മലയാളികൾ ഇന്നും പാടിനടക്കുന്ന എണ്ണമറ്റ ഗാങ്ങളുടെ രചയിതാവായിരുന്നു ബിച്ചു തിരുമല. പല ഈണങ്ങളിൽ രചിഭേദങ്ങൾക്ക് അനുസരിച്ച് അദ്ദേഹം പാട്ടുകളെഴുതിയപ്പോൾ അവ മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട മനോഹര ഗാനങ്ങളായി മാറി. സംഗീത ശുദ്ധമായ സാഹിത്യം എപ്പോഴും ബിച്ചുവിന്റെ വരികളിൽ നിറഞ്ഞു നിന്നിരുന്നു. തത്വചിന്തയും പ്രണയവും വിരഹവും താരാട്ടും തമാശയും പുതിയ ഭാവങ്ങളിൽ അദ്ദേഹം എഴുതി.

ബിച്ചു തിരുമലയുടെ ആദ്യഗാനം ആലപിച്ചത് ഗാനഗന്ധർവ്വൻ യേശുദാസാണ്. 1970-ൽ ‘ഭജഗോവിന്ദം’ എന്ന സിനിമയിലെ ‘ബ്രാഹ്‌മമുഹൂർത്തത്തിൽ പ്രാണസഖീ പല്ലവി പാടിയ നേരം…’ എന്ന പാട്ടായിരുന്നു അത്. ആ പാട്ട് ആസ്വാദകർ ഹൃദയത്തിലേറ്റുവാങ്ങിയെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. സഹോദരിയും പിന്നണി ഗായികയുമായ സുശീലാദേവി മത്സരത്തിൽ പാടി ഒന്നാംസമ്മാനം നേടിയ പാട്ട് പതിനേഴാം വയസ്സിലാണ് ബിച്ചു തിരുമല എഴുതിയത്. പിന്നീട് 420 ചിത്രങ്ങൾക്കുവേണ്ടി രചിച്ചതടക്കം മൂവായിരത്തിലധികം ഗാനങ്ങൾ ഇദ്ദേഹത്തിന്റെ തൂലികയിൽ പിറന്നു.

‘മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ’ എന്ന് ബിച്ചു തിരുമല എഴുതിയപ്പോൾ മലയാളികളികളുടെ കണ്ണുകളെ ഈറണിയിച്ചു. നൊമ്പരമായ് മാറിയ ഈ വാക്കുകൾ എഴുതിയ ബിച്ചു, പച്ചക്കറിക്കായ തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി എന്നുമെഴുതി ആസ്വാദകരെ രസിപ്പിച്ചു. യോദ്ധയിലെ ‘പടകാളി ചണ്ഡി ചങ്കരി പോർക്കലി മാർഗിനി ഭഗവതി’ എത്ര തവണ കേട്ടാലും ചിരിച്ചു പോവും.

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ, കിലുകിൽ പമ്പരം തിരിയും മാനസം’ തുടങ്ങിയ സ്നേഹഗീതങ്ങൾ അദ്ദേഹം എഴുതിയപ്പോൾ, അവ ഹിറ്റ് ചാർട്ടിൽ രേഖപ്പെടുത്തി. കണ്ണാംതുമ്പീ പോരാമോ, ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ എന്നും ആരാരോ ആരിരാരോ എന്നും വാത്സല്യക്കടലായ കവി, ഒറ്റക്കമ്പി നാദം മാത്രം, പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു, സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളെ, തുടങ്ങിയവ എഴുതി അദ്ദേഹം നിത്യ കാമുകനുമായി മാറി. ലളിതഗാനങ്ങളും ഹിന്ദു-ക്രൈസ്തവ-മുസ്ലിം ഭക്തിഗാനങ്ങളും അദ്ദേഹം അനായാസമായി എഴുതി. മലയാളികളുടെ മനസ്സിൽ നൊമ്പരമുണർത്തി എഴുത്തിന്റെ ലോകത്ത് നിന്നും പ്രിയ രചയിതാവ് മൺമറയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here