കോഴിക്കോട് : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ നടക്കുന്ന അതിക്രമങ്ങൾക്കും അസമത്വ പ്രവണതകൾക്കും നേരേ സർഗാത്മകമായി പ്രതികരിച്ച് സമസ്തമണ്ഡലങ്ങളിലും സ്ത്രീപുരുഷസമത്വം, തുല്യനീതി എന്നീ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും നടപ്പാക്കു ന്നതിനുമായി സാംസ്കാരിക വകുപ്പ് ആവിഷ്കരിച്ച ‘സമം’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.

തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. സർക്കാരിൻ്റെ നവോത്ഥാന പ്രക്രിയയുമായി ചേർന്നു നിൽക്കുന്നതാണ് സംസ്ഥാനത്തെ സ്ത്രീ പുരുഷ സമത്വമെന്ന് അദ്ദേഹം പറഞ്ഞു. തുല്യ പങ്കാളിത്തം, ലിംഗനീതി എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ നേരത്തെ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും സമം പദ്ധതി നൂതനും വിപുലവുമായാണ് നടത്തുന്നത്.

ആശാൻ, ഉള്ളൂർ, വള്ളത്തോൾ, ശ്രീനാരായണ ഗുരു തുടങ്ങിയവരുടെ ചിന്താധാരകളുടെ കാലിക പ്രസക്തിയാണ് പദ്ധതിയിലൂടെ തെളിയുന്നത്. എല്ലാ പ്രായത്തിലുമുള്ള വനിതകൾക്കും അന്തസ്സായി ജീവിക്കാനുള്ള
പ്രയത്നങ്ങളും ഇടപെടലുകളും നടത്തുന്നതിനുള്ള പദ്ധതി ഏറ്റെടുത്ത സാംസ്കാരിക വകുപ്പിനും ജില്ലയിൽ ഇത് നടപ്പാക്കുന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനും കൃതജ്ഞത അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

സമൂഹത്തിൽ യാഥാസ്ഥിതികമനോഭാവവും പുരുഷാധിപത്യപ്രവണതകളും വളർന്നുവരുന്ന സാഹചര്യത്തിലാണ് സ്ത്രീശക്തീകരണം ലക്ഷ്യമാക്കി സമം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സാംസ്കാരികവകുപ്പിന് കീഴിലുള്ള പ്രമുഖസാംസ്കാരിക സ്ഥാപനങ്ങളാണ് പതിനാല് ജില്ലകളിലും പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

ലിംഗനീതിയും തുല്യപങ്കാളിത്തവും കുടുംബത്തിനകത്തും സമൂഹത്തിന്റെ വിവിധ മേഖലകളിലും സാധ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതാണ് പദ്ധതി.

സമം പദ്ധതിയുടെ കോഴിക്കോട് ജില്ലയിലെ പ്രവർത്തനങ്ങൾ കോർപ്പ റേഷൻ, ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടും ജില്ലയിലെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങൾ, വിദ്യാ ഭ്യാസസ്ഥാപനങ്ങൾ, സംഘടനകൾ, സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ ലൈബ്രറി കൗൺസിൽ, കുടുംബശ്രീ തുടങ്ങിയവയുടെ പങ്കാളിത്തത്തോടും കൂടി ഏകോപിപ്പിക്കുന്നത് കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ടാണ്.

ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യപൂർണമായ കലാ – സാംസ്കാരിക – വിദ്യാഭ്യാസപരിപാടികളും സെമിനാർ – സംവാദങ്ങളുമാണ് മുഖ്യമായും സംഘടിപ്പിക്കുന്നത്.

എഴുത്തച്ഛൻ പുരസ്കാര ജേതാവ് പി.വത്സലയെ ചടങ്ങിൽ ആദരിച്ചു.
കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറും സമം പദ്ധതി ജില്ലാ കോഡിനേറ്ററുമായ എൻ.ജയകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ, ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, ജില്ലാ ലൈബ്രറി കൗൺസിൽസെക്രട്ടറി കെ. ദിനേശൻ,ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എഡി.അസിസ്റ്റന്റ് എം.പി.ബീന,സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ദിപു പ്രേംനാഥ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി.സി.കവിത, കലാമണ്ഡലം ജൂബി തുടങ്ങിയവർ സംസാരിച്ചു.

‘സ്ത്രീയും ലിംഗനീതിയും’ എന്ന വിഷയത്തിൽ മലയാളം സർവകലാശാല അസ്സോ.പ്രൊഫസർ ഡോ. എം.ജി.മല്ലിക സെമിനാർ അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here