കൊച്ചി: വൈപ്പിനിൽ ദുരൂഹ സാഹചര്യത്തിൽ അമ്മയൊടൊപ്പം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ മകനും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അതുൽ (17) ആണ് മരിച്ചത്. അതുലിന്റെ അമ്മ സിന്ധു (42) ഞായറാഴ്ച മരിച്ചിരുന്നു. 70 ശതമാനം പൊള്ളലേറ്റ അതുലിന്റെ നില ഗുരുതമായതിനാൽ വെന്റിലേറ്ററിലായിരുന്നു.

സ്ത്രീയുടെയും മകന്റെയും മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ നടന്നത് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് അയൽക്കാരനായ ദിലീപ് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

യുവാവ് ശല്യം ചെയ്യുന്നുവെന്ന് വ്യക്തമാക്കി സിന്ധു പോലീസിൽ പരാതി നൽകിയിരുന്നു. പരാതി സ്വീകരിച്ച പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഇയാൾ സ്റ്റേഷൻ ജാമ്യത്തിൽ പോയിരുന്നു. സിന്ധുവിനെ യുവാവ് വഴിയിൽ വച്ച് തടഞ്ഞ് നിർത്തി ശല്യപ്പെടുത്തിയിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഇതിനെ ചൊല്ലി സിന്ധുവിന്റെ സഹോദരനും യുവാവുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെതിരെ സിന്ധു പോലീസിൽ പരാതി നൽകിയത്.

ഇതിനിടെയാണ് പൊള്ളലേറ്റ നിലയിൽ അമ്മയെയും മകനെയും വീട്ടിൽ കണ്ടെത്തിയത്. വിശദമായ അന്വേഷണം ആവശ്യമാണെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തുതായും പോലീസ് അറിയിച്ചു. പൊള്ളലേറ്റ നിലയിൽ സിന്ധുവിനെ കണ്ടെത്തുമ്പോൾ സമീപവാസികളോട് അയൽവാസിയായ ഒരു യുവാവിന്റെ പേരു പറയുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഈ വിവരം ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെ ശബ്ദസന്ദേശം പോലീസിന് കൈമാറിയെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച പുലർച്ചെ പുലർച്ചെയാണ്  സിന്ധുവിനെയും മകൻ അതുലിനെയും  വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വീട്ടിലെത്തിയ പരിശോധന നടത്തിയപ്പോഴാണ് വിവരമറിഞ്ഞത്. വാതിൽ ചവിട്ടിപ്പൊളിച്ചാണ് സമീപവാസികൾ വീടിനുള്ളിൽ പ്രവേശിച്ചത്. പോലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും വീട്ടിൽ വിശദമായ പരിശോധന നടത്തി.

നടന്നത് കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും കൊലപാതകമാണെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകളില്ലെന്ന നിലപാടിലാണ് പോലീസ്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട് സമീപവാസികൾ എത്തുമ്പോൾ വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here