കോഴിക്കോട് : കഴിഞ്ഞ ദിവസം ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദം കേരളത്തില്‍ സ്വാധീനം ചെലുത്തിത്തുടങ്ങി.

തിരുവനന്തപുരത്തു നിന്ന് തൃശൂര്‍ വരെയുള്ള ജില്ലകളില്‍ കനത്ത മഴ തുടങ്ങിയിട്ടുണ്ട്. അടുത്ത മണിക്കൂറുകളില്‍ മഴ വടക്കന്‍ ജില്ലകളിലേക്കും നീങ്ങുമെന്ന് മെറ്റ്ബീറ്റ് വെതറിലെ മീറ്റിയോറളജിസ്റ്റ് പറയുന്നു.

അടുത്ത 24 മുതല്‍ 36 മണിക്കൂര്‍ മധ്യ, വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മെറ്റ്ബീറ്റ് വെതര്‍. ന്യൂനമര്‍ദം താനൂര്‍ തീരത്തു നിന്ന് ഏകദേശം 68 കി.മി അകലെയെത്തിയിട്ടുണ്ട്.
ന്യൂനമര്‍ദത്തിന്റെ സ്വാധീനമായുള്ള മേഘക്കൂട്ടം ഇപ്പോള്‍ കേരളത്തിനു മുകളിലാണ്.

ശക്തമായ മഴക്ക് ഇത് കാരണമാകും. വൈകിട്ടോടെ വടക്കന്‍ ജില്ലകളിലും മഴ ശക്തമാകും. മധ്യകേരളത്തില്‍ ഇന്ന് രാത്രിയും അതിശക്തമായ മഴയുണ്ടാകും. അതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും അടുത്ത 24 മണിക്കൂറില്‍ ജാഗ്രത വേണ്ടിവരും. 

കേരളതീരം മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി പസഫിക് സമുദ്രത്തിലേക്ക് ട്രഫ് രൂപപ്പെടുന്നതായി നിരീക്ഷണങ്ങളില്‍ കാണുന്നു. അതിനാല്‍ അറബിക്കടലിലെ മേഘങ്ങള്‍ കടലില്‍ പെയ്തുപോയില്ലെങ്കില്‍ കേരളത്തിനു മുകളില്‍ വന്നു പെയ്യാന്‍ സാധ്യത കൂടുതലാണ്. വടക്കന്‍ കേരളത്തില്‍ ഇന്ന് വൈകിട്ട് 6. 10 ന് ന് ഈ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ മഴയില്ലെങ്കിലും രാത്രിയോടെ മഴ അതിശക്തമാകും.

ചിലയിടങ്ങളില്‍ തീവ്രമഴയും പ്രതീക്ഷിക്കണം. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ അടുത്ത 36 മണിക്കൂറില്‍ ജാഗ്രത പാലിക്കണം. നാളെ ഉച്ചയ്ക്ക് ശേഷം മഴയുടെ ശക്തി കുറയുമെന്നാണ് ഇപ്പോഴത്തെ നിഗമനം. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ വിനോദ സഞ്ചാരത്തിനും മറ്റും പോകുന്നത് സുരക്ഷിതമല്ല. രാത്രിയാത്രയും സുരക്ഷിതമല്ല.

മഴ രണ്ടു ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കില്ലെങ്കിലും മഴയുടെ ശക്തി കൂടുതലാകുന്നതാണ് വെള്ളക്കെട്ടുകള്‍ക്ക് കാരണമാകുക. ഇപ്പോഴത്തെ മഴയെ കുറിച്ച് മെറ്റ്ബീറ്റ് വെതര്‍ ഉള്‍്‌പ്പെടെയുള്ള കാലാവസ്ഥാ നിരീക്ഷകരും സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത 48 മണിക്കൂര്‍ കടലില്‍ പോകുന്നതും സുരക്ഷിതമല്ല. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശാസ്ത്രീയമായ സംവിധാനമാണ്. അതിനാല്‍ എല്ലാവരും മുന്നറിയിപ്പുകള്‍ പാലിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here