കാലടി : എം.സി റോഡിൽ കാലടി ശ്രീ ശങ്കരപ്പാലം അറ്റകുറ്റപ്പണിക്ക് മുന്നോടിയായി നിലവിലുള്ള സ്ഥിതി സംബന്ധിച്ച് പഠനം നടത്തുന്നു. ദൽഹിയിലെ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരത്തെ കേരള ഹൈവെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് ഡിസംബർ 12 മുതൽ പഠനം നടത്തുന്നത്. പഠനത്തിൻറെ ഭാഗമായി ഡിസംബർ 12 മുതൽ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കും. പത്തു ദിവസത്തിനകം പഠനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു.

1963ൽ നിർമിച്ച പാലത്തിന് 13 സ്പാനുകളിലായി 411.48 മീറ്ററാണ് നീളം. പാലത്തിൻറെ നിലവിലെ സ്ഥിതി, ഭാരം വഹിക്കുന്നതിനുള്ള ശേഷി, കോൺക്രീറ്റിൻറെ ബലം, വിവിധ ഘടകങ്ങൾക്കുണ്ടായിട്ടുള്ള കേടുപാടുകൾ എന്നിവ സംബന്ധിച്ച് മൊബൈൽ ബ്രിഡ്ജ് ഇൻസ്‌പെക്ഷൻ യൂണിറ്റ് ഉപയോഗിച്ച് സമഗ്രമായ പഠനം നടത്തും.

പാലത്തിലൂടെ ഗതാഗതം നിരോധിക്കുന്ന വേളയിൽ വാഹനങ്ങൾ തിരിച്ചു വിടുന്ന റൂട്ടുകളെ സംബന്ധിച്ച് തീരുമാനിക്കുന്നതിനായി ബെന്നി ബഹന്നാൻ എം.പി, എം.എൽ.എമാരായ റോജി.എം.ജോൺ, അൻവർ സാദത്ത് എം.എൽ.എ, സമീപ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, പോലീസ് എന്നിവർ പങ്കെടുക്കുന്ന യോഗം ഡിസംബർ എട്ടിന് ചേരുമെന്നും കളക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here