കോട്ടയം: കേരളത്തിലെ ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽപ്പെട്ട് കച്ചവടം മോശമായതിനെ തുടർന്ന് കടക്കെണിയിലായ ഹോട്ടലുടമ ആത്മഹത്യ ചെയ്തു. കോട്ടയം കുറിച്ചി ഔട്ട്പോസ്റ്റിനു സമീപം വിനായക ഹോട്ടൽ നടത്തുന്ന സരിൻ മോഹൻ (38) ആണ് ആത്മഹത്യ ചെയ്തത്. അശാസ്ത്രീയമായ ലോക്‌ഡൗൺ നിയന്ത്രണങ്ങളാണ് തന്റെ ജീവിതം തകർത്തതെന്നും സർക്കാരാണ് തന്റെ ആത്മഹത്യക്ക് ഉത്തരവാദിയെന്നും ഫേസ്ബുക്കിൽ കുറിപ്പ് എഴുതിവച്ച ശേഷം പുലർച്ചെ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ലോക്‌ഡൗൺ വരുത്തിവച്ച കടബാദ്ധ്യതകൾ ഇനിയൊരു ആറ് വർഷം കൂടി ജോലി ചെയ്താലും തീരില്ലെന്നും തന്റെ മരണത്തോടു കൂടിയെങ്കിലും മണ്ടൻ തീരുമാനങ്ങൾ ഉപേക്ഷിച്ച് സ‌ർക്കാർ സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ രക്ഷിക്കണമെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർ‌ണരൂപം

6 മാസം മുൻപ് വരെ കുഴപ്പമില്ലാതിരുന്ന ഹോട്ടൽ ആയിരുന്നു എന്റേത്. അശാസ്ത്രീയമായ ലോക്‌ഡൗൺ തീരുമാനങ്ങൾ എല്ലാം തകർത്തു. ബിവറേജിൽ ജനങ്ങൾക്ക് തിങ്ങി കൂടാം കൊറോണ വരില്ല ഹോട്ടലിൽ ക്യൂ നിന്നാൽ കൊറോണ പിടിക്കും. ബസ്സിൽ അടുത്ത് ഇരുന്നു യാത്ര ചെയ്യാം ഹോട്ടലിൽ ഇരുന്നാൽ കൊറോണ പിടിക്കും. ഷോപ്പിങ് മാളിൽ ഒരുമിച്ചു കൂടി നിക്കാം, കല്യാണങ്ങൾ 100 പേർക്ക് ഒരൂമിച്ചു നിക്കാം, ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം, ഹോട്ടലിൽ ഇരിക്കാൻ പറ്റില്ല. രാഷ്ട്രീയ പാർട്ടികൾക്ക് പൊതു യോഗങ്ങൾ നടത്താം കൊറോണ പിടിക്കില്ല. ഇങ്ങനെ പോകുന്നു തീരുമാനങ്ങൾ. എല്ലാം തകർന്നപ്പോൾ ലോക്‌ഡൗൺ എല്ലാം മാറ്റി ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി ബ്ലൈഡ് കാരുടെ ഭീഷണി. ഇനി 6 വർഷം ജോലി ചെയ്താൽ തീരില്ല എന്റെ ബാദ്ധ്യതകൾ, ഇനി നോക്കിയിട്ടും കാര്യം ഇല്ല. എന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുക സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്

എന്റെ മരണത്തിനു ഉത്തരവാദി ഈ സർക്കാർ ആണ്. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാൻ. എന്റെ കയ്യിൽ ഉള്ളപ്പോൾ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോൾ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാൻ കണ്ടു. സഹായിക്കാൻ നല്ല മനസ്സ് ഉള്ളവർ എന്റെ കുടുംബത്ത സഹായിക്കുക

സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവർക്ക് ഇനി ജീവിക്കണം. ഇളയ മകന് ഓട്ടിസം ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here