കോഴിക്കോട്‌ : ആധുനിക സൗകര്യങ്ങള്‍ വാഗ്‌ദാനം നല്‍കി, ഫ്‌ളാറ്റ്‌ നിര്‍മ്മിച്ചു നല്‍കാമെന്ന്‌ പറഞ്ഞ്‌ ഉപഭോക്താവില്‍ നിന്നും ബില്‍ഡറും ബാങ്ക്‌ അധികൃതരും ക്രമവിരുദ്ധമായി പണം വാങ്ങി ഉടമയെ കബിളിപ്പിച്ച സംഭവത്തിനിടയില്‍ വീണ്ടും ഇതേ ഫ്‌ളാറ്റ്‌ നിർമ്മാണത്തിൽ സ്ഥലം കുറച്ച്‌ നിര്‍മ്മിച്ച് ഉപഭോക്താക്കളില്‍ നിന്നും പണം തട്ടിപ്പു നടത്തിയതായി ആരോപണം. കോഴിക്കോട്‌ കാമ്പുറം ബീച്ചിനു സമീപത്തെ പെന്റഗണ്‍ ബില്‍ഡേഴ്‌സിന്റെ ‘സീ ഷെല്‍’ ഫ്‌ളാറ്റ്‌ അധികൃതരാണ്‌ ഫ്‌ളാറ്റിന്റെ നിര്‍മ്മാണത്തിനു മുമ്പായി നല്‍കിയ പ്ലാനിലും സ്ഥലം കുറച്ച്‌ ഫ്‌ളാറ്റ്‌ നിര്‍മ്മിച്ച്‌ ഉപഭോക്താവിനെ കബിളിപ്പിച്ചതായി കോഴിക്കോട്‌ പാവങ്ങാട്‌ സ്വദേശി ഡോ.എം.എം.അബ്ദുള്‍സലാം പരാതിയുമായി രംഗത്തെത്തിയത്‌. ഇതുമായി ബന്ധപ്പെട്ട്‌ ഫ്‌ളാറ്റ്‌ ഡയറക്ടര്‍ ഡോ.ആഷിക്ക്‌ ഉള്‍പ്പെടെ രണ്ടു ഡയറക്ടര്‍മാര്‍ക്കെതിരെ ‘റിയല്‍ എസ്റ്റേറ്റ്‌ റെഗുലേറ്ററി അതോറിറ്റി’ (റെറ)ക്ക്‌ പരാതി നല്‍കുകയും അന്വേഷണം നടക്കുന്നതായും ഡോക്ടര്‍ പറഞ്ഞു. ഫ്‌ളാറ്റിന്‌ പണം നല്‍കിയ മറ്റ്‌ ഉപഭോക്താക്കളും ഫ്‌ളാറ്റ്‌ ബില്‍ഡര്‍ക്കെതിരെ ആരോപണവുമായി രംഗത്തുണ്ട്‌.

ഫ്‌ളാറ്റ്‌ നിര്‍മ്മിച്ച്‌ കൈമാറുമ്പോള്‍ 2153 സ്‌ക്വയര്‍ഫീറ്റ്‌ ഉണ്ടാകുമെന്നറിയിച്ചാണ്‌ നിര്‍മ്മാണത്തിന്‌ മുമ്പേ ഫ്‌ളാറ്റ്‌ ബില്‍ഡര്‍ രേഖാമൂലം ഉപഭോക്താക്കളെ അറിയിച്ചിരുന്നത്‌. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതോടെ നൂറ്‌ സ്‌ക്വയര്‍ഫീറ്റ്‌ കുറച്ച്‌ 2053 സ്‌ക്വയര്‍ഫീറ്റായി ചുരുങ്ങുകയായിരുന്നു എന്നാണ്‌ ഫ്‌ളാറ്റ്‌ വാങ്ങിയ ഡോക്ടര്‍ പറയുന്നത്‌. ഇക്കാര്യം ബില്‍ഡറെ ചൂണ്ടികാണിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. തുടര്‍ന്ന്‌ സ്വന്തം പണം മുടക്കി ഫ്‌ളാറ്റ്‌ അളന്നതിലൂടെയാണ്‌ തട്ടിപ്പ്‌ പുറത്തായത്‌. ഇതു സംബന്ധിച്ച്‌ കോഴിക്കോട്‌ നഗരസഭ, ഉപഭോക്താവിന്‌ നല്‍കിയ രേഖയിലും നേരത്തെ അറിയിച്ചതിലും കുറഞ്ഞ സ്ഥലമാണ്‌ നിര്‍മ്മാണത്തില്‍ എന്ന് വ്യക്തമാകുന്നുണ്ട്‌. മാത്രവുമല്ല നഗരസഭ പ്‌ളാനിംഗ്‌ വിഭാഗത്തില്‍ സമര്‍പ്പിച്ച ഒക്യുപന്‍സി രേഖ ഉപഭോക്താവിന്‌ നല്‍കിയെങ്കിലും നഗരസഭയുടെ മുദ്രണം അടങ്ങിയ സീല്‍ ഇല്ലാതെയും ഒപ്പ്‌ വ്യാജമാണെന്നും വ്യക്തമായിട്ടുണ്ട്‌.

ഫ്‌ളാറ്റ്‌ നിര്‍മ്മാണത്തിലെ ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്താനും, ഉപഭോക്താക്കള്‍ക്ക്‌ നിര്‍മ്മാണ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുമാണ്‌ 2017 മേയ്‌ ഒന്നുമുതല്‍ ‘റിയല്‍ എസ്റ്റേറ്റ്‌ റെഗുലേറ്ററി അതോറിറ്റി’ എന്ന കേന്ദ്ര നിയമം രാജ്യത്ത്‌ പ്രഖ്യാപിച്ചത്‌. തട്ടിപ്പ്‌ കണ്ടെത്തിയാല്‍ കെട്ടിട സമുച്ചയത്തിന്റെ മൊത്തം സ്‌ക്വയര്‍ഫീറ്റ്‌ അളന്ന്‌ നിശ്ചിത തുക സ്‌ക്വയര്‍ഫീറ്റിന്‌ ഈടാക്കി മൊത്തം സ്‌ക്വയര്‍ഫീറ്റ്‌ കണക്കാക്കി ലക്ഷങ്ങളുടെ പെനാല്‍ട്ടി ഓരോ ഫ്‌ളാറ്റ്‌ ഉപഭോക്താവിനും നിര്‍മ്മാണ കമ്പനിയായ ബില്‍ഡര്‍ താമസിയാതെ നല്‍കേണ്ടിവരും.

ഇതേ ഫ്‌ളാറ്റ്‌ നിര്‍മ്മാണത്തില്‍ നേരത്തെ സാമ്പത്തിക തട്ടിപ്പുനടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ‘സീ ഷെല്‍’ ഫ്‌ളാറ്റ്‌ സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനായി ബില്‍ഡര്‍ നേരത്തെ കെ.എഫ്‌.സിയില്‍ നിന്നും വായ്‌പയെടുത്തു. ഇത്‌ കാലാവധിയില്‍ അടച്ചുതീര്‍ത്തില്ല. ഇക്കാര്യം ഫ്‌ളാറ്റ്‌ വാങ്ങാന്‍ എത്തിയ മറ്റ് ഉപഭോക്താക്കളെ അറിയിക്കാതെ ബില്‍ഡറും ബാങ്ക്‌ അധികൃതരും മറച്ചുവെയ്‌ക്കുകയായിരുന്നു. എന്നാല്‍ ഉപഭോക്താവായ ഡോ.എം.എം.അബ്ദുള്‍സലാം ഇതേ ഫ്‌ളാറ്റ്‌ ബില്‍ഡറില്‍ നിന്നും വാങ്ങുന്നതിനായി ഫ്‌ളാറ്റിന്റെ എഗ്രിമെന്റ്‌ രേഖകള്‍ ഉള്‍പ്പെടുത്തി 22 ലക്ഷം രൂപ എസ്‌ബിടി കണ്ണൂര്‍ റോഡ്‌ ശാഖയില്‍നിന്നും വായ്‌പയെടുത്തു. ഈ സമയം കെട്ടിട സമുച്ചയത്തിന്‌ ബില്‍ഡര്‍ കോടികള്‍ ലോണെടുത്ത വിവരം ബാങ്ക്‌ അഭിഭാഷകനോ, ബില്‍ഡറോ ഫ്‌ളാറ്റ്‌ വാങ്ങുന്നവരെ അറിയിച്ചിരുന്നില്ല. എന്നാല്‍ ബില്‍ഡര്‍ കെ.എഫ്‌.സി ലോണ്‍ അടക്കാത്തെ വീഴ്‌ച വരുത്തിതിനെ തുടര്‍ന്ന്‌ ഫ്‌ളാറ്റിന്റെ മുഴുവന്‍ പണവും നല്‍കിയ ഡോക്ടറുടെയും മറ്റു ഉപഭോക്താക്കളുടെയും ഫ്‌ളാറ്റ്‌ ജപ്‌തിചെയ്യാന്‍ കെ.എഫ്‌.സി അറിയിപ്പു വന്നു.

ഇതോടെയാണ്‌ ബാങ്കിന്റെ ഒത്താശയോടെ ബില്‍ഡര്‍ തട്ടിപ്പുനടത്തിയതായി അറിയുന്നതെന്ന്‌ ഡോക്ടര്‍ ആരോപിച്ചു.

ഒരേ വസ്‌തു ഈടായി രണ്ടുതവണ വായ്‌പനല്‍കിയതും ഫ്‌ളാറ്റിന്‌ ബാധ്യത ഉണ്ടെന്നുള്ളത്‌ മറച്ചുവച്ചതും അക്കാലയളവിലെ ബാങ്ക്‌ മാനേജര്‍ നടത്തിയ ക്രമക്കേടാണെന്ന്‌ ഉപഭോക്താക്കള്‍ ആരോപിച്ചു. എന്നാല്‍ വിവരങ്ങള്‍ ഉപഭോക്താക്കളെ അറിയിച്ചിരുന്നെന്നാണ്‌ ബാങ്ക്‌ പറയുന്നത്‌. അന്നത്തെ ബാങ്ക്‌ മാനേജരെ സംഭവവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ പലതവണ ബന്ധപ്പെട്ടിട്ടും, ഉപഭോക്താവ്‌ ബാങ്കില്‍ അന്വേഷിച്ചിട്ടും മാനേജരെ കുറിച്ച്‌ വിവരമില്ല. ഇപ്പോള്‍ അദ്ദേഹം ഒളിവിലാണെന്നാണ്‌ പരാതിക്കാര്‍ പറയുന്നത്‌.

കെ.എഫ്‌സിയുടെ പ്രോജക്ട്‌ ലോണ്‍ അടച്ചുതീര്‍ത്തെന്ന്‌ ബില്‍ഡര്‍ അറിയിച്ചെങ്കിലും, ഡോക്ടര്‍ വായ്‌പയെടുത്തത്‌ എസ്‌ബിടി ബാങ്കില്‍നിന്നാണ്‌. എന്നാല്‍ ജപ്‌തി അറിയിച്ചത്‌ കെ.എഫ്‌.സിയില്‍ നിന്നാണ്‌. ഇത്‌ തട്ടിപ്പു നടന്നതിന്റെ ഭാഗമാണെന്നാണ്‌ ഉപഭോക്താവ്‌ പറയുന്നത്‌.

നിര്‍മ്മാണം പൂര്‍ത്തീകരിച്ചന്ന്‌ പറയുന്ന സീ ഷെല്‍ ഫ്‌ളാറ്റ്‌ ഉപഭോക്താക്കള്‍ക്ക്‌ രജിസ്‌ട്രര്‍ ചെയ്‌തു നല്‍കിയതായി ബില്‍ഡര്‍ പറയുന്നുണ്ടെങ്കിലും, ഫ്‌ളാറ്റ്‌ സമുച്ചയത്തിന്റെ പരിസര മലിനീകരണ സര്‍ട്ടിഫിക്കറ്റ്‌, ഫയര്‍ സുരക്ഷാപരിശോധനകള്‍ നടത്താതെയും കംപ്‌ളീഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെയുമായിരുന്നു എന്നാണ്‌ രേഖകളില്‍ വ്യക്തമാകുന്നത്‌. ഇതു സമ്പന്ധിച്ച്‌ ഉപഭോക്താക്കള്‍ വിജിലന്‍സിലും പൊലീസിലും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇപ്പോള്‍ ഈ ഫ്‌ളാറ്റ്‌ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ നഗരസഭയുടെ പ്‌ളാനിംഗ്‌ വിഭാഗത്തില്‍ നിന്നും നല്‍കിയ രേഖകളിലും വ്യാപക തിരിമറി നടന്നതായി ആരോപണമുണ്ട്‌. ഇക്കാര്യങ്ങള്‍ അടുത്തദിവസങ്ങളില്‍ പുറത്തുവരുമെന്നാണ്‌ അറിയുന്നത്‌.

 

ഡോ.എം എം അബ്ദുൾ സലാം

LEAVE A REPLY

Please enter your comment!
Please enter your name here