തിരുവനന്തപുരം : പുരാവസ്‌തു തട്ടിപ്പുകേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിനെതിരെ സ്വീകരിക്കുമെന്ന്‌ പറഞ്ഞ നിയമനടപടി ഏതുവരെയായെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ വ്യക്തമാക്കണമെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം ആവശ്യപ്പെട്ടു. മോൻസണിനെതിരെ പോക്‌സോ കേസടക്കം പുതിയ വിവരങ്ങളാണ്‌ പുറത്തുവരുന്നത്‌. ചോദ്യങ്ങളിൽനിന്ന്‌ ഒളിച്ചോടിയിട്ടോ മാധ്യമപ്രവർത്തകരോട്‌ കയർത്തിട്ടോ കാര്യമില്ല.

പുതുതായി പുറത്തുവരുന്ന സംഭവങ്ങളിൽ തനിക്കുള്ള പങ്ക്‌ സുധാകരൻ വ്യക്തമാക്കണമെന്നും റഹിം ആവശ്യപ്പെട്ടു. പേരൂർക്കടയിൽ അമ്മയിൽനിന്ന്‌ കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ അമ്മയ്‌ക്കൊപ്പമാണ്‌ ഡിവൈഎഫ്‌ഐ. വിഷയം നിയമപരമായി പരിഹരിക്കണം. സംഭവത്തിൽ ശിശുക്ഷേമ സമിതിക്കെതിരെ മാധ്യമങ്ങൾ ഏകപക്ഷീയമായി വാർത്ത നൽകുകയാണ്‌. ദത്തെടുക്കൽ സംബന്ധിച്ച്‌ പല കാര്യങ്ങളും പുറത്തുപറയാൻ ജനറൽ സെക്രട്ടറിക്ക്‌ നിയമപരമായ പരിമിതിയുണ്ട്‌.

സർക്കാരിനും അധികൃതർക്കും വ്യക്തമായ മറുപടി നൽകും. സമിതിക്ക്‌ വീഴ്‌ചയുണ്ടായോ എന്ന്‌ സർക്കാർ പരിശോധിക്കുന്നുണ്ട്‌. അജിത്തും അനുപമയും നിലവിൽ ഡിവൈഎഫ്‌ഐ ഭാരവാഹികളല്ല. വിഷയം രാഷ്ട്രീയമായി പരിഹരിക്കേണ്ടതല്ല. ഡിവൈഎഫ്‌ഐയെ വലിച്ചിഴയ്‌ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here