കൊച്ചി: മോഡലുകളുടെ വാഹനാപകടക്കേസിലെ പ്രതി സൈജു തങ്കച്ചൻ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ. ലഹരിമരുന്ന് പാർട്ടി നടന്ന കൊച്ചിയിലെ ഫ്‌ലാറ്റുകളിൽ പൊലീസും നാർക്കോട്ടിക് സെല്ലും പരിശോധന നടത്തി. സൗത്ത്, മരട്, തേവര, പനങ്ങാട് മേഖലകളിലാണ് പരിശോധന നടന്നത്. ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് ചൂതാട്ട കേന്ദ്രം പ്രവർത്തിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. പിടിക്കപ്പെടാതിരിക്കാനായി പണത്തിന് പകരം എഴുതിയ കാർഡുകളാണ് ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കൊച്ചിയിലെ ഫ്‌ലാറ്റുകളിലും റിസോർട്ടുകളിലും ലഹരിപ്പാർട്ടികൾ നടന്നെന്നായിരുന്നു സൈജു തങ്കച്ചൻറെ മൊഴി. ഇതിൻറെ അടിസ്ഥാനത്തിലാണ് പൊലീസും എക്‌സൈസും സംഘങ്ങളായി തിരിഞ്ഞ് വിവിധിയടങ്ങളിൽ പരിശോധന നടത്തിയത്. കൊച്ചി ചിലവന്നൂരിലെ ഫ്‌ലാറ്റിൽ നടത്തിയ റെയ്ഡിലാണ് ചൂതാട്ടകേന്ദ്രം കണ്ടെത്തിയത്. ദിവസവും നിരവധിയാളുകൾ ഇവിടെ വന്നുപോയിരുന്നതായി തിരിച്ചറിഞ്ഞു. ചൂതാട്ടത്തിൽ പണത്തിന് പകരം കാർഡുകളായിരുന്നു ഉപയോഗിച്ചിരുന്നത്. വിജയിക്കുന്നവർക്ക് അക്കൗണ്ടുകൾ വഴി പണം കൈമാറുന്ന രീതിയായിരുന്നു. വലിയ മദ്യവിതരണവും നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് പരിശോധനയ്ക്ക് എത്തുമ്പോൾ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത ടിപ്‌സൺ എന്നയാളും ഇവിടെയുണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്യുകയാണ്. ചൂതാട്ടത്തിനുളള സാമ്രികൾ പൊലീസ് പിടിച്ചെടുത്തു.

ഇതിന് തൊട്ടടുത്തായി സൈജു തങ്കച്ചൻ ലഹരി പാർടി നടത്തിയ ഫ്‌ളാറ്റിലും പരിശോധന നടത്തി. പനങ്ങാട്ടെ ചില റിസോർട്ടുകൾ , മരടിലെ ചില ഫ്‌ളാറ്റുകൾ  എന്നിവടങ്ങളിലും പരിശോധന നടന്നു. സൈജു തങ്കച്ചനൊപ്പം ലഹരി പാർടിയിൽ പങ്കെടുത്ത മിക്കവരും കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയി. വരും ദിവസങ്ങളിലും സംയുക്ത പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

ലഹരിപാർട്ടികളിൽ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്. സൈജുവിൻറെ  കുറ്റസമ്മത മൊഴിയുടെയും വീഡിയോകളുടെയും അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പാർട്ടികൾ നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേകം കേസെടുത്തത്. തൃക്കാക്കര, ഇൻഫോപാർത്ത്, ഫോർട്ട് കൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത്, ഇടുക്കി ആനച്ചാൽ സ്റ്റേഷനുകളിലായാണ് 17 കേസുകളുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here