൽ അദാനി  ഏറ്റെടുക്കും. ഏറ്റെടുക്കലിനെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതിയിൽ പരിഗണിക്കാനിരിക്കെയാണ് വിമാനത്താവളം അദാനിക്ക് കൈമാറുന്നത്. തിരുവനന്തപുരം വിമാനത്താവളം ഇന്ന് അർദ്ധരാത്രി മുതൽ അദാനി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനിയുടേതായി മാറും. എയർപോർട്ട് അതോറിറ്റിയും അദാനിയും തമ്മിൽ കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടത്.

ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സർക്കാരിൻറെ ഹർജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയിൽ അപ്പീൽ  നിലവിലുണ്ട്. ഇത് നിലനിൽക്കെയാണ് വിമാനത്താവളം ഏറ്റെടുക്കുന്നത്. പൂർണ സജ്ജമാകുന്നതുവരെ ആറു മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്ന്  എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി.

നിലവിലുള്ള ജീവനക്കാരെ  മൂന്ന് വർഷത്തേക്ക് ഡപ്യൂട്ടേഷനിലെടുക്കാനാണ് അദാനിയുടെ തീരുമാനം. വിമാനത്താവളത്തിൽ 300 ജീവനക്കാരാണുള്ളത്. ഒരു വിഭാഗം ജീവനക്കാർക്ക്  എയർപോർട്ട് അതോറിററിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും. നേരത്തെ ഉണ്ടായിരുന്ന വിമാനത്താവള വികസന അതോറിറ്റി തുടരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ  അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിനെ വീണ്ടും പിന്തുണച്ച് വീണ്ടും ശശി തരൂർ എം പി രംഗത്തെത്തി.

തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രകളെക്കുറിച്ച് എപ്പോഴും പരാതികളുയർന്നിരുന്നു. നമ്മുടെ വിമാനത്താവളം നന്നായി പ്രവർത്തിക്കണമെന്നുള്ളത് തിരുവനന്തപുരം നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി. നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മെച്ചപ്പെട്ട ഓഫർ ആണ് അദാനി വാഗ്ദാനം ചെയ്തിരിക്കുന്നത്. തൊഴിലാളികളും സംതൃപ്തരാണ് എന്നിരിക്കേ പദ്ധതിയുമായി മുന്നോട്ടു പോകണം എന്നാണ് എന്റെ അഭിപ്രായം. ഇതിനോടകം അദാനി ഗ്രൂപ്പ് രാജ്യത്തെ വേറെയും ചില വിമാനത്താവളങ്ങൾ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നുണ്ട്.

അവിടെയെല്ലാം നല്ല രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്. തിരുവനന്തപുരത്തും നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുമെന്ന് കരുതാം. അദാനി ഗ്രൂപ്പ് ഇത് നന്നായി ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിനാൽ അവർക്ക് അവസരം നൽകണം. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസ് പാർട്ടിയുടേതല്ലെന്നും തരൂർ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം ഇതുവരെ  ആരും തിരിഞ്ഞു നോക്കിയിരുന്നില്ലെന്നും അദാനി ഗ്രൂപ്പിന്റെ  പ്രവർത്തനം കൃത്യമായി നിരീക്ഷിക്കുമെന്നും തരൂർ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിൻറെ നടത്തിപ്പും പരിപാലന ചുമതലയും അടുത്ത 50 വർഷത്തേക്കാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടില്ലെങ്കിലും തടസ്സമുണ്ടാകില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തൽ. വിമാത്താവളത്തിന്റെ ഇപ്പോഴത്തെ പ്രവർത്തനത്തിന് ഇത് ബാധകമാകില്ല. നിയമപോരാട്ടം തുടരുമെന്ന് ആക്ഷൻ കൗൺസിലും അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here