രാജേഷ് തില്ലങ്കേരി

കേരളം 2018 ലാണ് ആദ്യമായി ഒരു പ്രളയം നേരിൽ കാണുന്നത്. നൂറുവർഷം മുൻപുണ്ടായ പ്രളയകാലത്തെ കുറിച്ച് പഴമക്കാർ പറഞ്ഞുകേട്ട കഥകൾ മാത്രമായിരുന്നു അതുവരെ നമുക്കറിയാമായിരുന്നത്. ആന്ധ്രയിൽ ആയിരുന്നു പണ്ടുകാലത്തൊക്കെ വെള്ളപ്പൊക്കം സ്ഥിരമായിരുന്നത്. വെള്ളപ്പൊക്കം ബാധിച്ച് സഹായത്തിനായി അവർ രാജ്യത്ത് പലയിടങ്ങളിലും അലഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. സർക്കാറിന്റെ ഭാഗത്തുനിന്നും പ്രത്യേകിച്ച് സഹായമൊന്നും ഈ വെള്ളപ്പൊക്ക ബാധിതർക്ക് ഉണ്ടായിരുന്നില്ല.


കേരളത്തിൽ ഇത്തരം സഹായം അനുഭവിക്കുന്നവരെ വെള്ളപ്പൊക്കക്കാർ എന്നായിരുന്നു നാം അതുവരെ അധിക്ഷേപിച്ചിരുന്നത്. നേരത്തെ ഇതൊക്കെ നേരിട്ടിരുന്നത് അന്യ സംസ്ഥാനത്തുള്ളവരായിരുന്നു. എന്നു പറഞ്ഞ് കേരളത്തിൽ മഴക്കെടുതിയുണ്ടായിരുന്നില്ലെന്നോ, ഉരുൾ പൊട്ടൽ ഉണ്ടായിരുന്നില്ല എന്നോ അല്ല അർത്ഥമാക്കുന്നത്. വലിയ അപായങ്ങൾ ഉണ്ടായിട്ടുണ്ട്.


പക്ഷേ, അപായകരമായ മഴയിൽ ഒരു പ്രദേശം മുങ്ങിപ്പോവുന്ന അവസ്ഥ കേരളത്തിൽ ഉണ്ടായിരുന്നില്ല. വയനാട്ടിലും, കോഴിക്കോട്ടെ മലയോര മേഖലയിലുമായി ഇത്തരം വലിയ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി ജീവനുകളാണ് ഭൂമിക്കടിയിൽ അകപ്പെട്ടുപോയത്. എന്തൊരു ദുരന്തം എന്നു മാത്രമേ പറയാനാവൂ. പ്രകൃതി ദുരന്തങ്ങൾ ആണ്, അതിൽ എന്തു സംഭവിച്ചാലും  നമുക്ക് ആരെ കുറ്റുപ്പെടുത്താൻ കഴിയും ? ഒന്നും പറ്റില്ലെല്ലോ.


കഴിഞ്ഞ വർഷം ഇടുക്കിയിലെ പെട്ടിമുടിയിലാണ് പ്രകൃതി സംഹാര താണ്ഡവമാടിയിരുന്നതെങ്കിൽ, ഇത്തവണ കോട്ടയത്തെ കൂട്ടിക്കലിലും മറ്റുമായിരുന്നു ദുരന്തം. അതിവർഷം താണ്ഡവമാടിയ പ്രദേശങ്ങൾ നോക്കി നെടുവീർപ്പിടാനേ പറ്റൂ.


സൈന്യത്തിന്റെ സഹായത്തോടെയാണ് ഭൂമിക്കടിയിൽ അകപ്പെട്ടവരെ കണ്ടെടുത്തത്. ഒരു വീട്ടിലെ ഏഴുപേരാണ് ഒരുമിച്ച് ഇല്ലാതായത്. കുട്ടികൾ, സ്ത്രീകൾ, യുവാക്കൾ അങ്ങിനെ പോവുന്നു ഈ പരമ്പര…..

കേരളം 2018 ലെ മഹാ പ്രളയത്തിന് ശേഷം എന്താണ് പഠിച്ചതെന്നുള്ള ചോദ്യമാണ് ഉയരുന്നത്. ഒന്നും പഠിച്ചിട്ടില്ല. കാരണം എപ്പോൾ, എവിടെ ദുരന്തം ഉണ്ടാവുമെന്ന് വ്യക്തമല്ല. ഒരിക്കലും വെള്ളപ്പൊക്കമുണ്ടാവില്ലെന്ന് കരുതിയ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം ഉണ്ടാവുന്നത്. കാഞ്ഞിരപ്പള്ളി നഗരം ഒരിക്കലും വെള്ളപ്പൊക്കമുണ്ടാവുമെന്ന് കരുതുന്ന സ്ഥലമല്ല, എന്നിട്ടും ആ നഗരം വെള്ളത്തിനടിയിലായി.

എവിടെ വെള്ളം കയറിയാലും ദുരിതം അനുഭവിക്കുന്ന ഒരു കൂട്ടരുണ്ട്. അത് കുട്ടനാട്ടിലെ ജനതയാണ്. കുട്ടനാട്ടിൽ വെള്ളം കയറിക്കൊണ്ടിരിക്കയാണ്.

ഒരു മനുഷ്യന്റെയും  ജീവൻ നഷ്ടമാവരുത്, അതിനുള്ള മുൻകരുതലാണ് ആവശ്യം.

ഈ പേമാരിയിൽ ജീവൻ നഷ്ടമായത് 35 പേർക്കാണ് , അതിൽ കോട്ടയം ജില്ലയിൽ മാത്രം 13 പേരാണ്.
ഇടുക്കിയിൽ ഒൻപതും മലപ്പുറത്ത് മൂന്ന് പേരും ആലപ്പുഴയിലും കണ്ണൂരും രണ്ടുപേർ വീതവും കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്.


പ്രിയപ്പെട്ട ഗാഡ്ഗിൽ, താങ്കളിപ്പോൾ എവിടെയാണ്?
 
മാധവ ഗാഡ്ഗിൽ എന്ന മനുഷ്യനെ വെള്ളപ്പൊക്കം വരുമ്പോൾ കുഞ്ഞത് രാഷ്ട്രീയക്കാരെങ്കിലും ഓർക്കേണ്ടതാണ്. ഏറെ വിവാദം പുകയുന്ന ഗാഡ്ഗിൽ റിപ്പോർട്ടിനു എന്ത് സംഭവിച്ചുവെന്ന് അടുത്ത ദിവസങ്ങളിൽ ടി.വി കാരുടെ അന്തിചർച്ചയ്ക്ക് വരുമ്പോൾ അറിയാം.  ഇത്തരം റിപ്പോർട്ടുകൾ എപ്പോൾ എടുക്കണമെന്ന് തീരുമാനിക്കുന്നത് അവരാണല്ലോ. കയറിയ വെള്ളം ഇറങ്ങുന്നതുവരെ നമുക്ക് ആ ചർച്ചകൾ കേൾക്കാം. അടുത്തവർഷം വീണ്ടും പ്രളയം വരുമ്പോൾ ഒരിക്കൽ കൂടി ചർച്ച നടത്തി കാര്യങ്ങൾ വീണ്ടും ഓർത്തെടുക്കാം. ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാക്‌ധോരണികൾക്കായി കാതോർക്കാം.
 
പ്രളയം വീണ്ടും എത്തി. ഇനി അടുത്തതെന്ത്? ബക്കറ്റുകൾ തയാറാക്കിക്കോളു . കോവിഡ് ചലഞ്ചിന് പിന്നാലെ ഇനി പ്രളയ ചലഞ്ചിനായി ബക്കറ്റുകൾ പുറത്തെടുക്കേണ്ട സമയമായി. മന്ത്രിമാരെ ക്ലസ്റ്റർ തിരിച്ച് വിദേശ രാജ്യങ്ങളിലേക്ക് ബക്കറ്റ് പിരിവിനു പോകാൻ അണിയറ നീക്കവും ഉടൻ ആരംഭിക്കേണ്ടിയിരിക്കുന്നു. കിട്ടുകൊടുത്തു കുത്തുപാളയെടുത്ത ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണെന്നാണ് സംസാരം.

കൊക്കയാറും, കുട്ടിക്കലിലും മലവെള്ളപ്പാച്ചിലിൽ കൊണ്ടുപോയത് നിരവധി മനുഷ്യരെയാണ്. പത്തു പേർ മരണമടഞ്ഞപ്പോൾ അതിൽ അതിൽ ആറു കുഞ്ഞുങ്ങളായിരുന്നു. പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ വേദനകൾ എങ്ങിനെയാണ് പറയേണ്ടതെന്ന് അറിയില്ല….

കേരളത്തിലെ 11 ജില്ലകൾ ഇപ്പോഴും ദുരിതത്തിലാണ്. മൂന്നു ദിവസം പെയ്തിറങ്ങിയ മഴ കേരളത്തെ ആകെ ഭീതിയിലാഴ്ത്തിയിരിക്കയാണ്. ദുരന്തങ്ങളും ദുരിതങ്ങളും ആവർത്തിക്കാതിരിക്കട്ടെ.




സംഘടനാ തെരഞ്ഞെടുപ്പ്: കെ. സുധാകരൻ പിടിച്ച പുലിവാല്

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ സുധാകരൻ ഉന്നയിച്ച പ്രധാന ആവശ്യം കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു. കോൺഗ്രസിൽ മൂന്നു പതിറ്റാണ്ടായി തെരഞ്ഞെടുപ്പ് നടന്നിട്ടില്ല, ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു കെ സുധാകരന്റെ ആവശ്യം. അന്ന് കെ സുധാകരൻ വർക്കിംഗ് പ്രസിഡന്റായിരുന്നു. ഹൈക്കമാന്റായി അഭിനയിക്കുന്ന കെ സി വേണുഗോപാലാണ് താൻ കെ പി സി സി അധ്യക്ഷനാവുന്നതിന് എതിരെന്നും, കെ സി വേണുഗോപാൽ സ്വയം ഹൈക്കമാന്റ് ചമയുകയാണെന്നും കെ സുധാകരൻ ആരോപിച്ചിരുന്നു.
 


ഇപ്പോഴിതാ എ ഐ സി സി സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നു. ബൂത്തുതലം മുതൽ മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നാണ് ഹൈക്കമാന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നു പറഞ്ഞാൽ ഈ കോലാഹലമെല്ലാം ഉണ്ടാക്കി പുന: സംഘടിപ്പിച്ച ജില്ലാ കമ്മിറ്റിയും, കെ പി സി സി യും ഒന്നും ഉണ്ടാവില്ലെന്ന് വ്യക്തം. എല്ലാ ഭാരവാഹികളെയും മെമ്പർമാർ തെരഞ്ഞെടുക്കുമെന്ന് സാരം. ഇതോടെ കേരളത്തിലെ എ ഐ ഗ്രൂപ്പുകൾ ഒരുമിച്ച് ആഹ്ലാദത്തിലാണ്.

എന്നുവച്ചാൽ, എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ച് നിന്നാൽ കെ സുധാകരനെ താഴേയിറക്കാം. മെമ്പർ ഷിപ്പിൽ ഇരു ഗ്രൂപ്പുകളും ഒരുമിച്ച് നിന്നാൽ ലക്ഷ്യം സാധ്യം. കെ സുധാകരനെതിരെ രണ്ടു ഗ്രൂപ്പുകളും ഒരുമിക്കുമെന്ന സന്ദേശം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നൽകി കഴിഞ്ഞു.
കെ പി സി സി  പുന: സംഘടനയിൽ പരാതിയുമായി രംഗത്തെത്തിയ ചെന്നിത്തല ഉമ്മൻ ചാണ്ടി ടീം കൂടുതൽ ശക്തമാവും. ഒരുമിച്ചു നിന്നാൽ പൊതു ശത്രുവിനെ ഇല്ലാതാക്കാം, എന്ന സത്യം അവർ തിരിച്ചറിഞ്ഞിരിക്കുന്നു.


മുഹമ്മദ് റിയാസിനെതിരെയുള്ള ഈ നീക്കം ആരുടേതാണെന്ന്
ആർക്കറിയാം….


 

മുഹമ്മദ് റിയാസ് മന്ത്രിയാവുമെന്ന വാർത്ത വന്നപ്പോൾ ഞെട്ടിയ ഒരു എം എൽ എയുണ്ട് കണ്ണൂരിൽ. അത് തലശ്ശേരി എം എൽ എയായ സഖാവ് എ എം ഷംസീറായിരുന്നു. രണ്ടാം തവണയാണ് സഖാവ് എം എൽ എയായി വരുന്നത്. ഡി വൈ എഫ് ഐ നേതാവ് എന്നതിനും അപ്പുറം കോടിയേരി ബാലകൃഷ്ണനുമായി ഏറ്റവും അടുപ്പം പുലർത്തിയിരുന്ന യുവനേതാവ് എന്ന നിലയിൽ ഷംസീർ ഇത്തവണ മന്ത്രിപദത്തിലെത്തുമെന്ന് മിക്കവാറും പാർട്ടി പ്രവർത്തകരും പ്രതീക്ഷിച്ചിരുന്നു.

സ്വർണക്കടത്ത്, ആഴക്കടൽ മത്സ്യബന്ധനം, വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണ വിവാദം  തുടങ്ങി പാർട്ടിയും സർക്കാരും വിവാദത്തിലായ ഘട്ടത്തിലെല്ലാം ചാനലുകളിൽ പോരാളിയായിരുന്നു ഷംസീർ. കണ്ണൂരിൽ പാർട്ടിയുടെ അടുത്ത നേതൃനിരയിൽ പ്രതീക്ഷയുള്ള നേതാവായിരുന്നു എ എം ഷംസീർ. വിപ്ലവ വിദ്യാർത്ഥി സംഘടനയിലൂടെ പാർട്ടിയിലെത്തിയ ഷംസീർ ഡി വൈ വൈ എഫ് ഐയുടെ സംസ്ഥാന നേതാവായി. എന്നാൽ അഖിലേന്ത്യാ നേതാവ് എം എൽ എ യായാൽ അദ്ദേഹത്തെ മന്ത്രിയാക്കുകയെന്നത് പാർട്ടി രീതിയാണ്. ആരോക്കെ മന്ത്രിമാരാവണമെന്ന് പാർട്ടി സൂക്തത്തിൽ വ്യക്തമായി പറഞ്ഞുവച്ചിട്ടുണ്ടത്രേ.

എന്തായാലും രണ്ട് ടേം കഴിഞ്ഞാൽ ഷംസീറിന് തലശ്ശേരിയിൽ മത്സരിക്കാനുള്ള അവസരവും ഇല്ലാതാവും. ചുരുക്കത്തിൽ പറഞ്ഞാൽ ഇനി അടുത്തകാലത്തൊന്നും ഷംസീറിന് മന്ത്രിയാവാൻ കഴിയില്ലെന്ന് സാരം.

മുഹമ്മദ് റിയാസിന്റെ വരവാണ് എ എം  ഷംസീറിന്റെ അവസരം ഇല്ലാതായത്. ഇത് ഷംസീറിനെ ഏറെ നിരാശനാക്കിയിട്ടുണ്ട്. ഒരു വിഭാഗം എം എൽ എമാർ മുഹമ്മദ് റിയാസിന് ലഭിച്ചിരിക്കുന്ന മുന്തിയ പരിഗണനയിൽ അസൂയാലുക്കളാണ്. സുപ്രധാന വകുപ്പായ പൊതുമരാമത്ത് വകുപ്പും ഒപ്പം ടൂറിസവും റിയാസിന് നൽകിയതിൽ ചിലമന്ത്രിമാർക്കും അസൂയയുണ്ടെന്നാണ് അടുക്കള സംസാരം.
ആദ്യതവണ എം എൽ എയായ എം ബി രാജേഷ് സ്പീക്കറായി, ആദ്യതവണ എം എൽ എയായ റിയാസ് മന്ത്രിയുമായി. രണ്ടാം തവണ എം എൽ എയായ തനിക്കൊന്നുമില്ലെന്ന വിഷമം ഷംസീറിനെ ഏകെ രോഷാകുലനാക്കിയിട്ടുണ്ട്.

എം എൽ എ മാർ കരാറുകാരുമായി കാണാൻ വരരുതെന്ന റിയാസിന്റെ പ്രതികരണം ചിലർക്കുള്ള താക്കീതാണ്. പാർട്ടിയുടെയും മുന്നണിയുടെയും പ്രഖ്യാപിത ലക്ഷ്യമാണ് പറഞ്ഞതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എം എൽ എമാരുടെ യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ് ക്ഷമാപണം നടത്തിയെന്ന വാർത്ത തെറ്റാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇത്തരം വാർത്ത നൽകിയതിലൂടെ ആർക്കെങ്കിലും സുഖം ലഭിക്കുന്നുണ്ടെങ്കിൽ അത് ലഭിക്കട്ടേയെന്നും മന്ത്രി റിയാസ് . ആരെയാണ് താൻ ലക്ഷ്യമിട്ടതെന്ന് പേരുപറയാതെ പറയുകയാണ് റിയാസ്.

ചില എം എൽ എമാർക്ക് കരാറുകാരുമായി അവിഹിത കൂട്ടുകെട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. ആ എം എൽ എമാരുടെ പേരുകൾ കൂടി വെളിപ്പെടുത്തിയാൽ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാവുമായിരുന്നു.

വാൽകഷണം : 
 
കേരളത്തിൽ യു ഡി എഫുമായി വോട്ട് കച്ചവടം നടത്തിയിരുന്നതായി ഒ രാജഗോപാൽ. തന്റെ ആത്മകഥാ കുറിപ്പിലാണ് രാജഗോപാൽ ഈ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here