തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്. മുൻ നേതാവിനെ തിരികെകൊണ്ടുവരാനുള്ള ശ്രമം കോൺഗ്രസ് ശക്തമാക്കിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലുള്ള കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തിരുവനന്തപുരത്ത് എത്തിയ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക. എ കെ ആൻറണി ചെറിയാൻ ഫിലിപ്പുമായി സംസാരിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

എ കെ ആൻറണിയുമായി സംസാരിച്ച ചെറിയാൻ ഫിലിപ്പ് ഉപാധികളില്ലാതെ മടങ്ങിവരാൻ തയ്യാറാണെന്നാണ് അറിയിച്ചതെന്നും ഏഷ്യാനെറ്റ് റിപ്പോർട്ടിലുണ്ട്. എന്നാൽ മടങ്ങിവരുന്ന ചെറിയാൻ ഫിലിപ്പിന് കോൺഗ്രസ് പദവി നൽകാനാണ് സാധ്യത. ഇതിലൂടെ പാർട്ടി വിട്ട് പോയ നേതാക്കൾക്കുള്ള സന്ദേശം നൽകുകയാകും നേതൃത്വം ലക്ഷ്യമിടുന്നത്.

സി പി എം ചെറിയാൻ ഫിലിപ്പിന് രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോൾ തന്നെ അദ്ദേഹം പുതിയ നിലപാട് സ്വീകരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞദിവസം ഉമ്മൻ ചാണ്ടിയുമായി വേദി പങ്കിടുകയും എടുത്ത് ചാടി എല്ലൊടുഞ്ഞുവെന്ന് പറയുകയും ചെയ്തതോടെ ഇദ്ദേഹത്തെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് സംസ്ഥാന ഘടകം വേഗത്തിലാക്കുകയാണ്.

മുൻ ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടിവിട്ട സാഹചര്യത്തിൽ ചെറിയാൻ ഫിലിപ്പിനെ പോലുള്ളവരെ മടക്കികൊണ്ടുവരുന്നതിലൂടെ പാർട്ടിവിട്ട നേതാക്കൾക്കുള്ള സന്ദേശമാകും കെപിസിസി നേതൃത്വം ലക്ഷ്യമിടുന്നത്.

സി പി എം നേതൃത്വവുമായി അകന്നു നിൽക്കുകയും സ്വതന്ത്രരാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കൊപ്പം ചെറിയാൻ ഫിലിപ്പ് വേദി പങ്കിട്ടത്. കേരള സഹൃദയ വേദിയുടെ പുരസ്‌കാര വിതരണ ചടങ്ങിലായിരുന്നു ഇത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്നാണ് ചെറിയാൻ ഫിലിപ്പ് പുരസ്‌കാരം സ്വീകരിച്ചത്.

ഉമ്മൻ ചാണ്ടി തൻറെ രക്ഷകർത്താവാണെന്നായിരുന്നു ചടങ്ങിൽ ചെറിയാൻ ഫിലിപ്പ് പറഞ്ഞത്. ആ രക്ഷകർത്താവ് ഇപ്പോഴും വേണം. താനൊരു എടുത്തു ചാട്ടക്കാരനാണ്. എന്നാലിപ്പോൾ എടുത്തുചാട്ടക്കാരൻറെ എല്ലൊടിഞ്ഞ അവസ്ഥയിലാണ്. കേരളത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here