കൊല്ലം: അഞ്ചൽ സ്വദേശി ഉത്രയെ മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ അപൂർവങ്ങളിൽ അപൂർവവും അതിക്രൂരവുമായ കേസിൽ ഭർത്താവ് സൂരജിന് 17 വർഷം തടവും ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ.

17 വർഷത്തെ തടവ് ശിക്ഷയ‌്ക്ക് ശേഷമാണ്, ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. കൊല്ലം ആറാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്. പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും പ്രതിയുടെ പ്രായം പരിഗണിച്ച് ഇരട്ട ജീവപര്യന്തം കോടതി വിധിക്കുകയായിരുന്നു. കൊലക്കുറ്റത്തിനും വധശ്രമത്തിനുമാണ് ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുന്നത്.

അതേസമയം, ഉത്രയ‌്ക്ക് നീതി കിട്ടിയില്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു. ശിക്ഷാവിധിയിൽ തൃപ്‌തരല്ല. വധ ശിക്ഷയാണ് പ്രതീക്ഷിച്ചത്.നിയമത്തിന്റെ ഇത്തരം ഇളവുകളാണ് ഇതുപോലുള്ള കുറ്റവാളികളെ സൃഷ്‌ടിക്കുന്നതെന്ന് മണിമേഖല വിമർശിച്ചു. അപ്പീൽ പോകുമെന്നും ഉത്രയുടെ അമ്മ വ്യക്തമാക്കി.

സൂരജിന് മേൽ പ്രോസിക്യൂഷൻ ആരോപിച്ച ഗൂഢാലോചനയോടെയുള്ള കൊലപാതകം (ഐ.പി.സി 302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യജീവി ആക്ട് (115) എന്നിവ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ജീവനുള്ള വസ്തു കൊലപാതകത്തിന് ഉപയോഗിച്ചെന്ന അപൂർവതയുമുണ്ട്.

അറസ്റ്റിലായി 90 ദിവസം തികയും മുൻപ്, കഴിഞ്ഞവർഷം ആഗസ്റ്റ് 14ന് കുറ്റപത്രം സമർപ്പിച്ചതിനാൽ സൂരജിന് ജയിലിൽ നിന്ന് ഇറങ്ങാനായില്ല. പ്രോസിക്യൂഷൻ 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയ തെളിവുകളും നിർണായകമായി.

കൊല്ലം റൂറൽ എസ്.പിയായിരുന്ന ആർ. ഹരിശങ്കറിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന എ. അശോകനാണ് കേസന്വേഷിച്ചത്. അഡ്വ. മോഹൻരാജാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ. അഞ്ചൽ ഏറം വെള്ളശ്ശേരിൽ വീട്ടിൽ വിജയസേനൻമണിമേഖല ദമ്പതികളുടെ മകൾ ഉത്രയുടെ (25) സ്വത്ത് തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 മേയ് ഏഴിന് രാവിലെ എട്ടോടെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ പാമ്പ് കടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. ആറിന് സന്ധ്യയോടെ ഉത്രയ്ക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തിക്കൊടുത്ത ശേഷം രാത്രി 11ഓടെ, നേരത്തെ മുറിയിൽ സൂക്ഷിച്ചിരുന്ന മൂർഖൻ പാമ്പിനെക്കൊണ്ട് സൂരജ് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് മുൻപ് മാർച്ച് 2ന് അടൂർ പറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽ വച്ച് അണലിയെക്കൊണ്ടും ഉത്രയെ കടിപ്പിച്ചിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് ശേഷം ഉത്ര വിശ്രമിക്കുമ്പോഴായിരുന്നു മൂർഖനെ ഉപയോഗിച്ചുള്ള കൊലപാതകം.

ഇറച്ചിയിൽ പാമ്പിനെ കടിപ്പിച്ചും പരീക്ഷണം

ഉത്രയെ കടിച്ച അതേ വലിപ്പത്തിലുള്ള മൂർഖനെ ഉപയോഗിച്ച് പരീക്ഷണം നടത്തിയും കൊലപാതകമാണെന്ന് അന്വേഷണ സംഘം സമർത്ഥിച്ചു. മൂർഖന്റെ പത്തിയിൽ ബലം പ്രയോഗിച്ച് കോഴിയിറച്ചിയിൽ കടിപ്പിച്ചു. സ്വാഭാവിക കടിയെങ്കിൽ1.5 1.8 സെന്റീ മീറ്റർ വരെയായിരിക്കും പല്ലുകൾ തമ്മിലുള്ള അകലം. ബലമായി കടിപ്പിച്ചാലിത് 2.4 സെ. മീ. വരെയാകും. ഉത്രയുടെ ശരീരത്തിൽ പല്ലുകളുടെ പാടുകൾ തമ്മിലുള്ള അകലം ഇത്രയുമുണ്ടായിരുന്നു.

കൂടുതൽ സ്വത്താവശ്യപ്പെട്ടു, സംശയം സൂരജിലേക്കെത്തി

പാമ്പു കടിച്ചുള്ള സ്വാഭാവിക മരണമെന്ന് സൂരജ് പറഞ്ഞത് ആദ്യം വിശ്വസിച്ച ഉത്രയുടെ വീട്ടുകാരോട് സ്ത്രീധനമായി നൽകിയ കാർ തന്റെ പേരിലേക്ക് മാറ്റണമെന്ന് മരണത്തിന്റെ അഞ്ചാം ദിവസം ഇയാൾ ആവശ്യപ്പെട്ടു. കൂടുതൽ സ്വത്തുക്കളും ചോദിച്ചതോടെ സംശയം ബലപ്പെട്ടു. മേയ് 21ന് മരണത്തിൽ ദുരൂഹത ആരോപിച്ച് അഞ്ചൽ പൊലീസിന് പരാതി നൽകി. തൊട്ടടുത്ത ദിവസം റൂറൽ എസ്.പി ഹരിശങ്കറിനെയും സമീപിച്ചു. 24ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്നുതന്നെ സൂരജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. മൊഴികളിൽ നിറയെ വൈരുദ്ധ്യമായിരുന്നു. കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെ 25ന് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here