കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ശൂരനാട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീകുമാർ അറസ്റ്റിൽ . ഡിസിസി സെക്രട്ടറിയടക്കം ഏഴ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. ഡോക്ടർ എം ഗണേഷിനെ മർദിച്ചതിനും ആശുപത്രി സൂപ്രണ്ട് ഡോ.ഷഹാന മുഹമ്മദിനെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഒപി ബഹിഷ്‌കരിച്ച് ആശുപത്രി ജീവനക്കാർ സമരം നടത്തിയിരുന്നു.

പഞ്ചായത്ത് പ്രസിഡൻറിൽ നിന്ന് മർദനമേറ്റെന്ന പരാതിയുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രണ്ട് ദിവസം മുമ്പാണ് ഡോക്ടർ ഗണേശൻ ചികിത്സ തേടിയത്. കിണറ്റിൽ വീണ് മരിച്ചയാളുടെ മൃതദേഹവുമായി ആശുപത്രിയിൽ എത്തിയതായിരുന്നു  ശ്രീകുമാർ. ആംബുലൻസിലെത്തി മരണം സ്ഥിരീകരിക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. എന്നാൽ മറ്റൊരു രോഗിയെ പ്ലാസ്റ്റർ ഇട്ട് കൊണ്ടിരുന്നതിനാൽ ഡോക്ടർ ആംബുലൻസിലെത്താൻ വൈകി. ഇതോടെ പ്രസിഡൻറ് ഡോക്ടറെ മർദിക്കുകയായിരുന്നെന്നാണ് കെ ജി എം ഒ എയുടെ ആരോപണം.

കേസുമായി മുന്നോട്ടു പോയാൽ ഡോക്ടറെ ആശുപത്രിക്ക് പുറത്ത് കൈയേറ്റം ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. എന്നാൽ രാത്രിയിൽ ആശുപത്രിയിലെത്തിയ തന്നോട്ടും മുൻ ഗ്രാമപഞ്ചായത്ത് അംഗത്തോടും ഡോക്ടർ ഗണേശൻ ഒരു പ്രകോപനവുമില്ലാതെ മോശമായി പെരുമാറുകയായിരുന്നെന്നാണ് പഞ്ചായത്ത് പ്രസിഡൻറ് ശ്രീകുമാറിൻറെ മറുവാദം. ഡോക്ടറെ കൈയേറ്റം ചെയ്തിട്ടില്ലെന്നും ശ്രീകുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here