ആലപ്പുഴ: മഴക്കെടുതിയുടെ ദുരിതം നേരിടുന്ന സാഹചര്യത്തിൽ ജില്ലയിലെ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ എ അലക്സാണ്ടർ ഐ എ എസ്. നിലവിൽ ജില്ലയിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആളുകളെയെല്ലാം സുരക്ഷിതമായി സ്ഥലങ്ങളിലേക്ക് മാറ്റുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ജനങ്ങൾ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും കളക്ടർ അറിയിച്ചു. ജില്ലാ ഭരണകൂടവും വിവിധ സർക്കാർ വകുപ്പുകളുടെയും നിർദേശം കൃത്യമായി പാലിക്കണമെന്നും രക്ഷാപ്രവർത്തകരോട് ജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.


ജില്ലയിൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വിവിധ നിയോജക മണ്ഡലങ്ങളിലും താലൂക്കുകളിലും യോഗം ചേർന്നു. ജനപ്രതിനിധികളും വകുപ്പുകളുടെ പ്രതിനിധികളും യോഗങ്ങളിൽ പങ്കെടുത്തു. അതത് മേഖലകളിലെ സാഹചര്യത്തിനനുസരിച്ച് നടത്തേണ്ട തയ്യാറെടുപ്പുകൾ സംബന്ധിച്ച് ചർച്ച ചെയ്തു. ഇതുവരെ സ്വീകരിച്ച നടപടികൾ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വിശദമാക്കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാൻ നേരിട്ടാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ എല്ലാ കേന്ദ്രങ്ങളിലും യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കിവരികയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


കക്കി ഡാമിൻറെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളതിനാൽ ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്ക് പ്രദേശങ്ങളിലെ നദികളുടെയും കൈവഴികളുടെയും കരകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടനാട്ടിലും ചെങ്ങന്നൂരിലും രക്ഷാ പ്രവർത്തനം നടത്തുന്നതിനായി അഞ്ച് വീതം മത്സ്യ ബന്ധന ബോട്ടുകളും കുട്ടനാട്ടിൽ ജലഗതാഗത വകുപ്പിൻറെ 17 ബോട്ടുകളും സജ്ജമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here