രാജേഷ് തില്ലങ്കേരി


കോൺഗ്രസിൽ ഗ്രൂപ്പ് പോരാട്ടം ഒരിടവേളയ്ക്ക് ശേഷം ശക്തമായിരിക്കയാണ്. കെ സുധാകരന്റെ നേതൃത്വത്തിനെതിരെ ശക്തമായ നിലപാടാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി സ്വീകരിച്ചിരിക്കുന്നത്. തന്നോട് ആലോചിക്കാതെയാണ് കോൺഗ്രസ് നേതൃത്വം തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നാണ് ഉമ്മൻ ചാണ്ടിയുടെ സ്ഥിരം പരാതി. ചാണ്ടിക്ക് കൂട്ടായി ചെന്നിത്തല ഗാന്ധിയുമുണ്ട്. മുഖ്യമന്ത്രിയാവാനായി കുപ്പായം തുന്നിയ മുൻ പ്രതിപക്ഷ നേതാവിന് ഇത് പകയാണ്. എന്നാൽ ഉമ്മൻ ചാണ്ടിക്ക് ഇത് ഗ്രൂപ്പാണ്. ഗ്രൂപ്പും ട്രൂപ്പും കളിച്ച് പരസ്പരം കാലുവാരിയും കാലുവെട്ടിയും ആണ് കോൺഗ്രസ് ഈ ഗതികേടിലെത്തിയതെന്ന് ഈ നേതാക്കൾക്കൊഴികെ മറ്റെല്ലാവർക്കും അറിയാവുന്നതാണ്. ശത്രുവെ ശത്രുവിനെ കൊണ്ട് നേരിടുന്ന ഡിങ്കന്റെ നയങ്ങളാണ് ഉമ്മൻ ചാണ്ടി നടപ്പാക്കുന്നത്. നേരത്തെ ബദ്ധവൈരിയായിരുന്ന രമേശ് ചെന്നിത്തലയെ കൂട്ടുപിടിച്ചാണ് ഉമ്മൻ ചാണ്ടി പോരാട്ടം നടത്തുന്നത്.


പുതിയ പ്രതിപക്ഷനേതാവിനെ പ്രഖ്യാപിച്ചതോടെയാണ് രമേശ് ചെന്നിത്തല ഇടഞ്ഞത്.  കെ പി സി സി ഭാരവാഹികളെ തീരുമാനിച്ചതോടെ ഉമ്മൻ ചാണ്ടിയും ഇടഞ്ഞു. ഇടഞ്ഞ കൊമ്പൻമാരെ തളയ്ക്കുകയെന്നതായി ഹൈക്കമാന്റിന്റെ ജോലി. പരാതിയോട് പരാതി. ഡി സി സി ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോഴും അതു തുടർന്നു. ഇവിടെ ഒന്നും കിട്ടീല്ലാ…. എന്നാണ് ഇവരുടെ പരാതി.

കെ സുധാകരൻ നയിക്കുന്ന കെ പി സി സി യുമായി ഐക്യപ്പെടാൻ ഇരു നേതാക്കൾക്കും പറ്റുന്നില്ലത്രേ… ഇവർക്കു മാത്രമല്ല പ്രശ്‌നം. മുൻ കെ പി സി സി അധ്യക്ഷൻമാരായ വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ മാർക്കും ഈ പ്രശ്‌നമുണ്ട്. എല്ലാ പദവികളും രാജിവച്ച് ബഹളമുണ്ടാക്കി നോക്കിയെങ്കിലും സുധീര ഗാന്ധിയെ ആരും അത്ര ഗൗനിച്ചില്ലത്രേ… പാവം.


മുല്ലപ്പള്ളി മുറിയൻ ഇംഗ്ലീഷുമായി ഇടയ്ക്ക് ചുറ്റിത്തിരിയുന്നതൊഴിച്ചാൽ വലിയ കുഴപ്പമില്ലാതെ പോവുകയാണ്. ഇടയ്ക്ക് കിങ്ങിണിക്കുട്ടനും ചൊടിക്കും, പ്രതിഷേധിക്കും.
എന്നാൽ പുതുപ്പള്ളി ഗാന്ധിയുടെ രോഷമാണ് എത്ര ആലോചിച്ചിട്ടും പിടികിട്ടാത്തത്. സ്വന്തം ഗ്രുൂപ്പു നേതാക്കളായ തിരുവഞ്ചൂരടക്കം പുതിയ നേതൃത്വവുമായി സമരസപ്പെടാൻ തീരുമാനിച്ചിട്ടും, ഉമ്മൻ ചാണ്ടി പിന്നെയും പ്രതിസന്ധി സൃഷ്ടിക്കുന്നത് ആർക്കു വേണ്ടിയാണെന്നുമാത്രം ആർക്കും പിടികിട്ടുന്നില്ല. രണ്ട് ടേം മഖ്യമന്ത്രിയായി. എ ഐ സി സി ഭാരവാഹിയായി. കിട്ടാവുന്നതെല്ലാം വാങ്ങിയെടുത്തു. കെ കരുണാകരനും ആന്റണിക്കും പറ്റാത്തുവുന്ന രീതിയിലെല്ലാം പാരവച്ച് രസിച്ചു എന്നിട്ടും അരിശം തീരുന്നില്ലെന്നത് അത്ഭുതകരമാണ് കുഞ്ഞൂഞ്ഞുസാറേ….

ചെന്നിത്തല സാറിന്റെ അവസ്ഥയാണ് ഏറ്റവും ദയനീയം. അഞ്ചു കൊല്ലം വെട്ടിയ വിറകിന്റെയും വെള്ളത്തിന്റെയും കണക്കു നോക്കിയാൽ ഇപ്പോൾ മുഖ്യമന്ത്രി കസേരയിൽ ആറുമാസം തികയേണ്ടതാണ്, എന്തു ചെയ്യാം. ഓട്ടപ്പാത്രത്തിൽ വെള്ളം കോരിയ അനുഭവമാണ് ഈ തികഞ്ഞ ഗാന്ധീയന്റേത്. ഒന്നുമില്ല, ശൂന്യം…

കേരളത്തിലെ കോൺഗ്രസിന്റെ മാത്രമല്ല, യു ഡി എഫിന്റെ മൊത്തത്തിൽ സ്ഥിതി ദയനീയമാണ്.  അതിനിടയിലാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കോൺഗ്രസിൽ കലാപവുമായി നീങ്ങുന്നത്. കോൺഗ്രസിൽ എന്ത് ഗ്രൂപ്പിസമുണ്ടായാലും അത് മുന്നണിയെ ബാധിക്കാറില്ല. ഇപ്പോഴിതാ മുന്നണിയെയും ഈ നേതാക്കൾ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. സർക്കാരിനെതിരെ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോവാനുള്ള യു ഡി എഫ് തീരുമാനം കൈക്കൊള്ളുന്ന യോഗത്തിൽ പോലും ചാണ്ടിയും ചെന്നിത്തലയും പങ്കെടുത്തില്ല. ഹൈക്കമാന്റിനെ പരാതി അറിയിക്കുകയും ഒപ്പം കേരളത്തിൽ പാരപണിയുകയും ചെയ്യുകയെന്ന മഹത്തായ കലാപരിപാടിയാണ് ഈ തലമുതിർന്ന നേതാവും തലകറുപ്പിക്കുന്ന നേതാവും ചെയ്യുന്നത്. എലിയെ കൊല്ലാനായി ഇല്ലം ചുടുന്ന ചാണ്ടിത്തലയ്ന്മാരെ കോൺഗ്രസ് എന്ന മതിൽ ഇല്ലാതാവുകയാണ്. എവിടെ നിങ്ങൾ പോസ്റ്റർ ഒട്ടിക്കും.


അട്ടപ്പാടിയിൽ നടക്കുന്നത് എന്താണ് സാർ….ആദിവാസി ക്ഷേമ പദ്ധതികൾ അട്ടിമറിക്കുന്നത് ആരാണ്..


അട്ടപ്പാടി കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവസികൾ അധിവസിക്കുന്നി ഇടമാണ്. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നിന്നും ശിശു മരണവാർത്തകൾ കേൾക്കുന്നത് ഇത് ആദ്യമായല്ല. കോടികൾ ആദിവാസി ക്ഷേമ പദ്ധതികൾക്കായി ചിലവഴിക്കുമ്പോഴും അതൊന്നും ആദിവാസികൾക്കിടയിൽ എത്തുന്നില്ലെന്നുള്ള പരാതി കേൾക്കാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ടാവുന്നു. മാറി മാറി വരുന്ന സർക്കാരുകളൊന്നും ആദിവാസി ക്ഷേമ പദ്ധതികൾ നേരാംവണ്ണമാണോ നടക്കുന്നതെന്ന് അന്വേഷിക്കാറില്ല. കടലിൽ കല്ലിടുന്നതുപോലുള്ള പരിപാടിയാണ് ആദിവാസികളുടെ ക്ഷേമ പദ്ധതി നടത്തിപ്പ്. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ വിഹിതം കൃത്യമായി വാങ്ങിച്ചെടുക്കാൻ സംവിധാനമുണ്ടെങ്കിലും അതൊന്നും അട്ടപ്പാടിയിൽ എത്താറില്ല.
 

ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ എത്തേണ്ട കോടികൾ എവിടെ വച്ചാണ് ചോരുന്നതെന്ന് ആരും അന്വേഷിക്കാറില്ല. കാരണം ഈ ചോർച്ചയ്ക്ക് നേതൃത്വം കൊടുക്കുന്നവരിൽ എല്ലാവരും ഉണ്ട്. ആശുപത്രികളുടെ സ്ഥിതി പരമദയനീയമാണ്. പോഷകാഹാര കുറവാണ് ശിശുമരണത്തിന് പ്രധാനമായ കാരണം. ആദിവാസി സ്ത്രീകളിൽ ഉണ്ടാവുന്ന പ്രധാന രോഗം വിളർച്ചയാണ്. മദ്യപാനമാണ് ആദിവാസി ഊരുകളിലെ ഏറ്റവും വലിയ സാമൂഹ്യ പ്രശ്‌നമെന്നാണ് എന്നും പരാതി. ആരാണ് മദ്യനിരോധിത മേഖലയിൽ മദ്യം സുലഭമായി വിതരണം ചെയ്യുന്നത്. എന്തെല്ലാം സർക്കാർ സംവിധാനങ്ങളുണ്ട് ഇതൊക്കെ തടയാൻ. എന്തു കൊണ്ടാണ് ഒരു സർക്കാരിനും വിഷയത്തിൽ തീർപ്പു കൽപ്പിക്കാൻ പറ്റാതെ പോയത്.

അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി പദ്ധതി വിഹിതമായി മാറ്റി വെക്കുന്ന പണം ആരാണ് കൊ്ണ്ടുപോയത്. സി പി എം നേതാവും മുൻ മന്ത്രിയുമായിരുന്ന എ കെ ബാലനും, ഇപ്പോഴത്തെ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനുമടത്തമുള്ളവർ ഈ വിഷയത്തിൽ വ്യക്തമായ മറുപടി പറയണം. നവജാത ശിശുമരണം റിപ്പോർട്ടു ചെയ്യുന്ന വേളയിൽ കുറേ മന്ത്രിമാർ അട്ടപ്പാടിയിലേക്ക് വണ്ടി ഓടിച്ചതുകൊണ്ട് എന്താണ് പ്രയോജനം. വലിയ പ്രഖ്യാപനങ്ങൾ നടത്തുക മാത്രമാണ് മന്ത്രിമാരുടെ രീതി. അട്ടപ്പാടിയിൽ കൃത്യമായ സർക്കാർ ഇടപടെൽ ഇനിയെങ്കിലും ഉണ്ടാവേണ്ടതാണ്.  


ഈ അധ്യാപകരെ ആരാണ് പഠിപ്പിക്കുക

വക്‌സിൻ എടുക്കാത്ത 5000 അധ്യാപകരുണ്ടത്രെ കേരളത്തിൽ. കൊവിഡിന്റെ ദുരിതത്തിൽ നിന്നും പയ്യേ കരകയറാനുള്ള ശ്രമത്തിലാണ് ലോകം. ഒന്നര വർഷം അടഞ്ഞു കിടന്ന കലാലയങ്ങൾ പതുക്കെ തുറന്നു. വാക്‌സിൻ നിർബന്ധമായും എടുത്തുവേണം സ്‌കൂൾ തുറക്കുമ്പോൾ അധ്യാപകർ എത്തേണ്ടതെന്ന് അധ്യാപകരെ പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. എന്നിട്ടും ഇത്രയും അധ്യാപകർ വാക്‌സിൻ എടുത്തില്ല. കൊവിഡിനെ ചെറുക്കാൻ ലോകം മൊത്തം ഒറ്റക്കെട്ടായി മുന്നേറുമ്പോൾ ഈ ലോകത്തു നടക്കുന്നതൊന്നും ഞാൻ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന അധ്യാപകരെ നാം എന്താണ് വിളിക്കേണ്ടത്.


വാക്‌സിൻ എടുക്കാത്തതിനായി പറയുന്ന ഒരു ന്യായമാണ് ആർക്കും മനസിലാവാത്തത്. മതപരമായ കാരണങ്ങളാൽ വാക്‌സിൻ എടുത്തില്ലെന്നത്. അലർജി, ആരോഗ്യ പ്രശ്‌നങ്ങൾ പോലെതന്നെയാണ് മതപരമായ കാരണങ്ങളാൽ എന്നു വിചാരിക്കാൻ കഴിയുമോ.

ഇവർക്കെതിരെ എന്തായാലും ശക്തമായ നടപടിയുണ്ടാവുമെന്നാണ് വകുപ്പ് മന്ത്രി പറയുന്നത്. ഇത്രയും ബുദ്ധിയില്ലാത്തവർ പഠിപ്പിക്കുന്ന വിദ്യാലയത്തിന്റെ അവസ്ഥ, ആ വിദ്യാർത്ഥികളുടെ അറിവ് ഒക്കെ പ്രശ്‌നമല്ലേ… സാർ…


മുല്ലപ്പെരിയാർ ജലബോംബാണെന്ന് എം എം മണി


അതാണ് ഇടുക്കിക്കാർക്ക് മണിയാശാനെ പണ്ടുമതലേ ഇഷ്ടം. എന്തും വെട്ടിത്തുറന്ന് പറയും, അതിൽ ഒരു ഭയവുമില്ല. വൺ ടൂ ത്രീ കേസും ഗുലുമാലും ഒക്കെ ഉണ്ടായത് ഈ നിഷ്‌ക്കളങ്കമായ രീതികൊണ്ടാണെന്നാണ് മണിയാശാൻ ഫാൻസുകാർ പറയുന്നത്. മൂന്നാർ കയ്യേറ്റവുമായി ബന്ധപ്പെട്ട് മണി ആശാൻ നടത്തിയ പദപ്രയോഗങ്ങളും ഏറെ വിവാദമായി. എന്നാൽ അതൊന്നും മണിയാശാന്റെ ജനപ്രീതിക്ക് കോട്ടമുണ്ടാക്കിയില്ലെന്ന് ആശാനു കിട്ടിയ വോട്ടുതന്നെ തെളിവായി.

ഇപ്പോഴിതാ മണിയാശാൻ മുല്ലപ്പെരിയാർ ജല ബോംബാണെന്ന് പറഞ്ഞിരിക്കുന്നു. കാറൽ മാർക്‌സ് മുത്തപ്പൻ പോലും പിണറായിക്ക് എതിരായി ഒന്നും പറയാത്ത കാലത്താണ് മണിയാശാൻ മുഖ്യമന്ത്രിയുടെ നിലപാടിനെ ശക്തമായി തള്ളിക്കളഞ്ഞത്. മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ട് ഏറെ കാലമായിട്ടില്ല. എന്നാൽ മണിയാശാൻ പറയുന്നു, ടോട്ടൽ പൊള്ളയാണ് ഡാമെന്ന്. ശർക്കരയും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ സുർക്കി ഉപയോഗിച്ച് നിർമ്മിച്ച മുല്ലപ്പെരിയാർ ഡാം വലിയ അപടമാണ് ഉണ്ടാക്കുകയെന്നും, കേരളീയർ വെള്ളത്തിൽ അകപ്പെട്ടും, തമിഴ് നാട്ടുകാർ വെള്ളം കുടിക്കാതെയും മരിക്കുമെന്നുമാണ്.
എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ഭരണാധികാരികൾ സത്യം പറയാത്തതെന്നാണ് ഉയരുന്ന സംശയം. എം എം മണി മന്ത്രിയായിരിക്കെ സത്യം പറഞ്ഞിരുന്നില്ല. ആശങ്കയിൽ ജീവിക്കുന്ന ഒരുകൂട്ടം ജനത എന്തു ചെയ്യണമെന്ന് എം എം മണിയുടെ നേതാവ് പറയുമോ ?

 
ക്രിമിനലുകൾ പറയുന്നു പൊലീസിനെ നമ്മൾ പേടിക്കേണ്ടെന്ന്


കൊച്ചിയിൽ രണ്ട് മോഡലുകൾ ഉൾപ്പെടെ മൂന്നു പേരുടെ അപടമരണത്തിന്റെ ദുരൂഹതകൾ നീക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു മാസമായി ദുരന്തം നടന്നിട്ട്. ഹോട്ടലിലെ സി സി ടിവി ദൃശ്യങ്ങൾ കണ്ടെടുക്കുന്നതിലും, സംഭവത്തിൽ മറ്റെന്തെങ്കിലും ഉന്നത ഇടപെടലുകൾ നടന്നുവോ തുടങ്ങിയ സംശയങ്ങൾക്കും വകനൽകുന്ന ഒട്ടേറെ അനുബന്ധ സംഭവങ്ങളും അരങ്ങേറി. ഇപ്പോൾ ഓഡി കാറിൽ മോഡലുകളെ പിന്തുടർന്ന സൈജുവിനെയാണ് പൊലീസ് പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത്. സൈജു ലഹരി മാഫിയയുടെ പ്രധാന കണ്ണിയാണെന്നാണ് പറയുന്നത്. നിരവധി പെൺകുട്ടികളെ ലഹരിക്ക് അടിമയാക്കിയതായി പൊലീസിന് വിവരം ലഭിച്ചു വെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്തകൾ വരുന്നത്. 
പൊലീസിന്റെ വലയിൽ ഇത്തരം വമ്പൻമാരൊന്നും ഒരിക്കലും പെടാത്തത് എന്തു കൊണ്ടാണെന്ന സംശയത്തിന് സൈജുതന്നെ മറുപടി പറയും. പൊലീസിനെ ഭയക്കേണ്ടതില്ല, കാരണം അവരൊക്കെയുമായി നമുക്ക് നല്ല ബന്ധമാണെന്നാണ്. ഫോറസ്റ്റിൽ കയറി വന്യമൃഗത്തെ വേട്ടയാടാനും നാടു നിറയെ ലഹരി പാർട്ടികൾ സംഘടിപ്പിക്കാനും സൈജുവിനും സംഘത്തിനും ശക്തിനൽകുന്ന പൊലീസ് ഉദ്യോഗസ്ഥർ ആരൊക്കെയാണെന്ന് എന്നെങ്കിലും പുറത്തുവരുമോ, മോൻസന്റെ വീട്ടിൽ അലക്കു ജോലി വരെ ചെയ്തിരുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. എല്ലാ തട്ടിപ്പൻമാരുടെയും രക്ഷാധികാരി പൊലീസുകാരായി മാറുന്നത് എന്തു കൊണ്ടാണ്. ഉത്തരം പറയേണ്ടത് സർക്കാരാണ്, അഭ്യന്തര വകുപ്പാണ്. പണമുള്ളവന് എന്തും ചെയ്യും, പണമില്ലാത്തവരെ അനാവശ്യമായി വിരട്ടും ഇതാണ് കേരളാ പൊലീസ്. ലാൽ സലാം സഖാവേ….


ആശ്വാസം , ജോസ് കെ മാണിക്കും ജോലിയായി


ജോസ് കെ മാണി പാലാക്കാരുടെ ഒരു സങ്കടമായി മാറിയിട്ട് മാസങ്ങളായി. ആദ്യം കോട്ടയം എം പിയായിരുന്നു. അപ്പന്റെ തണലിൽ വളർന്നതിനാൽ ചില കുഴപ്പങ്ങളൊക്കെ ഉണ്ടായിരുന്നു. അതിനാൽ നാല് വർഷം കഴിഞ്ഞപ്പോൾ എം പി സ്ഥാനം രാജിവച്ച് രാജ്യസഭാംഗമായി. പിന്നീടാണ് പി ജെ ജോസഫുമായുള്ള തർക്കം രൂക്ഷമാവുന്നത്. എന്തായാലും മാണി സാറിന്റെ മരണത്തോടെ യഥാർത്ഥ കേരളാ കോൺഗ്രസിനെ കണ്ടെത്താനുള്ള മത്സരം ഉണ്ടായി. ആ മത്സരത്തിൽ ഒടുവിൽ ജോസ് മോൻ ജയിച്ചു.
ഇതിനിടയിൽ യു ഡി എഫ് വിട്ടു. കേരളാ കോൺഗ്രസ് എം ചുവന്നു തുടുത്തു. ഇടതു പാളയത്തിൽ എത്തിയതോടെ പാലായിൽ നിന്നും ജയിച്ച്  കേരളത്തിൽ മന്ത്രിയായി സ്വന്തം മണ്ണിൽ സ്‌റ്റേറ്റ് കാറിൽ വന്നിറങ്ങാനുള്ള ആ തന്ത്രം അങ്ങ് പാളി. റോഷി അഗസ്റ്റിനായിരുന്നു അതിനുള്ള ഭാഗ്യം. ഇതോടെ കയ്യിലുണ്ടായിരുന്ന രാജ്യസഭയും പോയി, എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായി. ശത്രുക്കൾ പോലും പരസ്പരം അടക്കം പറഞ്ഞു,. ആ ജോസ് മോൻ സംഭവിച്ചതുപോലുള്ള ദുരന്തം ഒരു രാഷ്ട്രീയക്കാരനും ഉണ്ടാക്കല്ലേ ദൈവമേ എന്ന്. ഒടുവിൽ എ എൽ ഡി എഫ് ജോസ് മോന് തന്നെ രാജ്യസഭാ സീറ്റ് നൽകാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ജോസ് മോൻ വീണ്ടും എം പിയായി. അങ്ങ് ദില്ലിയിലേക്ക് പറക്കുകയും ചെയ്തു. ഇതോടെ ജോസ് മോന് ഒരു ഉണർവ്വൊക്കെ ആയെന്നാണ് കേൾക്കുന്നത്.



വാൽകഷണം : 
കോട്ടയത്തെ ശേഷിച്ച ആ തൊഴിൽ രഹിതന് കൂടി ജോലി ലഭിച്ചിരിക്കുന്നു. ഇതോടെ കോട്ടയം ദരിദ്രരില്ലാത്ത ജില്ലയായി മാറിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here