തിരുവനന്തപുരം: കെ എസ് ആർ ടി സി ശമ്പള പരിഷ്‌കരണ ചർച്ച വേഗത്തിലാക്കൻ മന്ത്രിതല ചർച്ചയിൽ മുഖ്യമന്ത്രി നിർദേശം നൽകി. മധ്യപ്രദേശ് മോഡൽ യൂണിയനുകളുമായി ചർച്ച ചെയ്യണമെന്നാണ് യോഗത്തിൽ മുന്നോട്ടുവന്ന പ്രധാന നിർദേശം. ശമ്പള പരിഷ്‌കരണം  അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതിനാൽ അധിക ജീവനക്കാർക്ക് 50 ശതമാനം ശമ്പളം നൽകി ലീവിൽ പോകാൻ അനുവദിക്കുന്നതാണ് മധ്യപ്രദേശ് മോഡൽ. മന്ത്രിമാരുടെ ചർച്ചയിൽ മുഖ്യമന്ത്രിയാണ് നിർദ്ദേശം മുന്നോട്ടു വെച്ചത്. മുഖ്യമന്ത്രി ഇന്ന് ധന-ഗതാഗതമന്ത്രിമാരുമായി ചർച്ച നടത്തി.  

കണ്ടക്ടർ മെക്കാനിക്കൽ വിഭാഗത്തിൽ 7500-ഓളം  ജീവനക്കാർ അധികമുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം മധ്യപ്രദേശ് മോഡൽ അടിചേൽപ്പിക്കില്ലെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.  ജീവനക്കാർക്ക് ആവശ്യമെങ്കിൽ ഇത് സ്വീകരിക്കാം. കെ എസ് ആർ ടി സി എം ഡി യൂണിയനുകളുമായി ചർച്ച തുടരും. ധനമന്ത്രിയും ഗതാഗത മന്ത്രിയും നാളെ വീണ്ടും ചർച്ച നടത്തും. കെ എസ് ആർ ടി സിയിലെ ശമ്പള പരിഷ്‌ക്കരണ ചർച്ച തുടരാൻ സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്.  ശമ്പള പരിഷ്‌കരണം അനിശ്ചിതമായി വൈകുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകൾ നവംബർ അഞ്ചിന് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സർക്കാർ നീക്കം.

ഭരാണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷൻ നവംബർ അഞ്ചിനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആർടിസി കടന്നുപോകുന്നത്. ഒക്ടോബർ മാസം അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കുമ്പോഴും കെഎസ്ആർടിസിയിൽ ഈ മാസത്തെ പെൻഷൻ വിതരണം ചെയ്തിട്ടില്ല.

പെൻഷൻ വിതരണം ചെയ്ത വകയിൽ സഹകരണ ബാങ്കുകൾക്ക് സർക്കാരിൽ നിന്നും മൂന്നുമാസത്തെ കുടിശികയുണ്ട്. ഇത് ലഭിക്കാതെ തുടർന്ന് പെൻഷൻ നൽകാനാകില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്. പണം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പിൻറെ വിശദീകരണം. പത്തുവർഷം മുമ്പുള്ള ശമ്പളമാണ് ജീവനക്കാർക്ക് ഇപ്പോഴും ലഭിക്കുന്നത്. പുതിയ കമ്പനിയായ കെ സ്വിഫ്റ്റിനെച്ചൊല്ലി ശമ്പള പരിഷ്‌കരണ ചർച്ചകൾ വഴി മുട്ടി. സെപ്റ്റംബർ 20 ന് ശേഷം ഇതുവരെ ചർച്ച നടന്നിട്ടില്ല.

7500 ത്തോളം ജീവനക്കാർ നിലവിലെ സാഹചര്യത്തിൽ കൂടുതലാണെന്ന് കെ എസ് ആർ ടി സി വിലയിരുത്തിയിട്ടുണ്ട്. വരുമാനത്തിൽ നിന്ന് ശമ്പളച്ചെലവ് കണ്ടെത്താൻ സാധിക്കാത്ത  സാഹചര്യത്തിൽ ലേ ഓഫ് വേണ്ടി വരുമെന്ന് എംഡി സർക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നയപരമായി തീരുമാനമെടുത്തിട്ടില്ലെങ്കിലും ഈ നിർദ്ദേശം പരിശോധിക്കുകയാണെന്ന് സർക്കാർ നിയമസഭയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

കെ എസ് ആർ ടി സിയിലെ ശമ്പളപരിഷ്‌കരണം ചർച്ച ചെയ്യാൻ എംഡി വിളിച്ച് ചേർത്ത യോഗത്തിൽ തീരുമാനമായിരുന്നില്ല.. പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളി യൂണിയനുകൾ  അറിയിക്കുകയായിരുന്നു. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബർ അഞ്ച് , ആറ് തിയതികളിലും എംപ്‌ളോയീസ് സംഘ് നവംബർ അഞ്ചിനും പണിമുടക്കും. ഭരാണാനുകൂല സംഘടനയായ എംപ്‌ളോയീസ് അസോസിയേഷൻ നവംബർ അഞ്ചിനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here