തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാർട്ടിയിൽ അസംതൃപ്തിയുള്ളവർ ഉണ്ടാകാം. പുതിയ പട്ടിക ഉൾക്കൊള്ളാൻ ചില ആളുകൾക്ക് പ്രയാസം ഉണ്ടാകും. ഭാരവാഹികളുടെ എണ്ണം കുറച്ചതിന്റെ പേരിൽ നേതാക്കളാരും തെരുവിൽ ഇറങ്ങില്ലെന്നും സുധാകരൻ പറഞ്ഞു.

നേതാക്കൾക്ക് മറ്റ് ഉത്തരവാദിത്വങ്ങൾ നൽകി സക്രിയരാക്കും. അതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാണ്. ഗ്രൂപ്പിലുള്ളവർ തന്നെയാണ് പട്ടികയിൽ ഉള്ളതെന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എഐസിസി നേതൃത്വം കെപിസിസി ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സുധാകരൻ പ്രതികരിച്ചിരിക്കുന്നത്.

കെപിസിസി ഭാരവാഹികളുടെ 56 അംഗ പട്ടികയാണ് കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചത്. 23 ജനറൽ സെക്രട്ടറിമാർ, 28 നിർവ്വാഹക സമിതി അംഗങ്ങൾ, നാല് വൈസ് പ്രസിഡന്റുമാർ, എന്നിവരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് പട്ടിക വാർത്താ കുറിപ്പായി പുറത്തിറക്കിയത്.

ഡി സി സി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ പാർട്ടിവിടുകയാണെന്ന് പ്രഖ്യാപിച്ച എ വി ഗോപിനാഥ് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റുമാരും എംപിമാരും എംഎൽഎമാരും എക്സിക്യൂട്ടീവ് പ്രത്യേക ക്ഷണിതാക്കളാകും. 325 അംഗ കമ്മിറ്റിയാണ് 56 അംഗ കമ്മിറ്റിയായി ചുരുക്കിയിരിക്കുന്നത്.

അതേസമയം കോൺഗ്രസ് നേതൃത്വം ഏൽപ്പിക്കുന്ന ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. നേതൃത്വത്തിന്റെ തീരുമാനത്തിൽ പരാതിയോ പ്രതിഷേധമോ ഇല്ല. ഒരിക്കലും ഏതെങ്കിലും സ്ഥാനത്തിനായി ആഗ്രഹിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു. നിർവ്വാഹക സമിതിയിലേക്ക് തഴഞ്ഞതാണെന്ന് തോന്നുന്നില്ലെന്നും പാർട്ടിക്കെതിരായി പ്രതികരിക്കാനില്ലെന്നും അവർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here