തിരുവനന്തപുരം: തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മമ്പറം ദിവാകരൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഒളിയമ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

‘ഈ വിജയം കോൺഗ്രസിന് ഇരട്ടിമധുരം പകരുന്നു. സാധാരണ പ്രവർത്തകരുടെ വിജയം, കോൺഗ്രസിന്റെ വിജയം!
ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ല, ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരും അല്ല. കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ
ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം. ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്‌ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദർശിനിയുടെ പേരിലുള്ള ആശുപത്രി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ നേടിയ ഉജ്ജ്വല വിജയം.’

”ചുവർ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ. ഇവിടെ ചിലരെങ്കിലും ഉണ്ട്, പ്രവർത്തകരുടെ വിയർപ്പു തുള്ളിയിൽ കെട്ടിപ്പടുത്ത സ്ഥാപനങ്ങളിൽ ഒരിക്കൽ കയറിയിരുന്നാൽ പിന്നെ പാർട്ടിയെ മറക്കും, പ്രവർത്തകരെ മറക്കും. എല്ലാം ഞാൻ ആണെന്ന തോന്നലും, കോൺഗ്രസിനേക്കാൾ വലുത് ഞാനാണെന്ന തോന്നലും. ഞാനെന്ന മനോഭാവത്തിനും വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടി. ഒന്ന് നിങ്ങൾ അറിയണം, കണ്ണുതുറന്ന് കാണണം, കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കൂ. ഇന്നലെകളിൽ കണ്ട നൈരാശ്യം പിടിച്ച കോൺഗ്രസല്ല… ഒരു മനസ്സോടെ, ഒരേ വികാരമായി, ഒരു സാഗരം പോലെ ത്രിവർണ്ണ പതാക ചോട്ടിൽ ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ. അവർക്ക് വ്യക്തികളല്ല വലുത്, കോൺഗ്രസ് മാത്രമാണ്. കോൺഗ്രസ് മാത്രം! ഇവിടെ ആർക്കും മാറിനിൽക്കാനാവില്ല, മുന്നോട്ട്.’ കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അതേസമയം തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണം കോൺഗ്രസിന് ലഭിച്ചു. കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട മമ്പറം ദിവാകരന്റെ പാനലിൽ മത്സരിച്ച എല്ലാവരും തോറ്റു. 29 വർഷത്തിനു ശേഷമാണ് മമ്പറം ദിവാകരൻ ആശുപത്രിയുടെ തലപ്പത്തു നിന്നും പടിയിറങ്ങുന്നത്.

അയ്യായിരത്തി ഇരുന്നൂറ് വോട്ടർമാരുള്ള സംഘത്തിൽ എട്ടു വീതം പേരെയാണ് ഡയറക്ടർ ബോർഡ് സ്ഥാനത്തേക്ക് ഇരു വിഭാഗവും മത്സരിപ്പിച്ചത്. കെ സുധാകരൻ ഗുണ്ടകളെ ഇറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇടയുണ്ടെന്ന മമ്പറം ദിവാകരന്റെ ആക്ഷേപത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നടന്ന മമ്പറം ഇന്ദിരാ ഗാന്ധി സ്‌കൂളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയായിരുന്നു വോട്ടിങ് നിശ്ചയിച്ചത്. എന്നാൽ ഇത് ആറര വരെ നീണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here