തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ചർച്ച നടത്തുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്‌നാട് – കേരള മുഖ്യമന്ത്രിമാരുടെ ചർച്ച ഡിസംബറിൽ നടക്കുമെന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച തർക്കം വീണ്ടും സുപ്രീം കോടതിയിൽ എത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് ജലവിഭവ മന്ത്രിയുടെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച തീരുമാനം ഉടൻ കൈക്കൊള്ളണമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി കേരളവും തമിഴ്‌നാടും വിഷയം ചർച്ച ചെയ്ത് തീരുമാനം സ്വീകരിക്കണമെന്ന് പറഞ്ഞിരുന്നു.

രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ ധാരണയുണ്ടാകും. പുതിയ അണക്കെട്ട് നിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. തമിഴ്‌നാടുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. മുഴുവൻ സമയവും സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കൂടുതൽ വെള്ളം കൊണ്ടുപോകാനും സ്പിൽ വേ ഷട്ടറുകൾ ഉയർത്തി അധികജലം പുറത്തേക്ക് ഒഴുക്കിക്കൊണ്ട് പോകേണ്ട അവസ്ഥയുണ്ടായാൽ 24 മണിക്കൂർ മുൻപ് തന്നെ അറിയിപ്പ് ലഭ്യമാക്കാനും നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എല്ലാവിധ നടപടികളും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകും. അണക്കെട്ടിലെ ജലനിരപ്പ് 139.99 അടിയായി ക്രമീകരിക്കാൻ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നടന്ന കേരളം ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.

റൂൾ കർവ് വിഷയത്തിലും മന്ത്രി പ്രതികരണം നടത്തി. 200 മില്യൺ ക്യുബിൻ മീറ്റർ ശേഷിയുള്ള അണക്കെട്ടിൽ റൂൾ കർവ് വേണമെന്ന് കേന്ദ്ര ജലകമ്മീഷന്റെ റിപ്പോർട്ടിൽ ആവശ്യം ഉയർന്നിരുന്നു. 2014 ജൂലൈ പതിനേഴിന് നടന്ന മേൽ നോട്ട സമിതിയുടെ രണ്ടാമത്തെ യോഗം മുതൽ റൂൾ കർവ് തയ്യാറാക്കാൻ കേരളം തമിഴ്‌നാടിനോട് തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട് സർക്കാരിനോട് മേൽ നോട്ട സമിതി ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സുപ്രീം കോടതിയിൽ ഡോ. ജോ ജോസഫ് ഫയൽ ചെയ്ത് റിട്ട് പെറ്റീഷനിൽ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് തമിഴ്‌നാട് തയ്യാറാക്കിയ റൂൾ കർവും ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂളും 2021 മാർച്ചിൽ കേരളത്തിന് കൈമാറി. എന്നാൽ തമിഴ്‌നാട് നൽകിയ നൽകിയ റൂൾ കർവ് സ്വീകാര്യമല്ലാത്തതിനാൽ കേരളം റൂൾ കർവ് തയാറാക്കുകയും കേന്ദ്ര ജല കമ്മീഷനും മേൽനോട്ട സമിതിക്കും നൽകുകയും ചെയ്തു. കേന്ദ്രജല കമ്മിഷൻ ഇത് സുപ്രീംകോടതിയിൽ ഫയൽ ചെയ്തിട്ടുണ്ടെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

ജലനിരപ്പ് എത്രയാകണമെന്ന് കോടതിയിൽ വാദിക്കാതെ തമിഴ്‌നാടുമായി ചർച്ച ചെയ്യാൻ തയ്യാറാകണമെന്നും ഇതൊരു രാഷ്ട്രീയ വിഷയമാക്കരുതെന്നും സുപ്രീം കോടതിക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിഷയം കേരളവുമായും മേൽനോട്ട സമിതിയുമായും ആലോചിക്കുമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിനോട് ചേർന്നുള്ള പ്രദേശത്തെ ആളുകൾ ഭീതിയിലാണെന്നും ജലനിരപ്പ് 139 അടിയാക്കി ജലനിരപ്പ് നിർത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. എന്നാൽ ജലനിരപ്പ് 139 അടിയാക്കി നിർത്തേണ്ട അടിയന്തര സാഹചര്യമുണ്ടോ എന്ന് ചോദിച്ച കോടതി മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here